Wednesday, November 30, 2016

⑥ ന്യായവിധി എപ്പോഴായിരുന്നു നടക്കേണ്ടിയിരുന്നത്?

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയുടെ ആറാം ഭാഗമാണ്. ഇത് വായിക്കുന്നതിന് മുമ്പ് , , , , ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.

വളരെയധികം സമയമെടുത്ത്, കഴിയുന്നത്ര സംക്ഷിപ്തമായി എഴുതുവാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല, ക്ഷമിക്കുക.


നിങ്ങളുടെ തലയ്ക്ക് മുകളിൽ ഡെമോക്ലിസിൻറെ വാൾ പോലെ ന്യായവിധി തൂങ്ങിനിൽക്കുന്നില്ല എന്ന് സധൈര്യം തുറന്നുപറഞ്ഞുകൊണ്ട് ഈ ലേഖനം ആരംഭിക്കട്ടെ.

ന്യായവിധിയും ഉയിർപ്പും ആർക്കാണ്?” എന്ന ലേഖനത്തിൽ ദാനീ 12:7ൻറെ അടിസ്ഥാനത്തിൽ വിശുദ്ധ ജനത്തിൻറെ (യിസ്രായേലിൻറെ) ബലം തകർത്തുകളയപ്പെട്ട കാലത്താണ് ന്യായവിധി നടക്കേണ്ടിയിരുന്നത് എന്ന് നാം കണ്ടു.

സഭയിൽ ന്യായവിധി ആരംഭിക്കുവാന്‍ ഒന്നാം നൂറ്റാണ്ടിൽ സമയമായിരുന്നു.


ന്യായവിധിയെ പറ്റിയുള്ള ചർച്ചകളിൽ ഏറ്റവുമധികം ഉയർന്നുവരുന്ന ഒരു വചനമാണ് 1പത്രോ 4:17.
1പത്രോ 4:17 ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിക്കുവാന്‍ സമയമായി. അത് നമ്മില്‍ തുടങ്ങിയാല്‍ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
1Pe 4:17 For the time is come that judgment must begin at the house[G3624] of God:[G2316] and if it first begin at us, what shall the end be of them that obey not the gospel of God?
ഇവിടെ “ദൈവഗൃഹം” എന്ന് ഉദ്ദേശിച്ചിരിക്കുന്നത് സഭയെയാണ് (1തിമോ 3:15; എബ്രാ 10:21)

പത്രോസ് തൻറെ ഒന്നാം നൂറ്റാണ്ടിലെ വായനക്കാർക്ക് “ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിക്കുവാന്‍ സമയമായി (the time is come)” എന്ന് എഴുതിയതിൻറെ അർത്ഥം അപ്പോൾ സമയമായിരുന്നു എന്നാണോ അതോ നിങ്ങൾ ആ ലേഖനം വായിക്കുമ്പോൾ സമയമാകും എന്നാണോ? നിങ്ങൾ വായിക്കുമ്പോഴാണ് സമയമാകുന്നതെങ്കിൽ 60 വർഷം മുമ്പ് നിങ്ങളുടെ വല്യപ്പനും 90 വർഷം മുമ്പ് നിങ്ങളുടെ വല്യപ്പൻറെ അപ്പനും ഇതേ വേദഭാഗം വായിച്ചപ്പോഴും സമയമായിരുന്നില്ലേ? ക്രിസ്തുവിൽ പ്രിയരെ, ഈ കത്തിൻറെ ഒന്നാം നൂറ്റാണ്ടിലെ മേൽവിലാസക്കാർക്ക് ഇല്ലാത്ത പ്രസക്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വായനക്കാരന് ഇല്ല.

പത്രോസ് തൻറെ ലേഖനം ആരംഭിക്കുന്നത് “പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാര്‍ക്കുന്നവർക്ക്” എന്ന വാക്കുകളോടെയാണ് (1പത്രോ 1:1). ചിതറിപ്പാര്‍ക്കുന്നവർ (ഡയസ്പോറ, G1290, διασπορά, diaspora) എന്ന വാക്കിൻറെ അർത്ഥം ജാതികളുടെ ഇടയിൽ ചിതറിപ്പാർക്കുന്ന യെഹൂദർ എന്നാണ്. (യോഹ 7:35; യാക്കോ 1:1) ഈ കത്ത് ബാംഗ്ലൂരിലുള്ള ടോംസാൻ കട്ടക്കലിനോ, കാഞ്ഞിരപ്പള്ളിയിലുള്ള ജോയിച്ചേട്ടനോ എഴുതപ്പെട്ടതല്ല.

പല പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ന്യായവിധി ഒന്നാം നൂറ്റാണ്ടിൽ സഭയിൽ തുടങ്ങി, ഇപ്പോഴും തുടരുകയാണ്. വേദപുസ്തകത്തിൽ ന്യായവിധി ദിവസം (മത്താ 10:15; 11:22, :24; 12:36; മർക്കോ 6:11; 2പത്രോ 2:9; 3:7; 1യോഹ 4:17) എന്നല്ലാതെ ന്യായവിധിയുടെ സുദീർഘമായ ഒരു കാലഘട്ടം എന്ന് എഴുതപ്പെട്ടിട്ടില്ല. കർത്താവിന് ഒരു ദിവസം ആയിരം വർഷങ്ങൾ ആണെന്ന് കരുതിയാൽ പോലും 2000ത്തിൽ പരം വർഷങ്ങൾ നീണ്ടുനിൽക്കുന്ന ന്യായവിധി അൽപം കടന്ന കൈയ്യല്ലേ?

ന്യായവിധി ദിവസം ആഗോളവ്യാപകമായ വിപത്തുകൾ ഉണ്ടാക്കുന്ന മഹാ സംഭവമാണെങ്കിൽ ഒന്നാം നൂറ്റാണ്ട് മുതൽ നിരന്തരമായി ന്യായവിധി നടക്കുകയായിരുന്നു എന്ന് വാദിക്കുന്ന വേദപണ്ഡിതന്മാർ യഥാർത്ഥത്തിൽ അങ്ങനെ വിശ്വസിക്കുന്നുണ്ടോ?

ഈ വചനത്തിൽ “ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവർ” എന്ന പദസമുച്ചയം കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ അയലത്തെ മീൻകാരി നാണിയമ്മയെയോ, ഗൾഫ് പണക്കാരൻ സൈനുദ്ദീനെയോ അല്ല. സുവിശേഷം കേട്ടിട്ടും അത് അനുസരിക്കാതെ പോയ ഒന്നാം നൂറ്റാണ്ടിലെ യെഹൂദരെ പറ്റിയാണ്. പത്രോസ് ശുശ്രൂഷിച്ചിരുന്നത് യെഹൂദരുടെ ഇടയിലാണല്ലോ?

ഈ അദ്ധ്യായത്തിൻറെ ആരംഭത്തിൽ ദുശ്ശീലങ്ങളുമായി ജീവിക്കുന്നവരെ പറ്റി പത്രോസ് പറയുന്നത് ശ്രദ്ധിക്കുക:
1പത്രോ 4:5 ജീവിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കുവാന്‍ ഒരുങ്ങിയിരിക്കുന്നവന് അവര്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും.
അതായത്, അവരുടെ കാലത്തുനിന്നും വിദൂരമായ ഒരു കാലത്തല്ല ന്യായവിധി നടക്കേണ്ടത് എന്ന് അർത്ഥം.

“ഇപ്പോള്‍” ലോകത്തിന്‍റെ ന്യായവിധി - കി.പി.30-33ൽ യേശു.

യോഹ 12:31 ഇപ്പോള്‍ ഈ ലോകത്തിന്‍റെ ന്യായവിധിയാകുന്നു; ഇപ്പോള്‍ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്ത് തള്ളിക്കളയും.
ചില തമിഴ് സഹോദരന്മാർ “ഇന്ത ഉലകത്തിൻ അതിപതി” (ഈ ലോകത്തിന്‍റെ പ്രഭു) എന്ന ഭാഗത്തിന് പ്രത്യേകം സൌണ്ട് എഫക്ട് കൊടുത്ത് വായിക്കുന്നത് കേൾക്കാം. ഇവിടെ പരാമർശിക്കപ്പെടുന്നത് സാത്താനെ പറ്റിയാണ് എന്ന ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്. “ഈ ലോകത്തിന്‍റെ പ്രഭു” എന്ന പദസമുച്ചയത്തിൻറെ അർത്ഥം യെഹൂദ മതമേധാവിത്വമാണെന്ന് ഇതിന് മുമ്പ് എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.

യേശു ഈ വാക്കുകൾ പറഞ്ഞത് കോട്ടയത്തെ മാത്തുക്കുട്ടിയോടോ, അച്ചാമ്മയോടോ അല്ല. അവിടത്തെ ചുറ്റിലും ഉണ്ടായിരുന്ന ശിഷ്യന്മാരോടും, യെഹൂദരോടും, യെഹൂദ മതാവലംബികളായ ഗ്രീക്കുകാരോടും “ഇപ്പോൾ” എന്ന് പറഞ്ഞതിന് “എപ്പോഴെങ്കിലും” എന്ന അർത്ഥമുണ്ടെങ്കിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് (νῦν, നുൻ, G3568) ഉപയോഗിച്ചിരിക്കുന്ന 138 വചനങ്ങളും “എപ്പോഴെങ്കിലും” എന്നാക്കി തിരുത്തി വായിച്ചാൽ എങ്ങനെയിരിക്കും?

ഈ ലോകത്തിന്‍റെ പ്രഭുവും, ന്യായവിധിയും തമ്മിൽ ബന്ധമുണ്ടെന്ന് ഈ വചനം വ്യക്തമാക്കുന്നില്ലേ?

പരിശുദ്ധാത്മാവ് വരുമ്പോൾ ന്യായവിധിയെ പറ്റി ലോകത്തിന് ബോധം വരുത്തും!

യോഹ 16:7 ഞാന്‍ നിങ്ങളോട് സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം; ഞാന്‍ പോകാതിരുന്നാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുത്ത് വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുത്ത് അയയ്ക്കും.
യോഹ 16:8 അവന്‍ വന്ന് പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും.
യോഹ 16:11 നീതിയെ കുറിച്ചും ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെ കുറിച്ചും .
“വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍” ഭാവികാലമാണോ, സഹോദരാ, സഹോദരീ? 30ൽ പരം വർഷങ്ങൾ കേരളത്തിന് വെളിയിൽ താമസിച്ചിട്ടും എനിക്ക് ഇത് ഭാവികാലമാണെന്ന് തോന്നാത്തതെന്താണാവോ?

പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ (യോഹ 14:26) വരുമ്പോൾ കുറഞ്ഞപക്ഷം ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടു എന്ന് ലോകത്തിന് ബോധം വരുത്തണം. പരിശുദ്ധാത്മാവ് വന്നത് കി.പി.33ലെ പെന്തക്കൊസ്ത ദിവസം. അതുകഴിഞ്ഞ് ഇപ്പോൾ ഏകദേശം 2000 വർഷങ്ങളായി. പരിശുദ്ധാത്മാവിൻറെ അഭിഷേകം പ്രാപിച്ചവർ എന്ന് അവകാശപ്പെടുന്നവർ എന്തുകൊണ്ട് ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടതിനെ പറ്റി ബോധവാന്മാരാകുന്നില്ല?

ന്യായവിധിക്ക് യേശു നൽകിയ നിർവചനം.


ന്യായവിധിയെ പറ്റിയുള്ള പൊതുവായ ധാരണ അത് പ്രപഞ്ചം മുഴുവൻ തകർക്കുന്ന, ഭൂമി നാശമാകുന്ന മഹാ സംഭവമാണ് എന്നാണല്ലോ? പക്ഷേ, യേശു അത്രയൊക്കെ ഉദ്ധേശിച്ചിരുന്നോ?

ഒരിക്കൽ ഒരു അന്ധന് കാഴ്ച നൽകിയതിന് ശേഷം ഉണ്ടായ തർക്കത്തിനിടയിൽ യേശു യെഹൂദ മതമേധാവികളോട് പറഞ്ഞ വാക്കുകളിൽ നിന്നും:
യോഹ 9:39 “കാണാത്തവര്‍ കാണുവാനും കാണുന്നവര്‍ കുരുടരാകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാന്‍ ഇഹലോകത്തില്‍ വന്നു” എന്ന് യേശു പറഞ്ഞു.
Joh 9:39 Jesus said, "For judgment I came into this world, that those who do not see may see, and those who see may become blind."
കാണാത്തവര്‍ കാണുകയും കാണുന്നവര്‍ കുരുടരാകുന്നതുമാണ് യേശുവിൻറെ ന്യായവിധി!

മത്തായി 25ൻറെയും വെളിപ്പാട് 20ൻറെയും അടിസ്ഥാനത്തിൽ നാം ധരിച്ചുവെച്ച വെള്ളസിംഹാസനത്തിൻറെ മുന്നിൽ ഉയിർത്തെഴുന്നേൽപിക്കപ്പെട്ട ആബാലവൃദ്ധം ജനങ്ങളും നിൽക്കുന്നതും, പാപികൾ നിത്യാഗ്നിയിലേയ്ക്ക് എറിയപ്പെടുന്നതുമായ നിത്യവിധിയുടെ പ്രൌഢിയും ഭീഭത്സതയും യേശു ഇവിടെ വിവരിച്ച ന്യായവിധിക്ക് ഇല്ല, അല്ലേ?

ന്യായവിധിയുടെ അവസാനം.


ന്യായവിധിയും ഉയിർപ്പും ആർക്കാണ്? എന്ന ലേഖനത്തിൽ നാം കണ്ടതുപോലെ, ന്യായവിധി യെഹൂദർക്കും (പ്രധാനമായും) അവരുടെ മതമേധാവിത്വത്തിനും ആയിരുന്നു.

നാം ദാനീ 12:1-7ൽ കണ്ടത് പോലെ ന്യായവിധിയുടെയും ഉയിർത്തെഴുന്നേൽപിൻറെയും അവസാനം വരേണ്ടത് വിശുദ്ധ ജനത്തിന്‍റെ ബലം തകര്‍ത്തുകളഞ്ഞ ശേഷമാണ്. യിസ്രായേലിനായിരുന്നു ന്യായവിധി. അവരുടെ ബലം തകർക്കപ്പെട്ട കാലത്ത് ന്യായവിധി അവസാനിച്ചു.

ദൈർഘ്യം കുറയ്ക്കുവാനുള്ള വ്യഗ്രതയിൽ സുപ്രധാനമായ ചില വേദഭാഗങ്ങൾ പരിഗണിക്കുവാൻ കഴിഞ്ഞില്ല. അവയെ പറ്റി വഴിയേ എഴുതാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Friday, November 25, 2016

⑤ ന്യായവിധിയും ഉയിർപ്പും ആർക്കാണ്?

ക്രിസ്തുവിൽ പ്രിയരേ,


ഇത് ഈ പരമ്പരയുടെ അഞ്ചാം ഭാഗമാണ്. ഇത് വായിക്കുന്നതിന് മുമ്പ് , , , ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


ദൈവത്തിൻറെ മനുഷ്യനുമായുള്ള ഇടപെടലിലെ ചില കാര്യങ്ങൾ നമ്മുടെ ഗ്രഹണശക്തിക്ക് അതീതമാണെന്ന് തോന്നിപ്പോകും. ഒരു ഉദാഹരണം ലേവി ഗോത്രമാണ്. അവർക്കാണ് സമാഗമകൂടാരത്തിലെയും ദേവാലയത്തിലെയും ശുശ്രൂഷയുടെ വിശേഷാവകാശം ലഭിച്ചത്. അവർക്കാണ് പൌരോഹിത്യം, പാപപരിഹാരത്തിനുള്ള അധികാരം, ദശാംശം, നേർച്ചകൾ എന്നിവയെല്ലാം അനുവദിക്കപ്പെട്ടത്. അവരുടെ അടിവസ്ത്രങ്ങൾ (പുറ 28:42) മുതൽ ഉടുപ്പിൻറെ ചരട് (പുറ 28:28) വരെ എങ്ങനെ തയ്യാറാക്കണം എന്ന് വിവരിക്കുവാൻ പുറപ്പാട് പുസ്തകം പകുതി  ഉപയോഗിച്ചു. അവരെ പൌരോഹിത്യത്തിൽ അവരോധിക്കുന്നതിനെ പറ്റി വിവരിക്കുവാൻ ലേവ്യപുസ്തകം ഉപയോഗിച്ചു. അവരുടെ വിശേഷ അവകാശങ്ങളെ പറ്റി സംഖ്യാപുസ്തകം, ആവർത്തനപുസ്തകം എന്നിവയിൽ വേണ്ടത്ര പരാമർശങ്ങളുണ്ട്. (പൌരോഹിത്യം ഇത്രയധികം ആകർഷണീയമായതിനാൽ അച്ചന്മാരും, പാസ്റ്റർമാരും തങ്ങൾ ആ പദവി അലങ്കരിക്കുന്നവരാണെന്ന് അവകാശപ്പെടുന്നു.)

പക്ഷേ, യഹോവ ഒരു വ്യവസ്ഥ വെച്ചു: ലേവ്യർക്ക് ഇതര ഗോത്രങ്ങളെ പോലെ സ്വന്തം ഭൂസ്വത്ത് ഉണ്ടായിരിക്കരുത് (ആവ 10:9). എല്ലാ ഗോത്രങ്ങളിലെയും നഗരങ്ങളിൽ അവർക്ക് കിടപ്പാടം ലഭിക്കും. അവർക്ക് ഒരുമിച്ച് ഒരിടത്ത് താമസിക്കുവാൻ കഴിയില്ല. അവർ വിധവകളെയും, അനാഥരെയും പരദേശികളെയും പോലെ മറ്റുള്ളവരുടെ ഔദാര്യത്തിൽ കഴിയണം.(ആവ 14:29)

എന്തുകൊണ്ട് ഇങ്ങനെയൊരു വ്യവസ്ഥ ഉണ്ടായി എന്ന് അറിയാമോ? യാക്കോബിൻറെ ഒരേയൊരു മകളായ ദീനയെ ഹമോരിൻറെ മകനായ ശെഖേം ബലാൽസംഗം ചെയ്തതിന് (ഉൽ 34) യുദ്ധനീതിക്ക് നിരക്കാത്തവിധം പ്രതികാരം ചെയ്തതിന് യാക്കോബ് നൽകിയ ശാപത്തിൻറെ നിറവേറൽ ആയിരുന്നു ലേവി ഗോത്രത്തിന് ലഭിച്ച പൌരോഹിത്യവും അതിൻറെ ഭാഗമായി ഭൂസ്വത്ത് ലഭിക്കില്ല എന്ന വ്യവസ്ഥയും:
ഉൽ 49:5 ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിൻറെ ആയുധങ്ങൾ.
ഉൽ 49:7 അവരുടെ ഉഗ്രകോപവും കഠിന ക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ പകയ്ക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും.
ലേവിക്ക് ഭൂസ്വത്ത് കൊടുത്തില്ല (ആവ 10:9). ശിമെയോന് യെഹൂദാ ഗോത്രത്തിൻറെ ഭൂസ്വത്തിന് ഉള്ളിൽ ഓഹരി കൊടുത്തു (യോശു 19:1). കാലക്രമത്തിൽ ആ ഗോത്രം പ്രായേണ ഇല്ലാതായി. അങ്ങനെ, രണ്ട് ഗോത്രങ്ങളും ചിതറിപ്പോയി. (മോശെയുടെ അവസാനത്തെ ആശീർവാദത്തിൽ ശിമെയോനെ ആശീർവാദിച്ചില്ല എന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ? - ആവ. 33.)

നാം മഹനീയമെന്നോ, അനുഗ്രഹമെന്നോ കരുതുന്ന കാര്യങ്ങൾ അങ്ങനെയായിരിക്കണമെന്നില്ല. യിസ്രായേലിനെ പറ്റി തെരഞ്ഞെടുക്കപ്പെട്ട ജനം, യഹോവയുടെ കണ്ണിലെ കൃഷ്ണമണി അങ്ങനെ വിശേഷണങ്ങൾ അനവധിയുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ അവർ വിശിഷ്ട ജനങ്ങളാണോ?

ജാതികളും യിസ്രായേല്യരുമായുള്ള വ്യത്യാസം.

ജാതികളുടെ അവസ്ഥ എന്തായിരുന്നു?

എഫേ 2:12 ആകയാൽ നിങ്ങൾ മുമ്പ് പ്രകൃതിയാൽ ജാതികൾ ആയിരുന്നു; ജഡത്തിൽ കൈയാലുള്ള പരിച്ഛേദന ഏറ്റ് പരിച്ഛേദനക്കാർ എന്ന് പേരുള്ളവരാൽ അഗ്രചർമ്മക്കാർ എന്ന് വിളിക്കപ്പെട്ടിരുന്നു;
എഫേ 2:13 ആ കാലത്ത് നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൌരന്മാരോട് സംബന്ധമില്ലാത്തവരും വാഗ്ദാനത്തിൻറെ നിയമങ്ങൾക്ക് അന്യരും പ്രത്യാശ ഇല്ലാത്തവരും ലോകത്തിൽ ദൈവം ഇല്ലാത്തവരും ആയിരുന്നു എന്ന് ഓർത്തുകൊള്ളുവിൻ.
ജാതികളിൽ നിന്നും ബെയോരിൻറെ മകൻ ബിലെയാം ഒഴികെ ആരും യഹോവയുടെ പ്രവാചകരായിരുന്നില്ല (സംഖ്യ 22 മുതൽ 24 വരെ). യോനയും, നഹൂമും, ഓബദ്യാവും ഒഴികെ വേറെ ഒരു പ്രവാചകനും ജാതികളുടെ അടുത്തേയ്ക്ക് അയയ്ക്കപ്പെട്ടിട്ടുമില്ല. യഹോവ അവർക്ക് വേണ്ടി യുദ്ധം ചെയ്യുകയോ, ആകാശത്ത് നിന്നും ആഹാരം വീഴ്ത്തുകയോ ചെയ്തിട്ടില്ല.

യെഹൂദരുടെ അവസ്ഥ.

റോമ 3:1 ... യെഹൂദന് എന്താണ് സവിശേഷത? അല്ലെങ്കിൽ പരിച്ഛേദനയാൽ എന്താണ് പ്രയോജനം?
റോമ 3:2 സകല വിധത്തിലും വളരെയുണ്ട്; ഒന്നാമതായി, ദൈവത്തിൻറെ അരുളപ്പാടുകൾ അവരുടെ പക്കലാണ് സമർപ്പിച്ചിരിക്കുന്നത്.
റോമ 9:4 അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദാനങ്ങളും അവർക്കുള്ളവ;
റോമ 9:5 പിതാക്കന്മാരും അവർക്കുള്ളവർ; ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നാണ് ഉത്ഭവിച്ചത്; ...
കടൽ പിളർത്തി, മരുഭൂമിയിലെ പാറയിൽ നിന്നും കുടിനീരുണ്ടക്കി, ആകാശത്ത് നിന്നും ദൂതന്മാരുടെ ഭക്ഷണമായ മന്നയും, കടലിൽ നിന്നും ഔഷധഗുണമുള്ള കാടപക്ഷികളേയും കൊടുത്തു. അവരുടെ ശത്രുക്കളെ തുരത്തിയോടിച്ച് അവരുടെ ദേശങ്ങൾ നൽകി. പട്ടിക ഇനിയുമുണ്ട്. എന്നിട്ട്, തിന്ന ചോറിന് നന്ദിയില്ലാത്ത അവറ്റകൾ കാട്ടിക്കൂട്ടിയ തോന്ന്യാസത്തിൻറെ ചരിത്രമാണ് പഴയനിയമത്തിൻറെ മുക്കാലും.

ഇത്രയുമൊക്കെ ലഭിച്ച യെഹൂദരെയും പ്രായോഗികമായി ഒന്നും ലഭിക്കാത്ത ജാതികളെയും ദൈവം ഒരേ ത്രാസിൽ തൂക്കുമോ? ഇല്ലെന്നാണ് യേശു പറയുന്നത്:
ലൂക്കോ 12:48 ... വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും.

ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല!


മുകളിൽ നിരത്തിയിട്ടുള്ള അനുഗ്രഹങ്ങളുടെയും മറുവശം എന്താണെന്നാൽ: ന്യായപ്രമാണം ലഭിച്ചവരുടെ പാപങ്ങൾ കണക്കിടപ്പെടും.
റോമ 4:15 ന്യായപ്രമാണം കോപത്തിന് ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല.
(വണ്ടി വലത് വശത്തിലൂടെയോ, ഇടത് വശത്തിലൂടെയോ ഓടിക്കണം എന്ന് നിയമം ഇല്ലാത്തിടത്ത് വണ്ടി ഏത് വശത്തിലൂടെ ഓടിച്ചാലും പിടിക്കപ്പെടില്ല.)
മോശെയ്ക്ക് മുമ്പ് ന്യായപ്രമാണം ഇല്ലായിരുന്നല്ലോ? അപ്പോൾ ആദാം മുതൽ മോശെ വരെയുള്ളവരുടെ പാപങ്ങളോ?
റോമ 5:13 പാപം ന്യായപ്രമാണം വരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.
അതായത്, ആദാമും ഹവ്വായും പാപം ചെയ്ത് മനുഷ്യരാശിയെ മുഴുവൻ പെരുവഴിയിലാക്കിയത് തുടങ്ങി മോശെ ഒരു ഈജിപ്തുകാരനെ കൊന്നത് വരെയുള്ള പാപങ്ങൾ കണക്കിടപ്പെടുന്നില്ല. (മത്താ 23:35ൽ ഹാബേലിനെ പറ്റി പരാമർശിച്ചിരിക്കുന്നതിന് മറ്റൊരു കാരണമുണ്ട്. അത് പിന്നീട് പറയാം).

ന്യായപ്രമാണം യേശുവിൻറെ കൂടെ ക്രൂശിൽ തറയ്ക്കപ്പെട്ടു. ഒന്നാം നൂറ്റാണ്ടിൻറെ അവസാനത്തോടെ (കി.പി.70-73) അതിൻറെ ആചരണം ഇല്ലാതായി. ഇപ്പോൾ ന്യായപ്രമാണം നിലനിൽക്കുന്നു എന്ന് അവകാശപ്പെടുന്നവർ ആത്മവഞ്ചകരാണ്. ഇതിനെ പറ്റി മുമ്പ് എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.

“ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല” എന്ന യുക്തിയനുസരിച്ച്, ഇപ്പോൾ ന്യായപ്രമാണം നിലനിൽക്കാത്തതിനാൽ പാപങ്ങൾ കണക്കാക്കപ്പെടുന്നില്ല. (ഇത് കേട്ടാൽ ഉടനെ “അങ്ങനെയാണേൽ, എന്തു പാപവും ചെയ്യാമോ?” എന്ന ചോദ്യം മനസ്സിൽ ഉയരുന്നെങ്കിൽ അത് നിങ്ങളിൽ ഉള്ള മ്ലേച്ഛതയുടെ ഭാഗമാണ്.)

ഒരു നിമിഷം ആലോചിച്ചുനോക്കുക: യിസ്രായേൽ എന്ന ഒരു ചെറിയ രാജ്യത്തിന് നൽകപ്പെട്ട ന്യായപ്രമാണത്തിൻറെ അടിസ്ഥാനത്തിൽ അങ്ങനെയൊന്നിനെ പറ്റി കേട്ടിട്ടില്ലാത്തവരുടെ പാപങ്ങൾ കണക്കാക്കുമോ? യിസ്രായേലിന് ന്യായപ്രമാണം നൽകിയ അതേ കാലത്ത് ജപ്പാനിലോ, അമേരിക്കൻ ഭൂഖണ്ഡത്തിലോ, ആഫ്രിക്കയിലോ, ഇന്ത്യയിലോ കോടിക്കണക്കിന് മനുഷ്യർ ഉണ്ടായിരുന്നിരിക്കില്ലേ? അവരെ അവർക്ക് നൽകപ്പെടാത്ത നിയമത്താൽ വിധിക്കുമോ?

പുനരുത്ഥാനത്തെയും ന്യായവിധിയെയും പറ്റി ദാനീയേൽ.

ദാനീ 12:1 ആ കാലത്ത് നിൻറെ സ്വജാതിക്കാർക്കും തുണനിൽക്കുന്ന മഹാ പ്രഭുവായ മീഖായേൽ എഴുനേൽക്കും; ഒരു ജാതി ഉണ്ടായത് മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്ന് നിൻറെ ജനം - പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന എല്ലാവരും - രക്ഷ പ്രാപിക്കും.
ദാനീ 12:2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും.
ദാനീ 12:3 എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിൻറെ പ്രഭ പോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെ പോലെയും എന്നും എന്നേയ്ക്കും പ്രകാശിക്കും.
ദാനീ 12:4 നീയോ ദാനീയേലേ, അന്ത്യകാലം വരെ ഈ വചനങ്ങളെ അടച്ച്, പുസ്തകത്തിന് മുദ്രയിടുക; പലരും അതിനെ പരിശോധിക്കുകയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.
ഇവിടെ പുനരുത്ഥാനം, ന്യായവിധി എന്നീ വാക്കുകൾ ഇല്ല എന്നതൊഴികെ, ഇവിടെ നടക്കുന്ന സംഭവങ്ങൾ പുനരുത്ഥാനത്തെയും, ന്യായവിധിയെയും സൂചിപ്പിക്കുന്നവയാണ്.

“നിൻറെ സ്വജാതി”, “നിൻറെ ജനം” എന്നീ പരാമർശങ്ങൾ അഭിസംബോധന ചെയ്യപ്പെടുന്ന ദാനീയേലിൻറെ ജനമായ യിസ്രായേലിനെ പറ്റിയാണ്. അതായത്, ഈ വചനങ്ങളിലെ പരാമർശം യിസ്രായേല്യരുടെ പുനരുത്ഥാനത്തെ പറ്റിയും അവർക്കുള്ള ന്യായവിധിയെ പറ്റിയുമാണെന്ന് വ്യക്തം. യേശുവിനെ വിശ്വസിക്കുന്ന ക്രൈസ്തവർ ദൈവത്തിൻറെ യിസ്രായേൽ (ഗലാ 6:16) ആയിരിക്കാം, പക്ഷേ, അവരെ ദാനീയേലിൻറെ സ്വജനം എന്ന് ഗണിക്കുവാൻ കഴിയില്ല.

തുടർന്നുവരുന്ന വചനങ്ങളിൽ ഈ പുനരുത്ഥാനവും ന്യായവിധിയും നടക്കേണ്ട കാലം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്:
ദാനീ 12:7 ... അവർ വിശുദ്ധ ജനത്തിൻറെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ എല്ലാം നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നത് ഞാൻ കേട്ടു.
“വിശുദ്ധ ജനം” യിസ്രായേലാണ് (ആവ 7:6; 14:2; 14:21; 26:19; 28:9; യെശ 62:12; ദാനീ 8:24). അവരുടെ ബലം തകർത്തുകളയപ്പെട്ടത് കി.പി.70ൽ. ഇതിന് മുമ്പ് പല തവണ എഴുതിയിട്ടുള്ളത് പോലെ ആ കാലത്തിന് ശേഷം യഥാർത്ഥ യിസ്രായേല്യർ വിരളമാണ്. അതായത്, അവർക്ക് ന്യായവിധി നടക്കണമെങ്കിൽ അവർ നശിപ്പിക്കപ്പെട്ട കാലത്തിനോടടുത്ത് നടക്കണമായിരുന്നു.

പുനരുത്ഥാനത്തെ പറ്റി പൌലോസ്.


[തുടർന്നുവരുന്ന ഖണ്ഡികകളിൽ അവതരിപ്പിച്ചിരിക്കുന്ന വാദമുഖം പരിപൂർണ്ണമായും എൻറെ മാത്രം കണ്ടുപിടുത്തം അല്ല. ജോൺ ഗിൽ (John Gill), മാർവിൻ വിൻസൻറ് (Marvin Vincent) തുടങ്ങിയ വേദ വ്യഖ്യാതാക്കളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ]

1കൊരി 15നെ പറ്റി ഇംഗ്ലീഷിൽ പുനരുത്ഥാനത്തിൻറെ അദ്ധ്യായം (the Resurrection Chapter) എന്നാണ് പറയാറ്. ഈ അദ്ധ്യായത്തെ തലനാരിഴ കീറി പരിശോധിക്കാത്തവരില്ല. അവരിൽ അധികം പേരും കാണാതിരുന്ന ചില കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
1കൊരി 15:22 ആദാമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
1കൊരി 15:23 ഓരോരുത്തരും അവനവൻറെ നിരയിലാണ്; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവിടത്തെ വരവിൽ;
1Co 15:23 But every man in his own order[G5001]: Christ the firstfruits; afterward they that are Christ's at his coming.
“ഓരോരുത്തരും അവനവൻറെ നിരയിലാണ്” (order) എന്ന പദസമുച്ചയം ശ്രദ്ധിക്കുക. ചിലരുടെ വ്യാഖ്യാനം ഇങ്ങനെയാണ്: വിശുദ്ധന്മാരായ 144,000 പേർ (വെളി 7:4) മുൻനിരയിൽ, അതിന് പിന്നിൽ മഹാപുരുഷാരം (വെളി 7:9), ഏറ്റവും പുറകിൽ പാപികൾ. ഇവർ എങ്ങനെ ഈ നിഗമനത്തിൽ എത്തിച്ചേർന്നു എന്ന് എന്നോട് ചോദിക്കരുത്.

ഇവിടെ “നിരയിൽ” (order) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക്: τάγμα (ടാഗ്മാ, സ്ട്രോങ്സ് നിഘണ്ടുവിൽ G5001) പുതിയനിയമത്തിൽ വേറെ എവിടെയും ഉപയോഗിച്ചിട്ടില്ല. പഴയനിയമത്തിൻറെ ഗ്രീക്ക് പതിപ്പായ സെപ്റ്റ്വജിൻറിൽ (Septuagint) ഈ വാക്ക് ഏറ്റവുമധികം തവണ ഉപയോഗിച്ചിരിക്കുന്നത് സംഖ്യാപുസ്തകത്തിലാണ് (സംഖ്യ 2:2, 3, 10, 18, 25, 31, 34; 10:14, 18, 22, 25).

സംഖ്യാപുസ്തകം 2ൽ സമാഗമകൂടാരത്തിന് ചുറ്റും യിസ്രായേലിൻറെ 12 ഗോത്രങ്ങളുടെ വിന്യാസത്തിനെ പറ്റിയുള്ള വിവരണം ഇങ്ങനെ തുടങ്ങുന്നു (ഇംഗ്ലീഷിലുള്ള വചനങ്ങൾ Apostolic Bible Polyglotൽ നിന്നും):
Num 2:10 The order[G5001] of the camp of Reuben towards the south,…
സംഖ്യ 2:10 രൂബേൻ പാളയത്തിൻറെ കൊടിക്കീഴിൽ ഉള്ളവർ ഗണം, ഗണമായി തെക്ക് ഭാഗത്ത് പാളയമിറങ്ങേണം;
Num 2:18 The order[G5001] of the camp of Ephraim towards the west,…
സംഖ്യ 2:18 എഫ്രയീം പാളയത്തിൻറെ കൊടിക്കീഴിൽ ഉള്ളവർ ഗണം, ഗണമായി പടിഞ്ഞാറ് ഭാഗത്ത് പാളയമിറങ്ങേണം;...
Num 2:25 The order[G5001] of the camp of Dan towards the north…
സംഖ്യ 2:25 ദാൻ പാളയത്തിൻറെ കൊടിക്കീഴിൽ ഉള്ളവർ ഗണം, ഗണമായി വടക്ക് ഭാഗത്ത് പാളയമിറങ്ങേണം;...
ഒരു ഗോത്രത്തിൻറെ കൊടിക്കീഴിലുള്ള വ്യൂഹത്തിനെ സൂചിപ്പിക്കുവാനാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇത് സൈനിക വ്യൂഹങ്ങളെ സൂചിപ്പിക്കുന്ന വാക്കാണ്. യിസ്രായേലിൻറെ സൈന്യത്തെ സൂചിപ്പിക്കുവാനല്ലാതെ ഈ വാക്ക് അപൂർവമായേ ഉപയോഗപ്പെടുത്തിയിട്ടുള്ളു. (ബാക്കിയുള്ള ഉപയോഗം സൈന്യത്തലവന്മാർ എന്ന അർത്ഥിലാണെന്ന് തോന്നുന്നു.)

അതായത്, 1കൊരി 15:23ൽ “ഓരോരുത്തരും അവനവൻറെ നിരയിലാണ്” എന്ന് എഴുതപ്പെട്ടിരിക്കുന്നത് യിസ്രായേലിൻറെ ഗോത്രങ്ങളെ പറ്റിയാണ്, അല്ലാതെ, ബീവറേജസ് കോർപ്പറേഷൻറെ മുന്നിൽ ആൾക്കാർ നിരനിരയായി നിൽക്കുന്നത് പോലെ നിൽക്കുമെന്നല്ല.

“...ക്രിസ്തുവിനുള്ളവർ (they that are Christ's) അവിടത്തെ വരവിൽ...”


വേദപുസ്തകത്തിൽ എന്തെങ്കിലും നല്ലതോ, അനുഗ്രഹമോ, ആശീർവാദമോ ഉള്ള ഭാഗം കണ്ടാൽ നമ്മളെല്ലാം ക്രിസ്തുവിൻറെ സ്വന്തം ആൾക്കാരാണ്. അതുകൊണ്ട്, ഈ വചനവും (1കൊരി 15:23) നമ്മൾ അങ്ങ് കൈയ്യേറി. ഏതെങ്കിലും കുറ്റപ്പെടുത്തുന്ന അല്ലെങ്കിൽ ശാപത്തിൻറെ വചനം വന്നാൽ അതും നമ്മളുമായി പുലബന്ധം പോലുമില്ല. ഒരു ഉദാഹരണം:
യോഹ 1:11 അവിടന്ന് സ്വന്തത്തിലേക്ക് വന്നു; സ്വന്തമായവരോ അവിടത്തെ കൈക്കൊണ്ടില്ല.
യേശുവിനെ കൈക്കൊള്ളാതിരുന്നവരുടെ കാര്യം വരുമ്പോൾ നമുക്ക് ആ വചനത്തിൻറെ ഉടമസ്ഥാവകാശം വേണ്ട. അപ്പോൾ നമുക്ക് മനസ്സിലാകും അത് നമ്മളെ പറ്റിയല്ല, യെഹൂദരെ പറ്റിയാണെന്ന്.

1കൊരി 15:23ൽ “ക്രിസ്തുവിനുള്ളവർ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദസമുച്ചയത്തിന് (του χριστου) “ക്രിസ്തുവിനെ വിശ്വസിക്കുന്നവർ” എന്ന അർത്ഥം ഉണ്ടാക്കിയെടുക്കുവാൻ വളരെയധികം വ്യാഖ്യാന കസർത്ത് നടത്തേണ്ടിവരും.

“അവനവൻറെ നിരയിലാണ്” “ക്രിസ്തുവിനുള്ളവർ” എന്നീ രണ്ട് പദസമുച്ചയങ്ങളും കൂട്ടിവായിക്കുമ്പോൾ ഈ വചനം യിസ്രായേല്യരെ (യെഹൂദരെയും യെഹൂദ മതാവലംബികളെയും) പറ്റിയാണ് എന്നത് വ്യക്തമാകുന്നു.

ലോകത്തിൻറെ ന്യായവിധിയെ പറ്റി പരാമർശിക്കുന്ന വചനങ്ങൾ ഇല്ലേ? എന്ന ചോദ്യം ഉയരാം. അത്തരം ചോദ്യങ്ങൾക്കുള്ള മറുപടി അടുത്ത ലേഖനത്തിൽ.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

④ ഭൌമികമായ കൂടാരവും, സ്വർഗീയമായ പാർപ്പിടവും.


ക്രിസ്തുവിൽ പ്രിയരെ,

ഇത് ഈ പരമ്പരയുടെ നാലാം ഭാഗമാണ്. ഇത് വായിക്കുന്നതിന് മുമ്പ് , , ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


വിസ്താരഭയം നിമിത്തം നിങ്ങൾ ശരീരത്തിൽ നിന്നും വേർപെടുമ്പോൾ എന്ന ലേഖനത്തിൽ വിട്ടുകളഞ്ഞ ഒരു വേദഭാഗത്തിൻറെ വ്യാഖ്യാനം നൽകുവാനാണ് ഈ ലേഖനം.

പഴയനിയമത്തിൻറെ അവസാനത്തെ പുസ്തകമായ മലാഖിയിൽ കർത്താവ് ന്യായവിധിക്കായി വരുന്നതിനെ പറ്റി പരാമർശിക്കുന്ന ഭാഗത്ത് കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെ പീഡിപ്പിക്കുന്നവർക്ക് വിരോധമായി യഹോവ ഒരു ശീഘ്രസാക്ഷി ആയിരിക്കും എന്ന് എഴുതപ്പെട്ടിട്ടുണ്ട്. (മലാ 3:5). (ന്യായവിധി എപ്പോഴാണെന്ന് ഉടനെ എഴുതാം)

പഴയനിയമത്തിൽ ഉടനീളം കൂലിക്കാരന് കൂലി കൊടുക്കുന്നത് താമസിപ്പിക്കരുത് എന്ന് പല തവണ പറഞ്ഞ ദൈവം (ലേവ്യ 19:13; ആവ 24:15), അവിടത്തെ പുത്രനെ വിശ്വസിക്കുക എന്ന “ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തി” (യോഹ 6:29) ചെയ്യുന്ന നിങ്ങൾക്കും എനിക്കും പ്രതിഫലം താമസിപ്പിക്കുമോ?

2കൊരി 5:1-5 പഠിക്കാം.

2കൊരി 5:1 കൂടാരമായ ഞങ്ങളുടെ ഭൌമിക ഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിൻറെ ദാനമായ ഒരു കെട്ടിടം ഞങ്ങൾക്ക് സ്വർഗത്തിൽ ഉണ്ടെന്ന് അറിയുന്നു.
ഭൌമികമായ കൂടാരം നശിക്കുന്നതിനും സ്വർഗീയമായ കെട്ടിടം ലഭിക്കുന്നതിനും ഇടയിൽ 2000ത്തിൽ പരം വർഷങ്ങളുടെ ഇടവേളയുണ്ടെന്ന് ഈ വചനം സൂചിപ്പിക്കുന്നുണ്ടോ?
2കൊരി 5:2 ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ,
2കൊരി 5:3 സ്വർഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന് മീതെ ധരിക്കുവാൻ വാഞ്ഛിക്കുന്നു.

ഭൌമികമായ കൂടാരത്തിൻറെ മേലെ ധരിക്കേണ്ടതാണ് സ്വർഗീയമായ പാർപ്പിടം. അതായത്, ഒന്ന് നശിക്കുന്നതിനും മറ്റൊന്ന് ധരിക്കുന്നതിനും ഇടയിൽ ഇടവേളയ്ക്ക് സാദ്ധ്യതയില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം: “സ്വർഗീയമായ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദസമുച്ചയം ഇംഗ്ലീഷിൽ from[G1537] heaven[G3772] (1കൊരി 5:2) എന്നാണ് ഉള്ളത്. ഗ്രീക്ക് കൈയ്യെഴുപ്രതിയിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദസമുച്ചയം (εξ[G1537], ουρανου[G3772], എക് ഉറാനോസ്) വള്ളിപുള്ളി വ്യത്യാസമില്ലാതെ ഉപയോഗിച്ചിരിക്കുന്നിടത്തെല്ലാം “സ്വർഗത്തിൽ നിന്നുമുള്ള” എന്നാണ് അർത്ഥം. (യോഹന്നാൻറെ സ്നാനം എവിടെ നിന്നാണ്? സ്വർഗത്തിൽ നിന്നോ? ... - മത്താ 21:25; മർക്കോ 11:30, 31. ... രണ്ടാം മനുഷ്യൻ സ്വർഗത്തിൽ നിന്നും ഉള്ളവൻ - 1കൊരി 15:47. ... സ്വർഗത്തിൽ നിന്നും ഒരു ദൂതനോ ... ഗലാ 1:8).

അതായത്, സ്വർഗീയമായ ശരീരം എന്നതിനേക്കാൾ സ്വർഗത്തിൽ നിന്നുമുള്ള ശരീരം എന്നതാണ് ശരിയായ പരിഭാഷ. ശരീരം എന്ന ഈ കൂടാരം നശിച്ചുപോയാൽ സ്വർഗത്തിൽ അല്ല, സ്വർഗത്തിൽ നിന്നുമുള്ള ശരീരമാണ് നമുക്ക് ലഭിക്കേണ്ടത്. “ഹൈദ്രബാദിലെ കറാച്ചി ബേക്കറിയിൽ നിന്നുമുള്ള ബിസ്കറ്റ് തിന്നു” എന്ന് പറയുന്നതിന് നിങ്ങൾ ഹൈദ്രബാദിൽ പോയി എന്ന് അർത്ഥമില്ലല്ലോ? (ശബരിമലയിൽ പോകാതെ അവിടെനിന്നുള്ള അരവണ പായസവും, തിരുപ്പതിയിൽ പോകാതെ അവിടെനിന്നുള്ള ലഡ്ഡുവും കഴിച്ച എത്രയോ പേർ നമ്മുടെയിടയിൽ ഉണ്ട്? പേടിക്കേണ്ട, ഞാൻ ആരോടും പറയില്ല, കാരണം ഞാനും കഴിച്ചിട്ടുണ്ട്.)
2കൊരി 5:4 ഉരിയുവാനല്ല, മർത്ത്യമായത് ജീവനാൽ നീങ്ങിപ്പോകേണ്ടതിന് മീതെ ഉടുക്കുവാൻ ഇച്ഛിക്കുന്നതിനാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുവോളം ഭാരപ്പെട്ട്, ഞരങ്ങുന്നു.
മർത്ത്യമായത് നീങ്ങിപ്പോകുമ്പോൾ തന്നെയാണ് അമർത്ത്യത ആവരണം ചെയ്യേണ്ടത്. ഭാരപ്പെട്ടിരിക്കുന്നവരുടെ ഭാരത്തിന് ആശ്വാസം നൽകുവാൻ ദൈവം അവർക്ക് സ്വർഗത്തിൽ നിന്നുമുള്ള പാർപ്പിടം 2000ത്തിൽ പരം വർഷങ്ങൾക്ക് ശേഷം നൽകുമോ?
2കൊരി 5:5 അതിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവമാണ്.
നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവ് നമുക്ക് ലഭിക്കുവാനിരിക്കുന്ന അമർത്ത്യതയ്ക്കുള്ള അച്ചാരമാണ്. (അച്ചാരം: അഡ്വാൻസ്. മുൻകൂർ കൊടുക്കുന്ന തുക.)

നാം ഒരു വീടോ, സ്ഥലമോ വാങ്ങുവാൻ അച്ചാരം (അഡ്വാൻസ്) കൊടുത്താൽ ആ അച്ചാരത്തിന് എത്ര കാലത്തെ പ്രാബല്യമുണ്ട്? ഒരുപക്ഷേ, കർത്താവിന് ഒരു ദിവസം ആയിരം വർഷം പോലെയാണ് (2പത്രോ 3:8) എന്ന പല്ലവി ആവർത്തിക്കപ്പെട്ടേക്കാം. നമുക്കാണ് അച്ചാരം നൽകിയത്, ഒരു ദിവസം 24 മണിക്കൂർ മാത്രമുള്ള നമുക്ക്.

ഒരു വീടിൻറെയോ, സ്ഥലത്തിൻറെയോ കച്ചവടവുമായി താരതമ്യപ്പെടുത്തിയാൽ നമ്മളാണ് ഉടമസ്ഥർ, ദൈവമാണ് അച്ചാരം നൽകിയ വാങ്ങുന്നയാൾ. അച്ചാരം നൽകിയാൽ ഒരു നിശ്ചിതമായ കാലയളവിൽ കച്ചവടം നടക്കണം. നടന്നില്ലെങ്കിൽ ആ അച്ചാരത്തിനോ, ഇടപാടിനോ സാധുതയില്ല.

ഭാരപ്പെട്ട് ഞരങ്ങുന്നവർക്ക് ആശ്വാസം നൽകുന്നതിന് പകരം, അവരോട് 2000ത്തിൽ പരം വർഷങ്ങൾ കാത്തിരിക്കുവാൻ പറയുന്നതിലെ യുക്തിയും സാംഗത്യവും എന്താണാവോ?

പൊതുവെ മരണാനന്തര ജീവിതത്തെ പറ്റിയുള്ള ചർച്ചകൾ 1കൊരി 15ൻറെ അടിസ്ഥാനത്തിലാണ്. അധികമാരും 2കൊരി 5 വിശ്വാസിക്ക് ലഭിക്കുന്ന പ്രതിഫലത്തിൻറെ ഭാഗമായി പഠിപ്പിക്കുന്നത് കേട്ടിട്ടില്ല. (എനിക്ക് സഭകളിലുള്ള പരിചയം കുറവാണെന്ന് കരുതിക്കോളൂ.) ഇനി അഥവാ പഠിപ്പിച്ചാലും 2കൊരി 5:10ൽ “എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാണ്” എന്ന് എഴുതപ്പെട്ടിരിക്കുന്നതിനാൽ അവർ പൌലോസ് ഇത്രയും നേരം ഉടനെ ലഭിക്കേണ്ട കാര്യങ്ങളെ പറ്റി പറഞ്ഞതെല്ലാം അനന്തമായ ഭാവിയിൽ എപ്പോഴോ നടക്കേണ്ടതാണ് എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നു.

തുടർന്നുവരുന്ന ലേഖനങ്ങളിൽ ന്യായവിധി ആർക്കാണ് ബാധകമായിരുന്നത് എന്നും, അത് എപ്പോഴാണ് നടക്കേണ്ടിയിരുന്നത് എന്നും കാണും.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Tuesday, November 22, 2016

③ നിങ്ങൾ ശരീരത്തിൽ നിന്നും വേർപെടുമ്പോൾ...

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണ്. ഒന്നും, രണ്ടും ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


സഹോദരാ/സഹോദരീ നിങ്ങൾ ഉള്ളിടമാണ്, സ്വർഗം!


എന്തേ, വിശ്വാസം വരുന്നില്ലേ? ഇതാ വചനങ്ങൾ പിടിച്ചോളൂ: (ദയവായി, ഈ വചനങ്ങൾ വീണ്ടും വീണ്ടും വായിച്ച് പഠിക്കുക. നമ്മുടെ സഭകളിൽ ഈ വേദഭാഗം വേണ്ടത്ര പ്രാധാന്യത്തോടെ പഠിപ്പിക്കാറില്ല.)
എഫേ 2:5 അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോട് കൂടെ ജീവിപ്പിക്കുകയും (ഭൂതകാലം) - കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു -
എഫേ 2:6 ക്രിസ്തു യേശുവില്‍ നമ്മെ കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്ത ധനത്തെ വരുംകാലങ്ങളില്‍ കാണിക്കുവാന്‍,
എഫേ 2:7 ക്രിസ്തു യേശുവില്‍ അവിടത്തോട് കൂടെ ഉയിര്‍ത്തെഴുനേല്‍പ്പിച്ച് സ്വര്‍ഗത്തില്‍ ഇരുത്തുകയും ചെയ്തു (ഭൂതകാലം). (ഇംഗ്ലീഷിൽ നിന്നും വ്യത്യസ്തമായി മലയാളത്തിൽ 6, 7 വചനങ്ങൾ തിരിഞ്ഞാണ് കിടക്കുന്നത്.)
പാപത്തിൽ മരിച്ചിരുന്ന നിങ്ങളെ, ക്രിസ്തുവിനോട് കൂടെ ഉയിർപ്പിച്ച് സ്വര്‍ഗത്തില്‍ ഇരുത്തി. നിങ്ങൾ ഇപ്പോൾ സ്വർഗത്തിലാണോ, ഭൂമിയിലാണോ? നിങ്ങളുടെ ആത്മാവ് ഒരിടത്തും ശരീരം മറ്റൊരിടത്തുമാണോ?

ഈ വചനങ്ങൾ ഒരിക്കൽക്കൂടി വായിച്ചോളൂ: “ക്രിസ്തുവിനോട് കൂടെ ജീവിപ്പിക്കുകയും...”, “യേശുവില്‍ അവിടത്തോട് കൂടെ ഉയിര്‍ത്തെഴുനേല്‍പ്പിച്ച്”. നിങ്ങളുടെ ഉയിര്‍ത്തെഴുനേല്‍പ്പ് യേശുവിനോട് കൂടെ, ഒരേ സമയത്താണ്, സംഭവിച്ചത്! മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിങ്ങൾ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോഴല്ല നിങ്ങളുടെ ഉയിര്‍ത്തെഴുനേല്‍പ്പ് നടന്നത്, നിങ്ങൾ ജനിക്കുന്നതിന് 1900+ വർഷങ്ങൾക്ക് മുമ്പ്, യേശു ഉയിര്‍ത്തെഴുന്നേറ്റപ്പോഴാണ്.

ആറാം വചനം ഒന്നൂകൂടി മനസ്സിരുത്തി വായിച്ചോളൂ: “ക്രിസ്തു യേശുവില്‍ നമ്മെ കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്ത ധനത്തെ വരുംകാലങ്ങളില്‍ കാണിക്കുവാന്‍...”. നിങ്ങളെ, മുൻകൂട്ടി, യേശുവിനോട് കൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് ദൈവത്തിൻറെ വാത്സല്യത്തിൽ കൃപയുടെ അനന്തധനത്തെ പിൽക്കാലത്ത് കാണിക്കുവാനാണ്. ആ പിൽക്കാലമാണ് നിങ്ങൾ ജീവിച്ചിരിക്കുന്ന ഈ കാലം. 1900ൽ അധികം വർഷങ്ങൾക്ക് മുമ്പ് എല്ലാം പൂർത്തിയാക്കിയിട്ട് അത് ഇപ്പോൾ നിങ്ങൾക്ക് വെളിപ്പെടുത്തി!

“ഇരുത്തുകയും ചെയ്തു” എന്ന് ഭൂതകാലത്തിലാണ് എഴുതിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. നമ്മുടെ സഭകളിൽ ഇത് “ഇരുത്തും” എന്ന് ഭാവികാലത്തിലാണ് ഈ വചനം പഠിപ്പിക്കാറുള്ളത്. കാരണം അവർക്ക് ഈ വേദഭാഗത്തെ വ്യാഖ്യാനിക്കുവാൻ അറിയില്ല. (വ്യാകരണവും അറിയില്ല.)

ഇനി ചില ചോദ്യങ്ങൾ:

  • നിങ്ങൾ മുമ്പേതന്നെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ഇനി ഉയിർപ്പിക്കപ്പെടേണ്ട ആവശ്യമുണ്ടോ?
  • നിങ്ങളെ മുമ്പേതന്നെ സ്വർഗത്തിൽ ഇരുത്തിയെങ്കിൽ ഇനി സ്വർഗത്തിൽ “പോകേണ്ട” ആവശ്യമുണ്ടോ?
  • ഇത്രയും സംഭവങ്ങളിൽ നിങ്ങളുടെ പങ്കെന്താണ്? നിങ്ങൾ കൃത്യമായി ക്രിസ്ത്യാനി കുടുംബത്തിൽ അവതാരമെടുക്കും എന്ന് കരുതിയാണോ ദൈവം യേശുവിനോട് കൂടെ നിങ്ങളെ ഉയിർത്തെഴുന്നേൽപിച്ച്, സ്വർഗത്തിൽ ഇരുത്തിയത്?

 

 നിങ്ങൾ മരിക്കില്ല!


പുനരുത്ഥാനം ശാരീരികമാണോ, ആത്മീയമാണോ എന്ന് പണ്ഡിതന്മാർ വേദവചനങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്നത് എല്ലാ വേദികളിലും കാണാം. അവരുടെ ചർച്ച അഭംഗുരം നടക്കട്ടെ. നമുക്ക് യേശു പറഞ്ഞ വളരെ മനോഹരമായ ഒരു പ്രസ്താവന പരിശോധിക്കാം.

യേശു ലാസരിൻറെ സഹോദരി മര്‍ത്താ എന്ന അമ്മച്ചിയോട് പറയുന്നത് ശ്രദ്ധിക്കുക:
യോഹ 11:25 യേശു അവളോട് ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
യോഹ 11:26 ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവർ ആരും ഒരിക്കലും മരിക്കുകയില്ല; ഇത് നീ വിശ്വസിക്കുന്നുവോ? എന്ന് ചോദിച്ചു.
കർത്താവാരാ മോൻ! അങ്ങേര് പറയുന്നത് ഒരച്ചായനും വിശ്വസിക്കുവൻ പോകുന്നില്ല എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് കർത്താവ് അവിടത്തെ പ്രസ്താവനയുടെ അവസാനം: “ഇത് നീ വിശ്വസിക്കുന്നുവോ?” എന്ന് ചോദിച്ചത്.

“ഓ, പിന്നെ, കർത്താവിന് അങ്ങനെ പലതും പറയാം! കഴിഞ്ഞ 2000 വർഷമായി കോടാനുകോടി ക്രൈസ്തവർ മരിച്ചില്ലേ?” ഇതായിരിക്കും ഭൂരിഭാഗം ക്രൈസ്തവരുടെയും പ്രതികരണം!

ഞാൻ മനുഷ്യപുത്രനാണെന്ന് യേശു പറഞ്ഞപ്പോൾ “മനുഷ്യപുത്രൻ” എന്നത് ഒരു നാമം ആണെന്ന് മനസ്സിലാക്കിയ നാം, ഞാനാണ് പുനരുത്ഥാനം എന്ന് പറഞ്ഞപ്പോൾ “പുനരുത്ഥാനം” ഒരു നാമമാണ് എന്ന് മനസ്സിലാക്കാതിരുന്നത് എന്തുകൊണ്ട്? നാം പുനരുത്ഥാനം എന്ന പദത്തെ യേശുവിൻറെ പര്യായമായി കാണാതെ, ഒരു ക്രിയയായി കാണുന്നിടത്ത് തെറ്റുകൾ ആരംഭിക്കുന്നു.

യോഹ 11:26ൽ “എന്നില്‍ വിശ്വസിക്കുന്നവർ ആരും ഒരിക്കലും മരിക്കുകയില്ല” എന്ന് പറഞ്ഞപ്പോൾ ശരീരത്തിന് സംഭവിക്കുന്ന മരണത്തെയാണ് യേശു ഉദ്ദേശിച്ചതെങ്കിൽ, അത് പറഞ്ഞ യേശു തന്നെ ഭൌതികമായ മരണത്തിന് വിധേയനായില്ലേ? “ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവർ ആരും ഒരിക്കലും മരിക്കുകയില്ല” എന്നത് മരിച്ചവരുടെ പുനരുത്ഥാനത്തെയല്ല സൂചിപ്പിക്കുന്നത് ജീവനോടിരുന്ന് വിശ്വസിക്കുന്നവരുടെ കാര്യമാണ്.

ഇത് ഒരു ഒറ്റപ്പെട്ട വചനമല്ല. യേശു മരണത്തെ നീക്കിക്കളഞ്ഞു എന്ന് പൌലോസും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
2തിമോ 1:10 ഇപ്പോൾ മരണം നീക്കുകയും സുവിശേഷത്താൽ ജീവനും അക്ഷയത്വവും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തു യേശുവിൻറെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തൻറെ സ്വന്ത നിർണയത്തിനും കൃപയ്ക്കും ഒത്തവണ്ണമാണ്.
മരണത്തെ നീക്കുക എന്നത് യേശു മടങ്ങിവന്ന് നിർവഹിക്കേണ്ട കാര്യമാണ് എന്ന് ഇവിടെ പറയുന്നില്ല, യേശുവിൻറെ പ്രത്യക്ഷതയാൽ മരണം നീക്കം ചെയ്യപ്പെട്ടു എന്ന് ഭൂതകാലത്തിലാണ് എഴുതിയിരിക്കുന്നത്.

അതുകൊണ്ട്, നിങ്ങൾ മരിക്കില്ല. മരിച്ചവരും, മരിക്കാനുള്ളവരും (യേശുവിനെ വിശ്വസിക്കാത്തവർ) ഉയിർത്തെഴുന്നേൽപിനെ പറ്റി ചിന്തിച്ചാൽ പോരേ, നിങ്ങൾക്ക് അതിൻറെ ആവശ്യമുണ്ടോ?

നിങ്ങൾ ശരീരത്തിൽ നിന്നും വേർപെടുമ്പോൾ...


ഞായറാഴ്ച വൈകുന്നേരം 4 മണി. ബാംഗ്ലൂരിലെ ഇന്ത്യൻ ക്രിസ്ത്യൻ ശിമിത്തേരിയിൽ ജോണിച്ചായൻറെ ശവമടക്ക് നടക്കുന്നു. “നമ്മുടെ പ്രിയപ്പെട്ട ജോണിച്ചായൻ കർത്താവിൻറെ കൂടെ, സ്വർഗത്തിലുണ്ട്” എന്ന് പാസ്റ്റർ പ്രസംഗത്തിനിടയിൽ പറഞ്ഞപ്പോൾ പരേതൻറെ അളിയൻ മാത്തുക്കുട്ടി മനസ്സിൽ ഓർത്തു: “ഇതേ പാസ്റ്ററല്ലേ രാവിലെ പ്രസംഗത്തിൽ കർത്താവ് തിരിച്ചുവരുമ്പോൾ മരിച്ചവരെല്ലാം എഴുന്നേറ്റ് വരും എന്ന് പറഞ്ഞത്?” അച്ചായന്മാരുടെ ഇരട്ടത്താപ്പ് ഒരു ഒന്നൊന്നര ഇരട്ടത്താപ്പാണ്. മരണമടഞ്ഞ നമ്മുടെ ബന്ധുക്കൾ സ്വർഗത്തിലെത്തും, ബാക്കിയുള്ളവർ ലോകാവസാനത്തിൽ യേശു വരുന്നതുവരെ കുഴിയിൽ കിടക്കും! (അവരുടെ ബന്ധുക്കളും അങ്ങനെയല്ലേ കരുതൂ?)

അച്ചായന്മാരുടെയെല്ലാം വലിയ അച്ചായനായിരുന്ന പൌലോസ് പറയുന്നത് ശ്രദ്ധിക്കുക:
1കൊരി 5:6 ആകയാല്‍ ഞങ്ങള്‍ എപ്പോഴും ധൈര്യപ്പെട്ട്, ശരീരത്തില്‍ വസിക്കുമ്പോഴെല്ലാം കര്‍ത്താവിനോട് അകന്ന് പരദേശികള്‍ ആയിരിക്കുന്നു എന്ന് അറിയുന്നു.
1കൊരി 5:7 (കാഴ്ചയാല്‍ അല്ല വിശ്വാസത്താലാണ് ഞങ്ങള്‍ നടക്കുന്നത്.)
1കൊരി 5:8 ഇങ്ങനെ ഞങ്ങള്‍ ധൈര്യപ്പെട്ട്, ശരീരം വിട്ട് കര്‍ത്താവിനോട് കൂടെ വസിക്കുവാന്‍ അധികം ഇഷ്ടപ്പെടുന്നു.
ശരീരത്തിൽ ആയിരിക്കുമ്പോൾ കർത്താവിൽ നിന്നും അകലെയായിരിക്കുന്നു, ശരീരം വിട്ടാൽ കർത്താവിൻറെ കൂടെ ആയിരിക്കും.

ഈ വേദഭാഗം മിക്കവാറും സഭകളെല്ലാം വളച്ചൊടിച്ച് വികലമാക്കിയാണ് പഠിപ്പിക്കാറുള്ളത്, കാരണം, ഈ വചനം അവരുടെ ഉൽപ്രാപണം (rapture) എന്ന സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കും. അവരുടെ ഉൽപ്രാപണ സിദ്ധാന്തപ്രകാരം അജ്ഞാതമായ ഭാവികാലത്ത് എപ്പോഴോ യേശു മടങ്ങിവന്ന് മരിച്ചവരെയെല്ലാം ഉയിർപ്പിച്ച് ന്യായവിധി നടത്തി, നല്ലവരെ സ്വർഗത്തിലേയ്ക്ക് കൊണ്ടുപോകണം. പൌലോസ് 1കൊരി 5:8ൽ പറഞ്ഞിരിക്കുന്നത് പോലെ, മരിച്ച ഉടനെ കർത്താവിൻറെ അടുത്തെത്തുമെങ്കിൽ പിന്നെ ഭാവിയിലെ ഉയിർത്തെഴുന്നേൽപ് എങ്ങനെ സത്യമാകും എന്നതാണ് അവരുടെ പ്രശ്നം. അതിനുവേണ്ടി പൌലോസ് അങ്ങനെയല്ല പറഞ്ഞത്, ഇങ്ങനെയാണ് എന്ന് അവരുടെ ഭാഷ്യം നൽകും.

പൌലോസച്ചായൻറെ ആശയക്കുഴപ്പം!

ഫിലി 1:23 ഇവ രണ്ടിനാലും ഞാന്‍ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ ഇരിക്കുവാന്‍ എനിക്ക് കാംക്ഷയുണ്ട്; അത് അത്യുത്തമമാണ്.
ഫിലി 1:24 എന്നാല്‍ ഞാന്‍ ശരീരത്തില്‍ ഇരിക്കുന്നത് നിങ്ങള്‍ നിമിത്തം ഏറെ ആവശ്യം.
പൌലോസിന് രണ്ട് കാര്യങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാം:
  • വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ ഇരിക്കുക. ഇതാണ് പൌലോസിന് അഭികാമ്യം.
  • ശരീരത്തിൽ ഉണ്ടായിരിക്കുന്നത് സഹവിശ്വാസികൾക്ക് പ്രോത്സാഹനവും ഉപദേശവും നൽകുവാൻ ഉപകരിക്കും.
റോമാ സാമ്രാജ്യത്തിൻറെ നാനാഭാഗങ്ങളിലുമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് പ്രോത്സാഹനവും ഉപദേശവും നൽകുവാൻ അവരുടെ കൂടെ ഉണ്ടായിരിക്കുന്നതിനേക്കാൾ 2000+ വർഷങ്ങൾക്ക് ശേഷം ക്രിസ്തുവിനോട് കൂടെ ഇരിക്കുന്നതാണ് ഉത്തമം എന്ന് പൌലോസിന് തോന്നിയിട്ടുണ്ടെങ്കിൽ ഫെസ്തൊസ് പറഞ്ഞത് പോലെ പൌലോസിന് ഭ്രാന്ത് ഉണ്ടായിരുന്നിരിക്കണം. (അപ്പൊ 26:24)

ക്രിസ്തുവിൽ പ്രിയരെ, പൌലോസ് ദേഹം വേർപെട്ടാൽ ഉടനെ ക്രിസ്തുവിൻറെ കൂടെ ഇരിക്കുന്നതിനെ പറ്റിയാണ് സംസാരിക്കുന്നത്. രണ്ടായിരമോ അതിലധികമോ വർഷങ്ങൾക്കപ്പുറം നടക്കുവാനുള്ള കാര്യത്തെ പറ്റിയല്ല.

അതുകൊണ്ട്, നിങ്ങൾ ശരീരത്തിൽ നിന്നും വേർപെട്ടാൽ ക്രിസ്തുവിൻറെ കൂടെ ഉണ്ടാകും, അവിടന്ന് എവിടെയായിരുന്നാലും.

ഉദാഹരണമായി, വെളിപ്പാട് പുസ്തകത്തിൽ 144,000 പേരെ പറ്റി എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: “കുഞ്ഞാട് പോകുന്നിടത്തെല്ലാം അവര്‍ അവിടത്തെ അനുഗമിക്കുന്നു” (വെളി 14:4). ഇത് പറയപ്പെട്ടപ്പോൾ കുഞ്ഞാടും, 144,000 പേരും സ്വർഗത്തിൽ ആയിരുന്നില്ല, സിയോൻ മലയുടെ മുകളിലായിരുന്നു എന്നത് ശ്രദ്ധിക്കുക (വെളി 14:1). യേശു എവിടെയായിരുന്നാലും വിശുദ്ധന്മാരും അവിടെയായിരിക്കും. യേശു പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിന്നാൽ, വിശുദ്ധന്മാരും പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കും. പ്രപഞ്ചം അവിടത്തെ ഉള്ളിലായിരുന്നാൽ, അത് നിങ്ങളുടെയും ഉള്ളിലായിരിക്കും.

[ദൈർഘ്യം കുറയ്ക്കുവാൻ ഈ വിഷയവുമായി ബന്ധപ്പെട്ട ചില വേദഭാഗങ്ങൾ ഇവിടെ അവതരിപ്പിച്ചിട്ടില്ല. തുടർന്നുവരുന്ന ഭാഗങ്ങളിൽ അവ പരിശോധിക്കാം.]
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

② സ്വർഗത്തിൽ “പോക്ക്”!

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനമാണ്. ഒന്നാം ഭാഗം വായിച്ചു എന്ന് ഉറപ്പുവരുത്തുക.


പലരും സ്വർഗത്തിൽ പോയിവന്നതിൻറെ സാക്ഷ്യങ്ങൾ നമ്മൾ വായിക്കാറും കാണാറും കേൾക്കാറുമുണ്ട്. ഈ സാക്ഷ്യങ്ങളിൽ പൊതുവായി പറയപ്പെടുന്ന കാര്യം: സ്വർഗത്തിലെ രാജപാതകളെല്ലാം സ്വർണം പതിപ്പിച്ചവയാണ്, അവിടത്തെ സൌധങ്ങളെല്ലാം വജ്രങ്ങളാലും രത്നങ്ങളാലും നിർമ്മിതമാണ് എന്നൊക്കെയാണ്. ഈ വിവരണങ്ങൾ വെളിപ്പാട് 21ലെ സ്വർഗത്തിൽ നിന്നും, ദൈവസന്നിധിയിൽ നിന്നും, ഇറങ്ങിയ പുതിയ യെരൂശലേമിൻറേതാണ്, സ്വർഗത്തിൻറേതല്ല. (ചിലർ അൽപം പൊടിപ്പും തൊങ്ങലും ചേർത്ത് സ്വർഗത്തിൽ 156 തരം റോസപ്പൂക്കൾ ഉണ്ടെന്ന് തട്ടിവിടുന്നത് കേൾക്കുന്നത് ക്രൈസ്തവ ജീവിതത്തിലെ തമാശയായി കണക്കാക്കിയാൽ മതി.)

അമ്മൂമ്മമാരുടെ കഥകളിലൂടെയും, പാട്ടുകളിലൂടെയും, അച്ചന്മാരുടെയും പാസ്റ്റർമാരുടെയും പ്രസംഗങ്ങളിലൂടെയും മരണാനന്തര ജീവിതം സ്വർഗം എന്ന സ്വർണം പതിപ്പിച്ച, വജ്രം പാകിയ ഒരു സ്ഥലത്താണെന്നും, അവിടെ ദൈവം അവിടത്തെ സിംഹാസനത്തിൽ ഇരിക്കുമെന്നും, നാം ചുറ്റിലും നിന്ന് ഹല്ലെലൂയ്യാ പാടിക്കൊണ്ടിരിക്കുമെന്നും നമ്മുടെ മനസ്സിൽ അരക്കിട്ടുറപ്പിച്ചു. കൂട്ടത്തിൽ സ്വർഗത്തിൽ പോയിവന്നു എന്ന് അവകാശപ്പെടുന്ന അച്ചായന്മാരുടെയും അമ്മച്ചിമാരുടെയും സാക്ഷ്യവും കൂടെ ആയപ്പോൾ സംഭവം കുശാൽ.

ദൈവം തൻറെ വിശ്വസ്തർക്കായി കരുതിവെച്ചിരിക്കുന്നത് എന്താണെന്ന് ഊഹിക്കുവാൻ പോലും അച്ചായന്മാരുടെ അച്ചായനായ പൌലോസ് തുനിഞ്ഞില്ല (1കൊരി 2:9) എന്നത് ശ്രദ്ധിക്കുക:

“ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി ഒരുക്കിയിട്ടുള്ളത്
കണ്ണ് കണ്ടിട്ടില്ല,
ചെവി കേട്ടിട്ടില്ല,
ഒരു മനുഷ്യൻറെയും ഹൃദയത്തിൽ (മനസ്സിൽ) തോന്നിയിട്ടുമില്ല”

ക്രിസ്തുവിൽ പ്രിയരേ, ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടി കരുതിവെച്ചിരിക്കുന്ന സമ്മാനം മനുഷ്യചിന്തയ്ക്ക് അപ്രാപ്യമാണ്, മനുഷ്യൻറെ സർഗശക്തിക്ക് അവർണനീയമാണ്.

നമ്മുടെ ഭാവനയിലെ മരണാനന്തര ജീവിതം ഭൂമിയിലെ ജീവിതത്തിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

നാം ഇവിടെ അദ്ധ്വാനിച്ച് സമ്പാദിച്ച് സ്ഥലം വാങ്ങുന്നു, അതിൽ അന്യർ അതിക്രമിച്ച് കടക്കാതിരിക്കുവാൻ മതിലോ വേലിയോ കെട്ടുന്നു. അതുപോലെ തന്നെ മരണാനന്തര ജീവിതത്തിൽ സ്വർഗം എന്ന സ്ഥലത്ത് ഒരു മാളിക ലഭിക്കുക (യോഹ 14:2) എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ടി നാം ജീവിക്കുന്നു. ഇവിടെ ആയിരിക്കുമ്പോഴേ അവിടെയുള്ള മാളികയിൽ ആരെങ്കിലും അതിക്രമിച്ച് കടക്കാതിരിക്കുവാൻ ഇവിടെ ശത്രുക്കളെ സൃഷ്ടിക്കുന്നു, എല്ലാവരെയും സംശയത്തോടെ വീക്ഷിക്കുന്നു. ശത്രുവിനെ സ്നേഹിക്കുവാനും അനുഗ്രഹിക്കുവാനുമുള്ള ദൌത്യം (മത്താ 5:44; ലൂക്കോ 6:27, 35) മറന്നുപോകുന്നു. അയൽവാസിയെ പോലും സ്നേഹിക്കാതെ (മത്താ 19:19; 22:39), അവൻറെ മതം, ജാതി, വർണം, ലൈംഗികത, ദേശീയത, ലിംഗം മുതലായവയുടെ അടിസ്ഥാനത്തിൽ അവനെ വെറുക്കുന്നു, ഒടുക്കുന്നു! എന്നാലും, നമുക്ക് സ്വർഗത്തിൽ മാളിക വേണം!

തേനൂറുന്ന വാക്കുകളാൽ ഞാൻ ദൈവത്തെ അല്ലെങ്കിൽ യേശുവിനെ സ്നേഹിക്കുന്നു എന്ന് പറയുന്നതോ, പാടുന്നതോ അല്ല സ്നേഹം.
1യോഹ 4:20 ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തൻറെ സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവൻ കള്ളനാണ്. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാൻ കഴിയുന്നതല്ല.
സ്വന്തം സഭയുടെ വിശ്വാസപ്രമാണങ്ങൾ അനുസരിക്കുന്നവർ മാത്രമാണ് ചിലർക്ക് സഹോദരന്മാർ. ദൌർഭാഗ്യവശാൽ അത്തരം ഒരു നിർവചനം വേദപുസ്തകത്തിൽ ഇല്ല. ആർക്കും നിനക്ക് അയൽവാസി ആകാമെങ്കിൽ (ലൂക്കോ 10:29-37), ആർക്കും നിൻറെ സഹോദരനാകാം, അതിന് യേശു ഒരു ഉപമ പറഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല.

ദൈവരാജ്യം അല്ലെങ്കിൽ സ്വർഗരാജ്യം അങ്ങ് ബാഹ്യാകാശത്തിനും, പ്രപഞ്ചത്തിനും വെളിയിലുള്ള ഒരു സ്ഥലമാണെന്ന് വേദപുസ്തകത്തിൽ ഇല്ല. ദൈവരാജ്യം നമ്മുടെ പുത്രത്വമാണ്.

നിങ്ങൾ സ്വർഗത്തിലേയ്ക്ക് പോയാൽ ദൈവം അവിടെ ഉണ്ടാവില്ല!


വെളിപ്പാട് പുസ്തകം നമ്മുടെ ഭാവികാലത്തിൽ എപ്പോഴോ നിറവേറാനുള്ളതാണ് എന്നല്ലേ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്? (ഞങ്ങളെ പോലെയുള്ള തലതിരിഞ്ഞ ഭവിതവാദികൾ മാത്രമേ അത് ഒന്നാം നൂറ്റാണ്ടിൽ നിറവേറി എന്ന് വാദിക്കുന്നുള്ളൂ.) അത് നിറവേറിയാൽ ദൈവം ഭൂമിയിൽ ഉണ്ടാകും. എന്താ, വിശ്വാസം വരുന്നില്ലേ?
വെളി 21:2 പുതിയ യെരൂശലേം എന്ന വിശുദ്ധ നഗരം ഭർത്താവിനായി അലങ്കരിക്കപ്പെട്ട മണവാട്ടിയെ പോലെ ഒരുങ്ങി സ്വർഗത്തിൽ നിന്നും, ദൈവസന്നിധിയിൽ നിന്നും, ഇറങ്ങുന്നത് ഞാൻ കണ്ടു.
വെളി 21:3 സിംഹാസനത്തിൽ നിന്നും ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത് ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിൻറെ കൂടാരം; അവിടന്ന് അവരോട് കൂടെ വസിക്കും; അവർ അവിടത്തെ ജനമായിരിക്കും; ദൈവം അവരുടെ ദൈവമായി അവരോട് കൂടെ ഇരിക്കും.
സ്വർഗത്തിൽ നിന്നും, ദൈവസന്നിധിയിൽ നിന്നും, ഇറങ്ങിയ പുതിയ യെരൂശലേം സ്വർഗത്തിലല്ല എന്നത് സുവ്യക്തമല്ലേ? പുതിയ യെരൂശലേമിലാണ് ദൈവത്തിൻറെ കൂടാരം! എന്താ വിശ്വാസം വരുന്നില്ലേ, വീണ്ടും, വീണ്ടും (ഇംഗ്ലീഷിലോ, ഗ്രീക്കിലോ) വായിച്ചോളൂ!

ദൈവത്തിൻറെ സിംഹാസനവും സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന പുതിയ യെരൂശലേമിലാണ്:
വെളി 22:1 നഗരത്തിലെ വീഥിയുടെ നടുവിൽ ദൈവത്തിൻറെയും കുഞ്ഞാടിൻറെയും സിംഹാസനത്തിൽ നിന്നും പുറപ്പെടുന്ന പളുങ്ക് പോലെ ശുഭ്രമായ ജീവജലത്തിൻറെ നദിയും അവൻ എന്നെ കാണിച്ചു.
ഇവിടെ നഗരം എന്ന് പരാമർശിച്ചിരിക്കുന്നത് പുതിയ യെരൂശലേമിനെ പറ്റിയാണ്. അവിടെയാണ് - സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന പുതിയ യെരൂശലേമിലാണ് - ദൈവത്തിൻറെ സിംഹാസനം, സ്വർഗത്തിലല്ല!

ഇനി മുതൽ ആരെയെങ്കിലും ശപിക്കണമെങ്കിൽ അവരോട് സ്വർഗത്തിൽ പോയി തൊലയെടാ! എന്ന് ധൈര്യമായി പറഞ്ഞോളൂ! അവൻറെ ഗതി കയീൻറെ ഗതിയായിരിക്കും! ദൈവത്തിൻറെ സാന്നിദ്ധ്യമില്ലാതെ അവൻ അലഞ്ഞുതിരിയും!


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Saturday, November 19, 2016

① സാർവത്രിക അനുരഞ്‌ജനത്തിൻറെ ആവശ്യകത.

ക്രിസ്തുവിൽ പ്രിയരെ,

മുന്നറിയിപ്പ്: ഈ പരമ്പര ലോലഹൃദയർക്ക് വേണ്ടിയുള്ളതല്ല.

ഈ പരമ്പര നിങ്ങളുടെ വിശ്വാസങ്ങളെ ബാധിക്കും. നിങ്ങൾ കേൾക്കാത്തത് കേൾക്കും, അറിയാത്തത് അറിയും. നിങ്ങളുടെ ദൈവവിശ്വാസം വർദ്ധിപ്പിക്കും, മതവിശ്വാസം കുറയ്ക്കും.

ചിലർക്ക് സാർവത്രിക അനുരഞ്‌ജനം (Universal Reconciliation) എന്ന് കേട്ടലുടനെ കിറുക്കിളകും. പിന്നെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അർത്ഥമുണ്ടാകണമെന്ന് യാതൊരു പിടിവാശിയുമില്ല.
“അങ്ങനെയാണേൽ മുസ്ലീങ്ങൾ സ്വർഗത്തിൽ പോകുമോ?”
“അങ്ങനെയാണേൽ ശ്രീകൃഷ്ണനെ ആരാധിക്കുന്നവർ സ്വർഗത്തിൽ പോകുമോ?”
“അങ്ങനെയാണേൽ ഹിറ്റ്‍ലർ സ്വർഗത്തിൽ പോകുമോ?”
“അങ്ങനെയാണേൽ ...
“അങ്ങനെയാണേൽ ...
പൊട്ടച്ചോദ്യങ്ങൾക്ക് അന്ത്യമില്ല.
സാർവത്രിക അനുരഞ്‌ജനം എന്ന ഒരു സംഭവം വേദപുസ്തകത്തിലേ ഇല്ല എന്ന് തറപ്പിച്ച് പ്രസ്താവിക്കുന്നവരുണ്ട്. സത്യം പറയട്ടേ, അവർ വേദപുസ്തകമല്ല പഠിച്ചിട്ടുള്ളത്, അവരുടെ സഭയുടെ വിശ്വാസപ്രമാണമാണ്. ഇനി അഥവാ വേദപുസ്തകത്തിൽ നിന്നും സാർവത്രിക അനുരഞ്‌ജനത്തിന് ഉപോദ്ബലകമായ വചനങ്ങൾ കാണിച്ചുകൊടുത്താൽ ആ വചനങ്ങളെ തങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായി വളച്ചൊടിക്കുന്നത് സർവസാധാരണമാണ്.

സാർവത്രിക അനുരഞ്ജനം അന്ത്യത്തിലെ രക്ഷ അല്ല.


സാർവത്രിക അനുരഞ്ജനം (Universal Reconciliation) സാർവത്രിക രക്ഷയോ (Universal Salvation), അന്ത്യത്തിലെ രക്ഷയോ (Ultimate Salvation) അല്ല . സാർവത്രിക രക്ഷ, അന്ത്യത്തിലെ രക്ഷ എന്നീ സിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നത് യേശു ഭാവിയിൽ മടങ്ങിവന്ന്, ലോകത്തിന് ന്യായവിധി നടത്തി, വിശുദ്ധന്മാരെ രക്ഷിക്കുകയും, പാപികളോട് ഔദാര്യം പ്രദർശിപ്പിച്ച്, അവരെയും രക്ഷിക്കും എന്നാണ്. അത്തരം പ്രബോധനങ്ങൾ നടത്തുന്നവരുടെ കാഴ്ചപ്പാടിൽ നമ്മുടെ ഭാവികാലത്ത് എപ്പോഴോ ഒരു ന്യായവിധിയും, ശിക്ഷയും, അതുകഴിഞ്ഞ് ശിക്ഷിക്കപ്പെട്ടവരുടെ രക്ഷയുമാണുള്ളത്. വെളിപ്പാട് പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള തീപ്പൊയ്ക അവരുടെ കാഴ്ചപ്പാടിൽ ശുദ്ധീകരിക്കുന്നതിനുള്ള ഒരു ഉപാധിയാണ്. അത് തെളിയിക്കുവാൻ അവർ പഴയനിയമത്തിൽ ലോഹങ്ങൾ ശുദ്ധീകരിക്കുവാൻ തീച്ചൂള ഉപയോഗിക്കുന്നതിൻറെ ഉദാഹരണങ്ങൾ എടുത്തുകാണിക്കും.

