Tuesday, December 20, 2016

⑬ യേശുവിൻറെ മരണം ആദിപാപം (ആദാമിൻറെ പാപം) പരിഹരിച്ചു.

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ പതിമൂന്നാമത്തെ ലേഖനമാണ്,  ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


“യേശുവപ്പച്ചൻ നമ്മുടെ പാപങ്ങൾക്കായി പാടുപെട്ട്, രക്തം ചിന്തി, മരിച്ചു” എന്ന് നെഞ്ചത്തലച്ച്, ആർത്തനാദത്തോടേ പാസ്റ്റർമാർ വിളിച്ചുപറയുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെടാത്ത ആരെങ്കിലും ഉണ്ടാകുമോ? ചില പാസ്റ്റർമാർ ഇത്തരം പ്രസംഗങ്ങൾ നടത്തുമ്പോൾ അക്രൈസ്തവരും അവിശ്വാസികളും പോലും കണ്ണുതുടയ്ക്കുന്നത് കാണാം.

നെഞ്ചിലെ വിങ്ങലും കണ്ണുതുടയ്ക്കലും അവിടെ നിൽക്കട്ടെ, എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്:

ഏകദേശം കി. പി. 33ൽ യേശു കുരിശിൽ മരിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു? നിങ്ങളുടെ പാപങ്ങൾ എന്തൊക്കയായിരുന്നു?


കി. പി. 33ൽ നിങ്ങൾ നിലനിന്നിരുന്നില്ല എന്ന് എനിക്കും നിങ്ങൾക്കും അറിയാം. അപ്പോൾ നിലനിൽക്കാതിരുന്ന നിങ്ങൾ എങ്ങനെ പാപം ചെയ്തു എന്ന ചോദ്യത്തിന് ഉത്തരമായി കത്തോലിക്കാ സഭ കണ്ടുപിടിച്ച ഉത്തരമാണ് “ആദിപാപം”. ഈ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് സെൻറ് അഗസ്റ്റ്യൻ എന്ന പുരോഹിതൻ. ഈ സിദ്ധാന്തത്തിന് ഉപോത്ബലകമായി റോമ 5:12 പോലെയുള്ള വചനങ്ങളും അവതരിപ്പിച്ചു. ആദാം പാപം ചെയ്തതുകൊണ്ട് എല്ലാവരും പാപികളായി. ഒരാൾ പാപം ചെയ്താലും ഇല്ലെങ്കിലും പാപിയാണ്. പാപം ചെയ്യുവാൻ കഴിവില്ലാത്ത, ബുദ്ധിവികാസം പ്രാപിക്കാത്തവരും പാപികളാണ്.

ആദിപാപത്തിന് പ്രൊട്ടസ്റ്റൻറുകാരുടെ ഭാഷ്യമായ പരിപൂർണ്ണ അധഃപതനം (total depravity - ഇതിൻറ മലയാളം പരിഭാഷ എനിക്കറിയില്ല) എന്ന സിദ്ധാന്തം ജോൺ കാൽവിൻ രൂപപ്പെടുത്തി.

ഈ സിദ്ധാന്തം ശരിയാണെങ്കിൽ ആദാം ഒരു പഴം തിന്നു എന്ന ഒരേയൊരു കൃത്യത്തിന് യേശുവിൻറെ ബലിയേക്കാൾ ഉടനടിയുള്ളതും, ദൂരവ്യാപകവും, സ്ഥായിയായതും, വ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നു.

റോമ 5:12 അതിൻറെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വായിച്ചാൽ പല സിദ്ധാന്തങ്ങളും രൂപീകരിക്കുവാൻ കഴിഞ്ഞേക്കാം, പക്ഷേ, ആ സന്ദർഭത്തെ അവലോകനം ചെയ്യുമ്പോൾ അത്തരം സിദ്ധാന്തങ്ങൾക്ക് സാധുതയില്ലെന്ന് കാണുവാൻ കഴിയും.

ഇപ്പോൾ റോമ 5:12 അതിൻറെ സന്ദർഭത്തിൽ വായിക്കാം:
റോമ 5:12 അതുകൊണ്ട്, ഒരു മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്തതിനാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.
...
റോമ 5:15 എന്നാൽ ലംഘനത്തിൻറെ കാര്യവും കൃപാവരത്തിൻറെ കാര്യവും ഒരുപോലെ അല്ല; ഒരാളുടെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവ കൃപയും ഒരു മനുഷ്യനായ യേശു ക്രിസ്തുവിൻറെ കൃപയാലുള്ള ദാനവും അനേകർക്കും വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.
റോമ 5:16 ഒരുവൻ പാപം ചെയ്തതിൻറെ ഫലവും ദാനത്തിൻറെ കാര്യവും ഒരുപോലെ അല്ല; ഒരുവൻറെ പാപം ശിക്ഷാവിധി കൽപിക്കുവാൻ ഹേതുവായി തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്ക് ഹേതുവായിത്തിർന്നു.
റോമ 5:17 ഒരുവൻറെ ലംഘനത്താൽ മരണം ആ ഒരുവൻ നിമിത്തം വാണുവെങ്കിൽ കൃപയുടെയും നീതി ദാനത്തിൻറെയും സമൃദ്ധി ലഭിക്കുന്നവർ യേശു ക്രിസ്തു എന്ന ഒരുവൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.
റോമ 5:18 അങ്ങനെ ഒരേയൊരു ലംഘനത്താൽ സകല മനുഷ്യർക്കും ശിക്ഷാവിധി വന്നത് പോലെ ഒരേയൊരു നീതിയാൽ സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.
റോമ 5:19 ഒരു മനുഷ്യൻറെ അനുസരണക്കേടിനാൽ അനേകർ പാപികളായി തീർന്നത് പോലെ ഒരുവൻറെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
ആദാമിൻറെ ലംഘനം എത്ര പേരെ പാപികളാക്കിയോ, അത്രയും പേരെ യേശുവിൻറെ നീതി നീതിമാന്മാരാക്കി. ആദാമിൻറെ അവിധേയത്വം എല്ലാവരെയും പാപികളാക്കിയെങ്കിൽ യേശുവിൻറെ വിധേയത്വം എല്ലാവരെയും നീതിമാന്മാരാക്കി. ആദാമിൻറെ അവിധേയത്വം നിമിത്തം ഉണ്ടായ ഹാനി, യേശുവിൻറെ വിധേയത്വം നിമിത്തം പരിപൂർണമായും പരിഹരിക്കപ്പെട്ടു. ആരും നീതീകരണത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല.

വളരെ ലളിതമായി പറഞ്ഞാൽ നിങ്ങൾ ആദിപാപത്തോടെയല്ല ജനിച്ചത്. ആദാമിൻറെ പാപം നിങ്ങളിൽ ഇല്ല, കാരണം “യേശുവിൻറെ നീതിയാൽ സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു” (ഭൂതകാലം). നിങ്ങൾ സ്വയം ചെയ്ത പാപങ്ങൾക്കായല്ല യേശു മരിച്ചത് കാരണം, പാപങ്ങളെ നീക്കുക എന്ന കർത്തവ്യം യേശു നിർവഹിച്ചത് നിങ്ങൾ ജനിക്കുന്നതിന് 19-20 നൂറ്റാണ്ടുകൾക്ക് മുമ്പാണ്.

ആലങ്കാരികമായി പറഞ്ഞാൽ: ആദാം പാപം ചെയ്തപ്പോൾ നിങ്ങൾ അദ്ദേഹത്തിൻറെ ഇടുപ്പിൽ ഉണ്ടായിരുന്നു, അതുകൊണ്ട് ആദാമിൻറെ പാപം നിങ്ങളിൽ വന്നു. യേശു ആദാം ചെയ്ത ഹാനി പരിപൂർണമായും പരിഹരിച്ചപ്പോൾ നിങ്ങൾ പാപം ചെയ്ത ആരുടെയും ഇടുപ്പിൽ ഇല്ലാതെയായി. നിങ്ങൾ സ്വതന്ത്രരായി.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment