Saturday, December 17, 2016

⑪ “ന്യായപ്രമാണമില്ലാതെ പാപം ചെയ്തവർ ന്യായപ്രമാണമില്ലാതെ നശിക്കും”.

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ പതിനൊന്നാമത്തെ ലേഖനമാണ്,   ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


വേദപുസ്തകത്തിൽ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വേദഭാഗമാണ്: റോമ 2:12-16. സുവിശേഷം കേൾക്കുവാൻ അവസരം ലഭിക്കാത്തവർക്ക് എന്ത് വിധി ലഭിക്കും എന്ന ചോദ്യത്തിന് ലഭിക്കുന്ന മറുപടിയാണ് ഈ വേദഭാഗം.
റോമ 2:12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ എല്ലാം ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവരല്ലാം ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
റോമ 2:14 ന്യായപ്രമാണം ഇല്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളത് സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്ക് തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമ 2:15 അവരുടെ മനസ്സാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കുകയോ ചെയ്തും അവർ ന്യായപ്രമാണത്തിൻറെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
ഈ വേദഭാഗത്തിൻറെ അടിസ്ഥാനത്തിൽ ജാതികൾ അവരുടെ മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ വിധിക്കപ്പെടും എന്നാണ് മിക്കവാറും ക്രൈസ്തവ പണ്ഡിതന്മാരുടെയും അഭിപ്രായം.

മനസ്സാക്ഷിയാണ് ന്യായവിധിയുടെ മാനദണ്ഡമെങ്കിൽ യേശുവിൻറെ പ്രസക്തിയെന്ത്? ന്യായപ്രമാണമോ, മനസ്സാക്ഷിയോ അടിസ്ഥാനമാക്കിയാണ് ന്യായവിധിയെങ്കിൽ യേശു മനുഷ്യനായി ജനിക്കേണ്ടതിൻറെയും കഷ്ടതകൾ സഹിച്ച് മരിക്കേണ്ടതിൻറെയും ആവശ്യം ഇല്ലായിരുന്നല്ലോ?

ക്രിസ്തുവിൽ പ്രിയരേ, ലോകത്തിൻറെ ഏതെങ്കിലും കോണിലുള്ള ഏതെങ്കിലും ജാതികൾ ന്യായപ്രമാണത്തിലുള്ള ഏതെങ്കിലും വ്യവസ്ഥകൾ പാലിക്കുന്നതിനെ പറ്റിയല്ല ഈ വേദഭാഗം. ന്യായപ്രമാണത്തിലെ 613 കൽപനകളിൽ ഭൂരിഭാഗവും ന്യായപ്രമാണത്തെ പറ്റി കേൾക്കാത്ത ഹിന്ദുക്കളും, ബുദ്ധമതക്കാരും പോലും പാലിക്കുന്നുണ്ട്, ഒരുപക്ഷേ, ക്രൈസ്തവരേക്കാൾ കൂടുതൽ വിശ്വസ്തതയോടെ. (ഏകദൈവ വിശ്വാസത്തിൻറെയും വിഗ്രഹാരാധനയുടെയും കാര്യത്തിൽ ഒഴികെ.)

ഈ വേദഭാഗത്തിൻറെ സന്ദർഭം.


റോമർ 2ൻറെ ആരംഭം മുതൽ ന്യായവിധിയെ പറ്റിയാണ് ചർച്ചചെയ്യപ്പെടുന്നത്. ഓരോരുത്തർക്കും അവനവൻറെ ക്രിയകൾക്ക് തക്ക പ്രതിഫലം ലഭിക്കുന്നതിനെ പറ്റി പരാമർശിച്ച ശേഷം പൌലോസ് ഇങ്ങനെ പറയുന്നു:
റോമ 2:9 തിന്മ പ്രവര്‍ത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും കഷ്ടവും (ഉപദ്രവവും) സങ്കടവും ആദ്യം യെഹൂദനും പിന്നെ യവനനും (ഗ്രീക്കുകാർക്കും) വരും.
റോമ 2:10 നന്മ പ്രവര്‍ത്തിക്കുന്ന എല്ലാവർക്കും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും.
റോമ 2:11 ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷം (പക്ഷപാതം) ഇല്ലല്ലോ.
ഇത്രയും പറഞ്ഞതിന് ശേഷമാണ് മുകളിൽ കൊടുത്തിരിക്കുന്ന വേദഭാഗം (റോമ 2:12-15) പറയപ്പെട്ടിരിക്കുന്നത്.

റോമ 2:12 തുടങ്ങേണ്ടത് “എന്തെന്നാൽ” എന്ന സമുച്ചയപദത്തോടെയാണ് (conjunction). ഇംഗ്ലീഷിൽ മിക്കവാറും എല്ലാ പരിഭാഷകളും for (because, എന്തെന്നാൽ, കാരണം) എന്ന പദത്തോടെയാണ് ആരംഭിക്കുന്നത് എന്നത് ശ്രദ്ധിക്കുക. (കാരണം, ഗ്രീക്ക് കൈയ്യെഴുത്തുപ്രതിയിൽ “എന്തെന്നാൽ” എന്നതിന് തത്തുല്യമായ പദമുണ്ട്.)
Rom 2:12 For as many as have sinned without law ... (KJV)
Rom 2:12 For all who have sinned without the law ... (ESV)
അതായത്, റോമ 2:9-11ൻറെ വിശദീകരണമാണ് റോമ 2:12-15ൽ ഉള്ളത്. അതുകൊണ്ട് ഇവിടെ പരാമർശിക്കപ്പെടുന്ന യവനർ തന്നെയാണ് റോമ 2:12-15ൽ പരാമർശിക്കപ്പെടുന്ന ജാതികൾ.

റോമ 2:12-15, ഒരു യുക്തിയുക്തമായ പഠനം.

റോമ 2:12 ന്യായപ്രമാണം ഇല്ലാതെ[G460] പാപം ചെയ്തവർ എല്ലാം ന്യായപ്രമാണം കൂടാതെ[G460] നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവരല്ലാം ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
Rom 2:12 For as many as have sinned without law[G460] shall also perish without law[G460]: and as many as have sinned in the law shall be judged by the law;
റോമ 2:14 ന്യായപ്രമാണം ഇല്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളത് സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്ക് തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
Rom 2:14 For when the Gentiles, which have not the law, do by nature the things contained in the law, these, having not the law, are a law unto themselves:
റോമ 2:15 അവരുടെ മനസ്സാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കുകയോ ചെയ്തും അവർ ന്യായപ്രമാണത്തിൻറെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
റോമ 2:12ൽ “ന്യായപ്രമാണം ഇല്ലാതെ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദമായ അനോമോസി (ανομως സ്ട്രോങ്സ് നിഘണ്ടുവിൽ G460) പുതിയനിയമത്തിൽ വേറെ എവിടെയും ഉപയോഗിച്ചിട്ടില്ല. പഴയനിയമത്തിൻറെ ഗ്രീക്ക് പതിപ്പായ സെപ്റ്റ്വജിൻറിലും (Septuagint) ഉപയോഗിച്ചിട്ടില്ല. (ഏതെങ്കിലും സാഹിത്യകൃതികളിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയില്ല.) അതുകൊണ്ടുതന്നെ, ഒറ്റപ്പെട്ട ഒരു വചനത്തിൻറെ അടിസ്ഥാനത്തിൽ അർത്ഥം കണ്ടുപിടിക്കുവാൻ കഴിയില്ല. (ഈ പദത്തിൻറെ അർത്ഥത്തെ പറ്റി ചുവടെ എഴുതിയിട്ടുണ്ട്.)

ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ എല്ലാം ന്യായപ്രമാണം കൂടാതെ നശിച്ചുപോകുന്നതിൻറെ കാരണം റോമ 2:14ൽ നൽകപ്പെട്ടിട്ടുണ്ട്: “ന്യായപ്രമാണം ഇല്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളത് സ്വഭാവത്താൽ (by nature) ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്ക് തന്നേ ഒരു ന്യായപ്രമാണം ആകുന്നു”.

ആലോചിച്ചുനോക്കൂ: ലോകത്തിലുള്ള ഒട്ടുമുക്കാലും മനുഷ്യർക്ക് പെറ്റതള്ളയെ പ്രാപിക്കരുതെന്ന് അറിയാം. അത്തരം ഒരു കൽപന ന്യായപ്രമാണത്തിലുണ്ടെന്ന ഒരേ കാരണത്താൽ അവർ സ്വയം ന്യായപ്രമാണമായി മാറുമോ? അവർ അത്തരം തെറ്റ് ചെയ്യാതിരിക്കുന്നതിനാൽ ന്യായപ്രമാണത്തിലെ  മറ്റേതെങ്കിലും കൽപന പാലിക്കാത്തതിൻറെ പേരിൽ അവർ ശിക്ഷിക്കപ്പെടും എന്നാണോ ഈ വേദഭാഗത്തിൻറെ അർത്ഥം?

