Tuesday, December 20, 2016

⑭ വേദപുസ്തകത്തിൽ ഇല്ലാത്ത വൈയക്തിക രക്ഷകനും (personal savior), സ്വതന്ത്രേച്ഛയും (free will)

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ പതിനാലാമത്തെ ലേഖനമാണ്,  ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.

തേജസ്വിനി നദിയിലെ (കാരിയങ്കോട് പുഴ) ഒരു കയത്തിൽ ഒരു യുവതി വീണിട്ടുണ്ടെന്ന് അറിഞ്ഞ ഒരു ചെറുപ്പക്കാരൻ കയത്തിലേയ്ക്ക് എടുത്തുചാടുന്നു. കയത്തിൻറെ അടിയിലെ മങ്ങിയ വെളിച്ചത്തിൽ രണ്ട് കല്ലുകൾക്കിടയിൽ കാല് ഉടക്കി, മരണവെപ്രാളത്തിലായിരിക്കുന്ന ആ യുവതിയെ അവൻ കണ്ടെത്തുന്നു. അയാൾ അവളുടെ പുറകിൽ നിന്നും ചെന്ന് അവളുടെ മുടിക്കുത്തിൽ പിടിച്ച് വലിച്ച് അവളെ കരയിൽ എത്തിച്ച്, മടിയിൽ കമഴ്ത്തി കിടത്തി, മുതുകിൽ അമർത്തി വെള്ളം ചർദ്ദിപ്പിച്ചു. ബോധം തെളിഞ്ഞ യുവതി വാവിട്ട് കരയുന്നു. അവൾക്ക് ജീവിതം അവസാനിപ്പിക്കണമായിരുന്നു പോലും. ഇവിടെ രക്ഷകനായ യുവാവിന് ആ യുവതിയെ രക്ഷിക്കുവാൻ അവളുടെ അനുമതി ആവശ്യമില്ല. അവൾക്ക് ജീവിക്കുവാൻ ആഗ്രഹമുണ്ടോ, ഇല്ലയോ എന്നത് അയാളുടെ വിഷയമല്ല.

വേദപുസ്തകത്തിൽ ഇല്ലാത്ത സ്വതന്ത്രേച്ഛ (free will)


യേശു ലോകരക്ഷകനാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്ന പാസ്റ്റർമാരോടോ, അച്ചന്മാരോടോ ശരിക്കും ലോകരക്ഷകനാണോ എന്ന് ചൂഴ്ന്ന് ചോദിച്ചാൽ അവർ നിലപാട് മാറ്റും: യേശു ലോകരക്ഷകനാണ്, പക്ഷേ, നമ്മുടെ താൽപര്യത്തിന് വിരോധമായി ദൈവം ഒന്നും ചെയ്യില്ല എന്ന് വാദിക്കും. തര്‍ശീശിലേയ്ക്ക് പോകുന്ന കപ്പലിൽ കയറി യഹോവയിൽ നിന്നും രക്ഷപെടുവാൻ ശ്രമിച്ച യോനയെ നീനെവേയിൽ എത്തിച്ചതും, ക്രൈസ്തവരെ പീഡിപ്പിക്കുവാൻ ദമാസ്ക്കസിലേയ്ക്ക് പോകുകയായിരുന്ന തര്‍സൊസുകാരനായ ശൌലിനെ ക്രൈസ്തവരുടെ മഹാ അപ്പൊസ്തലനാക്കിയതും അവരുടെ അനുമതിയോടെ അല്ലല്ലോ?

വേദപുസ്തകത്തിൽ ഇല്ലാത്ത വൈയക്തിക രക്ഷകൻ (personal savior)!


നിങ്ങൾക്ക് ഇപ്പോൾ മനസ്സിൽ വരാവുന്ന ഒരു വചനം ഞാൻ ഊഹിക്കട്ടേ?
റോമ 10:9 യേശുവിനെ കര്‍ത്താവ് എന്ന് വായിനാൽ ഏറ്റുപറയുകയും ദൈവം അവിടത്തെ മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുനേല്‍പ്പിച്ചു എന്ന് ഹൃദയത്താല്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപെടും.
ഈ വചനത്തിൻറെ അടിസ്ഥാനത്തിലാണ് വൈയക്തിക രക്ഷകൻ (personal savior) എന്ന പ്രബോധനം ഉടലെടുത്തത്.

തടവറയിലായിരുന്ന പൌലോസും ശീലാസും അർദ്ധരാത്രിയിൽ പ്രാർത്ഥിച്ചതും, ഭൂകമ്പമുണ്ടായതും, തടവുകാർ ഓടിപ്പോയി എന്ന് കരുതി ആത്മഹത്യയ്ക്ക് തുനിഞ്ഞ കാരാഗൃഹപ്രമാണിയെ പൌലോസ് തടഞ്ഞതും നമുക്ക് പരിചിതമായ ആഖ്യാനമാണ്. തുടർന്നുള്ള സംഭാഷണം ശ്രദ്ധിക്കുക:
അപ്പൊ 16:30 (കാരാഗൃഹപ്രമാണി) അവരെ പുറത്ത് കൊണ്ടുവന്ന്, “യജമാനന്മാരേ, രക്ഷ പ്രാപിക്കുവാന്‍ ഞാന്‍ എന്ത് ചെയ്യണം?” എന്ന് ചോദിച്ചു.
അപ്പൊ 16:31 “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; എന്നാല്‍ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും” എന്ന് അവര്‍ പറഞ്ഞു.
കാരാഗൃഹപ്രമാണിയുടെ “ഞാൻ എന്ത് ചെയ്യണം?” എന്ന ചോദ്യത്തിനാണ് ഈ മറുപടി. അയാൾ വിശ്വസിച്ചാൽ അയാളും അയാളുടെ കുടുംബവും രക്ഷപെടും! അയാളുടെ കുടുംബത്തിൽ വിശ്വസിക്കുവാനും വായിനാൽ ഏറ്റുപറയുവാനും കഴിയാത്ത മുലകുടി മാറാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരും രക്ഷപെടില്ലേ?