അത്തരം സിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നവർക്ക് ആധാരമായുള്ളത് എല്ലാവരും രക്ഷിക്കപ്പെടും എന്ന് പരാമർശിക്കുന്ന വചനങ്ങൾ മാത്രമാണ്. ആ വചനങ്ങൾ സത്യവും വിശ്വസനീയവും ആണെങ്കിലും, ആ രക്ഷ എങ്ങനെ സാധിച്ചെടുക്കും എന്നതിനെ പറ്റി അവർക്ക് വ്യക്തതയില്ല. അവർ കൃപയെ പറ്റി വാതോരാതെ പ്രസംഗിക്കുമ്പോഴും അന്തിമ ന്യായവിധിയുടെ ഭീഷണി ഡമോക്ലിസിൻറെ വാൾ പോലെ തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്നു. അത്തരം ഒരു ഭീഷണി നിലനിൽക്കുമ്പോൾ കൃപ എന്ന വാക്കിന് അർത്ഥമില്ലാതാകുന്നു.


സാർവത്രിക അനുരഞ്ജനം (Universal Reconciliation) എന്ന സിദ്ധാന്തത്തിൽ നമ്മുടെ ഭാവികാലത്തിൽ  നടക്കേണ്ട ഒരു ന്യായവിധിയെ സംബന്ധിച്ച ഭീഷണിയില്ല. അനുരഞ്ജനം ക്രിസ്തുവിൻറെ കുരിശിലൂടെ സാധിച്ചതാണ്.

സാർവത്രിക അനുരഞ്ജനം എന്താണെന്ന് മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യണമെങ്കിൽ ന്യയവിധി എപ്പോഴായിരുന്നു?, ന്യയവിധി ആർക്കായിരുന്നു?, ജാതികൾ ആരാണ്? രക്ഷിക്കപ്പെടുക എന്നതിൻറെ അർത്ഥം എന്താണ്? തുടങ്ങി അനേകം വിഷയങ്ങളെ പറ്റിയുള്ള വ്യക്തത വേണം. അത്തരം വ്യക്തത നൽകുവാൻ ദൈവകൃപയാൽ കഴിയും എന്ന പ്രതീക്ഷയോടെ, ഈ പരമ്പര എന്നെക്കാൾ ജ്ഞാനികളും സമർത്ഥരുമായ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു.

വിശ്വസിക്കുവാൻ വചനം കേൾക്കണം, വേണ്ടേ?


വേണമെന്നാണ് വേദപുസ്തകം പറയുന്നത്, പക്ഷേ, ക്രൈസ്തവർ സമ്മതിക്കുവോ?
റോമ 10:14 അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും?
റോമ 10:15 ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും?...
റോമ 10:17 ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു.
(10:16ൽ കേട്ടു എന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേലുകാരെ പറ്റിയാണ്.)

ലോകത്തിൽ എല്ലായിടത്തും സുവിശേഷം പ്രചരിപ്പിക്കുന്ന ജോഷ്വാ പ്രോജക്ട് എന്ന സംഘടന പറയുന്നത് ലോക ജനസംഖ്യയുടെ 42% സുവിശേഷം കേട്ടിട്ടില്ല എന്നാണ്. ഇത് 2016ലെ കണക്ക്. ഓരോ ദശകം പുറകോട്ട് പോകുന്തോറും സുവിശേഷം കേട്ടവരുടെ ശതമാനം കുറഞ്ഞുവരും.

സുവിശേഷം കേൾപ്പിക്കേണ്ടത് ആരുടെ ബാധ്യത?


ചില ക്രൈസ്തവരുടെ ധാരണ കോങ്കോ വനത്തിൽ കിഴങ്ങ് മാന്തുന്ന പിഗ്മികളും, ഗ്രീൻലാൻഡിൽ ഇഗ്ലൂ കെട്ടുന്ന എക്‌സിമോകളും, നൈജിരിയയിലും, സുമേറിയയിലും കുടിവെള്ളമില്ലാത്തതിനാൽ പശുവിൻറെ മൂത്രം കുടിക്കുവാൻ അർദ്ധപ്രാണനുമായി ഇഴയുന്ന പട്ടിണിക്കോലങ്ങളും അവരുടെ പരിപാടികളെല്ലാം ഉപേക്ഷിച്ച്, യിസ്രായേലിൽ ഒരു രക്ഷകൻ ജനിച്ചത് അന്വേഷിച്ച് പുറപ്പെടണമെന്നാണ്. വേദപുസ്തകത്തിന് ഈ വിഷയത്തിൽ ക്രൈസ്തവരുടെ അത്രയും കടുംപിടുത്തമില്ല, കാരണം, വേദപുസ്തകം സുവിശേഷം കേൾപ്പിക്കേണ്ട ബാധ്യത ദൈവത്തിൻറേതാണ് എന്ന് സൂചിപ്പിക്കുന്നു.
റോമ 10:14 ... പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും?
റോമ 10:15 ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും?...
സുവിശേഷം ആൾക്കാരിലേയ്ക്ക് എത്തിക്കേണ്ട ബാധ്യത ദൈവത്തിൻറേതാണ്. പിഗ്മികളും, എസ്കിമോകളും, ഇരുളരും, കാടരും, കുറുമ്പമ്മാരും സുവിശേഷം തേടി പുറപ്പെടേണ്ട കാര്യമില്ല; അത് അവരുടെ ബാധ്യതയല്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ 42% മനുഷ്യർ സുവിശേഷം കേട്ടിട്ടില്ലെങ്കിൽ, അവരിലേയ്ക്ക് ദൈവം സുവിശേഷം എത്തിച്ചിട്ടില്ല. (“ഗ്രേറ്റ് കമ്മീഷൻ” നിറവേറ്റാനാണെന്ന് പറഞ്ഞ്, ദശാംശം വാങ്ങി, പുട്ടടിക്കാതെ ബി.എം.ഡബ്യുവും ബംഗ്ലാവും വാങ്ങിയ പാസ്റ്റർമാരെ ദൈവം അയച്ചതല്ലായിരിക്കാം.)

ക്രിസ്തുവിൽ പ്രിയരെ, ഒരു ചോദ്യം ചോദിച്ചോട്ടേ? സുവിശേഷം കേൾക്കുവാൻ അവസരം ലഭിക്കാതിരുന്ന (നിഷേധിക്കപ്പെട്ട) ഈ 42% പേരെ എന്ത് മാനദണ്ഡത്തിലാണ് ദൈവം നരകത്തിലിട്ട് ചുട്ട്, പൊരിച്ച്, പുഴുങ്ങി, വറുക്കുവാൻ പോകുന്നത്?


“അറിവില്ലായ്മ ഒഴികഴിവല്ല!”, ശരിക്കും അല്ലേ‽


പല ക്രൈസ്തവ നിയമവാദികളും പാടുന്ന ഒരു പല്ലവിയാണ് “അറിവില്ലായ്മ ഒഴികഴിവല്ല!” എന്നത്. അതായത്, ഒരാൾക്ക് ദൈവത്തെ പറ്റിയോ, യേശുവിനെ പറ്റിയോ അറിയാത്തത് അയാൾ ശിക്ഷിക്കപ്പെടാതിരിക്കുവാൻ കാരണമല്ലെന്ന് അർത്ഥം. അത്തരം വാദമുഖങ്ങൾ സമർത്ഥിക്കുവാൻ അവർ പഴയനിയമത്തിൽ നിന്നും വചനങ്ങൾ കണ്ടെത്തും. അവർ കണ്ടെത്തുന്ന വചനങ്ങൾ ന്യായപ്രമാണത്തിലെ കൽപനകളെ പറ്റിയുള്ള അറിവില്ലായ്മയെ സംബന്ധിച്ചുള്ളതാണ് (ലേവ്യ 4), ദൈവം നിലനിൽക്കുന്നു എന്ന അറിവില്ലാത്തിനെ പറ്റിയല്ല. അതുപോലെ തന്നെ ലൂക്കോ 12:47, 48ൽ അപ്പൊസ്തലന്മാരെ പറ്റി എഴുതിയിരിക്കുന്ന കാര്യങ്ങൾ സാമാന്യവൽക്കരിക്കുന്നവരുമുണ്ട്.

യേശു കുരിശിൽ കിടന്നുകൊണ്ട്: “പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയാത്തതിനാല്‍ ഇവരോട് ക്ഷമിക്കേണമേ” എന്ന് തന്നെ ക്രൂശിച്ച റോമൻ സൈനികർക്കായി പ്രാർത്ഥിച്ചത് ഓർമ്മിക്കുക. (അല്ല, ഇത് യെഹൂദർക്ക് വേണ്ടി പ്രാർത്ഥിച്ചതല്ല, അങ്ങനെയായിരുന്നെങ്കിൽ പിതാവ് അവിടത്തെ പ്രാർത്ഥന കേട്ടില്ല എന്നുവേണം കരുതുവാൻ, കാരണം, കി.പി 70ൽ യെഹൂദർക്ക് ശിക്ഷ ലഭിച്ചു എന്നതുതന്നെ. യെഹൂദർക്ക് ലഭിച്ച ശിക്ഷയെ പറ്റി പരാമർശിച്ചതുകൊണ്ട്, ആ ശിക്ഷ സാർവത്രിക അനുരഞ്‌ജനം തെറ്റാണെന്ന് തെളിയിക്കുന്നില്ലേ? എന്ന ചോദ്യം ഉയരാം. അതേപ്പറ്റി, കർത്താവിന് ചിത്തമായിരുന്നാൽ നാം ഈ പരമ്പരയിൽ പഠിക്കും.)

അക്ഷരാഭ്യാസമില്ലാത്തവർ, ബുദ്ധിവൈകല്യമുള്ളവർ, സുവിശേഷം എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ദുർവിശേഷം സ്വീകരിക്കാതിരുന്നവർ, കുട്ടികളായിരിക്കുമ്പോഴേ മരണമടഞ്ഞവർ, ചാപിള്ളകളായി പിറന്നവർ, സുവിശേഷകർ എത്താത്ത സ്ഥലങ്ങളിലുള്ളവർ, വേദപുസ്തകവും, ക്രൈസ്തവ മതവും നിരോധിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലുള്ളവർ ഇങ്ങനെയുള്ളവരെ അവരുടേതല്ലാത്ത തെറ്റുകൾക്ക് ശിക്ഷിക്കുന്ന ദൈവം സ്നേഹമയനല്ല, നീചനാണ്.


ഇത്തരം ചോദ്യങ്ങൾ ഉയരുന്നതിന് മുമ്പുവരെ, യേശുവിൽ വിശ്വസിക്കാത്തവരെല്ലാം നരകത്തിൽ പതിക്കും എന്ന് വാദിക്കുന്നവർ സ്വരം മാറ്റി: “സുവിശേഷം കേൾക്കുവാൻ അവസരം ലഭിക്കാത്തവർ മനസ്സാക്ഷിക്ക് അനുസൃതമായി വിധിക്കപ്പെടും” എന്ന് പറഞ്ഞ്, ഒഴിഞ്ഞുമാറും. അതായത്, അത്തരക്കാരുടെ കാര്യത്തിൽ യേശുവിലുള്ള വിശ്വാസം ആവശ്യമില്ല എന്ന് അവർ സമർത്ഥിക്കുന്നു.

സാർവത്രിക അനുരഞ്‌ജനം യേശുവിൻറെ പ്രാധാന്യം കുറയ്ക്കുന്നു എന്ന് അവകാശപ്പെടുന്ന ക്രൈസ്തവരുടെ സിദ്ധാന്തങ്ങളാണ് മുകളിൽ അവതരിപ്പിച്ചത്. സാർവത്രിക അനുരഞ്‌ജനം ദൈവദൂഷണമാണെന്ന് പറയുന്നവർ, യേശുവിൻറെ വിലയിടിച്ച് കാണിക്കുന്ന, മനസ്സാക്ഷിക്ക് അനുസൃതമായി യേശുവിനെ അറിയാത്തവർ വിധിക്കപ്പെടും എന്ന് അവകാശപ്പെടുന്ന അവരുടെ സിദ്ധാന്തത്തിന് സർവത്രദൂഷണം എന്ന് പേരിടേണ്ടിവരും.

സാർവത്രിക അനുരഞ്ജനത്തിന് വിരോധമായി നിങ്ങൾ തുരുപ്പുചീട്ട് പോലെ കരുതിവെച്ചിരിക്കുന്ന ആ വചനമുണ്ടല്ലോ? അതിന്, കർത്താവിന്  ചിത്തമായിരുന്നാൽ, ഈ പരമ്പരയിൽ മറുപടി ലഭിക്കും.
തുടരും...

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