ക്രിസ്തുവിൽ പ്രിയ സഹോദരാ, സഹോദരീ, ദൈവം നീചനല്ല. അറിവില്ലാത്തവൻ ഒരു നല്ല കാര്യം ചെയ്താൽ, അവൻ അറിവില്ലാതെ ചെയ്ത വേറെ എന്തെങ്കിലും തെറ്റിൻറെ പേരിൽ അവരെ ശിക്ഷിക്കുന്നവനല്ല ദൈവം. ഈ വേദഭാഗം ഏതെങ്കിലും ചില കൽപനകൾ സ്വഭാവത്താൽ (പ്രകൃത്യാ) ചെയ്യുന്നതിനെ പറ്റിയല്ല. യിസ്രായേല്യരല്ലാത്തവർ സ്വയം ന്യായപ്രമാണം അനുസരിക്കുന്നതിനെ പറ്റിയാണ്. അങ്ങനെ അനുസരിക്കുന്നവർ എല്ലാത്തരത്തിലും യിസ്രായേല്യർക്ക് തുല്യരാണ്:
പുറ 12:48 ഒരു അന്യജാതിക്കാരന്‍ നിന്നോട് കൂടെ പാര്‍ത്ത് യഹോവയ്ക്ക് പെസഹ ആചരിക്കേണമെങ്കില്‍, അവന് ഉള്ള ആണുങ്ങള്‍ എല്ലാം പരിച്ഛേദന ഏല്‍ക്കേണം. അതിന്‍റെ ശേഷം അത് ആചരിക്കുവാന്‍ അവന് അടുത്ത് വരാം; അവന്‍ സ്വദേശിയെ (യിസ്രായേല്യനെ) പോലെ ആകും. പരിച്ഛേദന ഇല്ലാത്ത ഒരുവനും അത് തിന്നരുത്.
പുറ 12:49 സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നേ ആയിരിക്കേണം; യിസ്രായേല്‍ മക്കള്‍ എല്ലാം അങ്ങനെ ചെയ്തു.
ഇതിന് സമാനമായ വേദഭാഗങ്ങൾ വേറെയും ഉണ്ടാവാം. യിസ്രായേല്യരുടെ കൂടെ വസിക്കുന്ന പരദേശികളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതിനെ പറ്റി ലേവ്യ 22:12ൽ പരാമർശമുണ്ട്. അങ്ങനെ വിവാഹം ചെയ്തവർക്ക് അവർ വസിക്കുന്ന ഗോത്രത്തിൽ സ്വത്ത് നൽകുന്നതിനെ പറ്റി യെഹ 47:22ൽ പരാമർശമുണ്ട്.

റോമ 2:12ൽ “ന്യായപ്രമാണം ഇല്ലാതെ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദമായ അനോമോസി (G460), ന്യായപ്രമാണമില്ലാത്തവർ എന്ന് 1കൊരി 4:19ൽ പരിഭാഷപ്പെടുത്തിയിട്ടുള്ള അനോമോസ് (ἄνομος, സ്ട്രോങ്സ് നിഘണ്ടുവിൽ G459) എന്ന പദത്തിൻറെ നാമവിശേഷണമാണ്.
1കൊരി 4:9 ദൈവത്തിന് ന്യായപ്രമാണം ഇല്ലാത്തവന്‍[G459] ആകാതെ ക്രിസ്തുവിന് ന്യായപ്രമാണം ഉള്ളവനായിരിക്കുമ്പോള്‍, ന്യായപ്രമാണം ഇല്ലാത്തവരെ[G459] നേടേണ്ടതിന് ഞാന്‍ ന്യായപ്രമാണം ഇല്ലാത്തവര്‍ക്കും[G459] ന്യായപ്രമാണം ഇല്ലാത്തവനെ[G459] പോലെ ആയി.
1Co 9:21 To them that are without law,[G459] as without law,[G459] (being not without law[G459] to God, but under the law to Christ,) that I might gain them that are without law.[G459]
റോമ 2:12, 14; പുറ 12:48, 49 എന്നീ വചനങ്ങൾ കൂട്ടിവായിക്കുമ്പോൾ ലഭിക്കുന്ന അർത്ഥമിതാണ്: സ്വയം ന്യായപ്രമാണം അനുസരിക്കുന്നവൻ പാപം ചെയ്താൽ നശിക്കും, ന്യായപ്രമാണമുള്ള യെഹൂദൻ പാപം ചെയ്താൽ വിധിക്കപ്പെടും. രണ്ട് പേർക്കും ഒരേ നിയമമാണ് (ന്യായപ്രമാണമാണ്). ദൈവത്തിന് പക്ഷപാതം ഇല്ല എന്ന് ഇതേ സന്ദർഭത്തിൽ പറഞ്ഞിട്ടുള്ളതുകൊണ്ട് (റോമ 2:11) നശിക്കും, വിധിക്കപ്പെടും എന്നിവയ്ക്ക് തമ്മിൽ വ്യത്യാസം ഉണ്ടാകുവാൻ തരമില്ല.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

5 comments:

  1. ഒരുവൻ യേശുവിൽ വിശ്വസിച്ചാൽ അവൻ ആത്മീക ഇസ്രയേൽ ആയി മാറും എന്നും അതിനാൽ അവൻ ന്യായപ്രമാണത്തിന് കീഴിൽ വരുമെന്നും പഠിപ്പിക്കുന്നത് ശരിയാണോ? ഞാൻ ഗലാത്യ ലേഖനം പഠിച്ചപ്പോൾ മൂന്നാം അദ്ധ്യായത്തിൽനിന്ന് എനിക്ക് മനസിലായ കാര്യങ്ങൾ തുടർന്ന് പറയുന്നു.
    1. അബ്രഹാമിന്റെ വാഗ്നത്ത സന്തതിയായ യേശുവിൽ ആരെങ്കിലും വിശ്വസിച്ചാൽ അവൻ ദൈവം അബ്രഹാമിന് കൊടുത്ത അനുഗ്രഹങ്ങൾക്ക് പത്രമാകും, അല്ലാതെ ന്യായപ്രമാണത്തിന് അടിമ ആകുന്നില്ല.
    2. ആരെങ്കിലും ന്യായപ്രമാണം ആചരിക്കുന്നുവെങ്കിൽ അത് പൂർണ്ണമായി ആചരിക്കണം അല്ലാത്തപക്ഷം അവൻ ശപിക്കപ്പെട്ടിരിക്കും.
    3. യേശുവിൽ വിശ്വസിക്കുന്നത് വരെ, ദൈവത്തെ വിട്ട് നശിച്ചു പോകാതിരിക്കേണ്ടതിന് ഒരു ശിശുപാലകനായി ഇസ്രായേലിനു മാത്രം നൽകപ്പെട്ട നിയമങ്ങൾ ആണ് ന്യായപ്രമാണം.
    4. ദൈവത്തിന്റെ മക്കൾ ആയിത്തീരുവാനും, അനുഗ്രഹങ്ങൾക്ക് അവകാശികൾ ആകുവാനും യേശുവിൽ ഉള്ള വിശ്വാസം മാത്രം ആണ് ഏക മാർഗ്ഗം.

    വചനത്തിൽ പലയിടങ്ങളിൽ നിന്നായി എനിക്ക് മനസിലായത് രക്ഷക്കായി ചെയ്യേണ്ടത് താഴെപ്പറയുന്ന കാര്യങ്ങൾ മാത്രം ആണ് എന്നാണ്:
    1. ഏക ദൈവമായ യഹോവയെ മാത്രം ആരാധിക്കുക.
    2. വിഗ്രഹങ്ങളെയോ രൂപങ്ങളെയോ ആരാധിക്കാതിരിക്കുക.
    3. രക്തവും രക്തത്തോടുകൂടിയ മാംസവും ഭക്ഷിക്കാതിരിക്കുക.
    4. ലോകത്തിലെ നിരീശ്വരവാദികൾ ഉൾപ്പടെ ബഹുപൂരിപക്ഷം ജനങ്ങളാലും അംഗീകരിക്കപ്പെട്ടതും നിയമസംഹിതകളിൽ എഴുതപ്പെട്ടതുമായ ധാർമിക നിയമങ്ങൾ അനുസരിക്കുക.

    ഞാൻ മനസിലാക്കിയ ഈ കാര്യങ്ങൾ പൂർണ്ണമായി ശരിയാണോ? തെറ്റുകൾ തിരുത്താൻ ദയവായി സഹായിക്കുമോ.

    താങ്കളുടെ പോസ്റ്റുകൾക്ക് അവസാനം ഒരു summery കൊടുത്താൽ നന്നായിരിക്കും. താങ്കൾ എന്താണ് ആ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത് എന്ന് ഒറ്റനോട്ടത്തിൽ മനസിലാകുമല്ലോ.

    ReplyDelete
    Replies
    1. // താങ്കളുടെ പോസ്റ്റുകൾക്ക് അവസാനം ഒരു summery കൊടുത്താൽ നന്നായിരിക്കും. താങ്കൾ എന്താണ് ആ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത് എന്ന് ഒറ്റനോട്ടത്തിൽ മനസിലാകുമല്ലോ.//
      ഇതാണ് Unknown എന്ന പേരുള്ള താങ്കളുടെ പ്രശ്നം.

      // ഒരുവൻ യേശുവിൽ വിശ്വസിച്ചാൽ അവൻ ആത്മീക ഇസ്രയേൽ ആയി മാറും എന്നും അതിനാൽ അവൻ ന്യായപ്രമാണത്തിന് കീഴിൽ വരുമെന്നും പഠിപ്പിക്കുന്നത് ശരിയാണോ? //
      ഒരു പരമ്പരയിലെ പതിനൊന്നാമത്തെ ലേഖനം പൂർണ്ണമായി വായിക്കാതെ നിഗമനങ്ങളിലേയ്ക്ക് എടുത്തുചാടി! കഷ്ടം!

      ലേഖനത്തിൽ നിന്നും:

      // ഈ വേദഭാഗം ഏതെങ്കിലും ചില കൽപനകൾ സ്വഭാവത്താൽ (പ്രകൃത്യാ) ചെയ്യുന്നതിനെ പറ്റിയല്ല. യിസ്രായേല്യരല്ലാത്തവർ സ്വയം ന്യായപ്രമാണം അനുസരിക്കുന്നതിനെ പറ്റിയാണ്. അങ്ങനെ അനുസരിക്കുന്നവർ എല്ലാത്തരത്തിലും യിസ്രായേല്യർക്ക് തുല്യരാണ്:

      പുറ 12:48 ഒരു അന്യജാതിക്കാരന്‍ നിന്നോട് കൂടെ പാര്‍ത്ത് യഹോവയ്ക്ക് പെസഹ ആചരിക്കേണമെങ്കില്‍, അവന് ഉള്ള ആണുങ്ങള്‍ എല്ലാം പരിച്ഛേദന ഏല്‍ക്കേണം. അതിന്‍റെ ശേഷം അത് ആചരിക്കുവാന്‍ അവന് അടുത്ത് വരാം; അവന്‍ സ്വദേശിയെ (യിസ്രായേല്യനെ) പോലെ ആകും. പരിച്ഛേദന ഇല്ലാത്ത ഒരുവനും അത് തിന്നരുത്.
      പുറ 12:49 സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നേ ആയിരിക്കേണം; യിസ്രായേല്‍ മക്കള്‍ എല്ലാം അങ്ങനെ ചെയ്തു.

      ഇതിന് സമാനമായ വേദഭാഗങ്ങൾ വേറെയും ഉണ്ടാവാം. യിസ്രായേല്യരുടെ കൂടെ വസിക്കുന്ന പരദേശികളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതിനെ പറ്റി ലേവ്യ 22:12ൽ പരാമർശമുണ്ട്. അങ്ങനെ വിവാഹം ചെയ്തവർക്ക് അവർ വസിക്കുന്ന ഗോത്രത്തിൽ സ്വത്ത് നൽകുന്നതിനെ പറ്റി യെഹ 47:22ൽ പരാമർശമുണ്ട്.//

      Delete
    2. Dear Unknown.

      My Bible tells me that God has not given us the spirit of fear, but of sound mind. Next time around, before you venture to comment.

      ① have the courage to publish your name.

      ② Read the article(s) fully.

      Delete
    3. എന്റെ പേര് ജെയ്സൺ കെ വർക്കി (jaisonDOTkDOTvarkeyATgmailDOTcom) എന്നാണ്. ഞാൻ താങ്കളുടെ WhatsApp ൽ contact ചെയ്തിട്ടുണ്ട്. ഇവിടെ എന്താണ് unknown എന്ന് വരുന്നത് എന്ന് എനിക്കറിയില്ല.Comment As എന്ന ബോക്സിൽ ഞാൻ Google Account ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. പേടിച്ച് എനിക്ക് അത്ര ശീലമില്ല.

      ഞാൻ മനസിലാക്കിയ ചില കാര്യങ്ങളിൽ താങ്കളുടെ ഉപദേശം ആരായുന്നതിനാണ് ഞാൻ comment ചെയ്തത്. അല്ലാതെ താങ്കൾക്ക് കളിയാക്കാനും, ധ്രാഷ്ട്യം പ്രകടിപ്പിക്കാനുമല്ല. താങ്കളുടെ ഉപദേശങ്ങൾക്ക് നന്ദി.

      Delete
    4. "Profile Not Available

      The Blogger Profile you requested cannot be displayed. Many Blogger users have not yet elected to publicly share their Profile."

      So, you need to change your profile settings.

      Delete