റോമ 10:9ൻറെ സന്ദർഭം.


പൌലോസ് ജാതികളുടെ അപ്പൊസ്തലൻ ആയിരുന്നു എന്നതിന് അദ്ദേഹം ജാതികളുടെ എഴുത്തുകാരൻ ആയിരുന്നു എന്നാണ് പലരും മനസ്സിലാക്കിയിരിക്കുന്ന അർത്ഥം. റോമർക്കുള്ള ലേഖനത്തിലെ വളരെയധികം കാര്യങ്ങൾ യിസ്രായേല്യരെ (യെഹൂദരെ) പറ്റി ഉള്ളതാണ്. റോമർ 9 മുതൽ 12 വരെ അദ്ധ്യായങ്ങൾ യിസ്രായേലിൻറെ രക്ഷയെ പറ്റിയുള്ളതാണ്. റോമർ 10ൻറെ ആദ്യ വചനം കാണുക:
റോമ 10:1 സഹോദരന്മാരേ,  യിസ്രായേല്യർ രക്ഷിക്കപ്പെടേണം എന്ന് എൻറെ ഹൃദയവാഞ്ഛയും അവർക്കും വേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
തുടർന്നുവരുന്ന വചനങ്ങളെലെല്ലാം യിസ്രായേല്യരെ പറ്റിയുള്ളതാണ്. ആ വിഷയം മാറ്റിവെച്ച് പൌലോസ് റോമ 10:9ൽ പൊതുവായ ഒരു പ്രസ്താവന നടത്തി എന്ന് കരുതുവാൻ തക്കതായ കാരണമില്ല.

യിസ്രായേല്യർ എന്തിൽ നിന്നുമായിരുന്നു രക്ഷപെടേണ്ടത്?


മരിച്ചാൽ ഉടനെ സ്വർഗത്തിൽ പോകും എന്ന ഉത്തമബോധ്യമുള്ള ആളാണ് നിങ്ങൾ. അങ്ങനെയുള്ള നിങ്ങളുടെ വീടിന് തീ പിടിക്കുന്നു. നിങ്ങൾ അഗ്നിശമന സേനയെ വിളിക്കുവാൻ ഫോൺ കൈയ്യിൽ എടുക്കുമ്പോൾ നിങ്ങളുടെ സുഹൃത്ത്: “ഏതായാലും നമ്മൾ മരിച്ച് സ്വർഗത്തിൽ പോകേണ്ടവരല്ലേ? നമുക്ക് ഈ തീയിൽ വെന്ത് മരിക്കാം” എന്ന് പറഞ്ഞാൽ നിങ്ങൾ അയാൾ  പറഞ്ഞത് പോലെ ചെയ്യുമോ? കഴിയുമെങ്കിൽ അയളെ ഭ്രാന്താശുപത്രിയിൽ ആക്കില്ലെ?

യോഹന്നാൻ സ്നാപകൻ അദ്ദേഹത്തിൻറെ ശുശ്രൂഷയുടെ ആരംഭത്തിൽ തന്നെ യെഹൂദരോട് ചോദിക്കുന്നുണ്ട്:
“സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ്, ഓടിപ്പോകുവാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നത് ആര്?” (മത്താ 3:7)
അതിൻറെ അർത്ഥം അവർക്ക് വിപത്ത് സംഭവിക്കും എന്ന് അവർക്ക് അറിയാമായിരുന്നു എന്നല്ലേ? അവർക്ക് അറിയാമായിരുന്നു എന്നതിന് തെളിവുണ്ട്:
യോഹ 11:48 അവനെ (യേശുവിനെ) ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്ന് നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും...
ഇത് യെരൂശലേമിൽ മാത്രം സംഭവിക്കേണ്ട ഒരു സംഭവത്തെ പറ്റിയല്ല. ഏകദേശം യേശു ജനിക്കുന്നതിന് മുമ്പുള്ള പേർവഴി ചാർത്തലിൻറെ സമയം മുതൽ റോമാ സാമ്രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ യെഹൂദർ പീഡിക്കപ്പെട്ടിരുന്നു. യേശുവിൻറെ മരണശേഷം പീഡനം വർദ്ധിച്ചു. യെരൂശലേമിൻറെ നാശം തുടങ്ങിയുള്ള കാലങ്ങളിൽ ഉണ്ടായ  പീഡനം അവർണ്ണനീയമാണ്.

പീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയോട്, അവരുടെ തലയുടെ മുകളിൽ ഡെമോക്ലിസിൻറെ വാൾ പോലെ തൂങ്ങി നിൽക്കുന്ന ഭീഷണിയിൽ നിന്നും രക്ഷപെടുവാനുള്ള വഴി കാണിച്ചുകൊടുക്കുന്നതിന് പകരം, അവരിലെ പ്രായപൂർത്തിയായി ജ്ഞാനസ്നാനം സ്വീകരിച്ചവരെ സ്വർഗത്തിലേയ്ക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തിരിക്കുവാൻ വഴിയുണ്ടോ?

തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment