Saturday, December 17, 2016

⑫ “വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” (മർക്കോ 16:16)

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ പന്ത്രണ്ടാമത്തെ ലേഖനമാണ്, , , , , , , , , , , ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.

“വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.” (മർക്കോ 16:16)
ഈ വചനത്തിൻറെ അടിസ്ഥാനത്തിൽ ലോകത്തിലുള്ള ജനങ്ങളെ രണ്ട് വിഭാഗമായി കാണുന്നവരാണ് അധികവും:
  1. വിശ്വസിച്ച് സ്നാനം ഏല്‍ക്കുന്നവർ.
  2. വിശ്വസിക്കാത്തവർ.
വിശ്വസിച്ച് സ്നാനം ഏല്‍ക്കാത്തവരെല്ലാം വിശ്വസിക്കാത്തവരാണെന്ന് തറപ്പിച്ച് പറയുവാൻ കഴിയുമോ? ചില ഉദാഹരണങ്ങൾ:
  • എത്രയോ വിശ്വാസികളുടെ മക്കൾ വിശ്വാസികളായിരുന്നിട്ടും പ്രായപൂർത്തിയാകാത്തതിനാൽ സ്നാനം ഏൽക്കാത്തവരായുണ്ട്? അങ്ങനെയുള്ളവർ അകാലത്തിൽ മരിച്ചാൽ അവരെ വിശ്വസിക്കാത്തവരുടെ കൂടെ ശിക്ഷാവിധിക്ക് വിധേയരാക്കുമോ?
  • എത്രയോ പേർ സ്നാനം ഏൽക്കുവാൻ കഴിയാത്ത വിധത്തിൽ രോഗികളും അവശരും ആയിരുന്നപ്പോൾ വിശ്വസിച്ചവരുണ്ട്? അവരെയും വിശ്വസിക്കാത്തവരെ പോലെ പരിഗണിക്കുമോ? (ഇത്തരം അനുഭവം എനിക്കുണ്ട്.)
  • വേറെ വിശ്വാസികൾ ഇല്ലാത്ത ദേശത്ത് ജീവിച്ചതിനാൽ വിശ്വസിച്ചിട്ടും സ്നാനം ഏൽക്കുവാൻ കഴിയാതെ പോയവരുണ്ട്. അവരും അവരുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുമോ?
വചനം ഒരിക്കലും കേൾക്കാത്തവരെ വിശ്വസിക്കാത്തവരായി പരിഗണിക്കുവാൻ കഴിയുമോ? (റോമ 10:17)

[മർക്കോസ് 16:9 മുതൽ 20 വരെയുള്ള വചനങ്ങൾ പല കൈയ്യെഴുത്തുപ്രതികളിലും ഇല്ലെന്നും, അത് പിൽക്കാലത്ത് ചേർത്തതാണെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. അത് അങ്ങനെയല്ല എന്ന് പരിഗണിച്ചുകൊണ്ട് നമുക്ക് തുടരാം.]

വേദപുസ്തകത്തിൽ ഒരാൾ അയാളുടെ സമകാലീനരോട് പറഞ്ഞ കാര്യങ്ങൾ അവർ എങ്ങനെ ഉൾക്കൊണ്ടു എന്നത് പ്രധാനമാണ്. 1കൊരി 5:5ൽ വ്യഭിചാരിയായ മനുഷ്യനെ സാത്താന് ഏൽപിക്കുവാൻ പൌലോസ് കൊരിന്ത സഭയോട് നിർദ്ദേശിച്ചപ്പോൾ പൌലോസ് ഉദ്ദേശിച്ചത് അയാളെ സഭയിൽ നിന്നും പുറത്താക്കുവാൻ ആയിരുന്നു എന്ന് കൊരിന്ത് സഭയിലുള്ളവർ മനസ്സിലാക്കി. (2കൊരി 2:6-8)

മർക്കോ 16:16ൽ യേശു പറഞ്ഞ കാര്യങ്ങൾക്ക് ആഗോളവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ശിഷ്യന്മാർ മനസ്സിലാക്കിയിരുന്നെങ്കിൽ അവർ എന്തുകൊണ്ട് യെഹൂദർ വസിക്കുന്ന നാടുകളിൽ മാത്രം പര്യടനം നടത്തി? ഇന്ത്യയിൽ വരുന്നതിന് മുമ്പ് ചൈനയിൽ പോയിരുന്ന തോമസ്, ആ വിസ്തൃതമായ ദേശം മുഴുവൻ സഞ്ചരിക്കാതെ അതിൻറെ ഓരത്തിലൂടെ മാത്രം കടന്നുപോയി? ഇന്ത്യയിൽ യെഹൂദന്മാരുടെ കുടിയിരുപ്പുകളുള്ള കേരളത്തിൽ മാത്രം വന്നു? അന്ത്രയോസ് റഷ്യ എന്ന വലിയ ദേശത്തിൻറെ ഒരു മൂലയിൽ മാത്രം പര്യടനം നടത്തി? ഇവർക്കൊന്നും വേണ്ടത്ര സമയം ഇല്ലായിരുന്നു എന്നത് ഒരു യുക്തിയുക്തമായ ഉത്തരമല്ല. കാരണം ചൈനയിൽ പോയ തോമസും, റഷ്യയിൽ പോയ അന്ത്രയോസും ആ ദേശങ്ങളിൽ മാത്രം പൂർണ്ണമായി പര്യടനം നടത്തിയിരുന്നെങ്കിൽ യൂറേഷ്യയുടെ 48.74% പ്രദേശത്തും സുവിശേഷം പ്രസംഗിക്കപ്പെടുമായിരുന്നു.

യേശു അവരോട് സംസാരിച്ചത് ലോകത്തിന് മുഴുവൻ ബാധകമല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അവർ വിവേചന ബുദ്ധിയോടെ യെഹൂദരുടെ കുടിയിരുപ്പുകളിലേയ്ക്ക് മാത്രം പോയത്.

സകല “സൃഷ്ടി”യോടും സുവിശേഷം പ്രസംഗിക്കുവിൻ!


യേശു ശിഷ്യന്മാരെ ആദ്യമായി സുവിശേഷ പ്രസംഗത്തിന് അയച്ചപ്പോൾ അവർക്ക് നൽകിയ നിർദ്ദേശങ്ങൾക്കും ഇവിടെ നൽകിയ നിർദ്ദേശങ്ങൾക്കും തമ്മിലുള്ള പ്രധാന വ്യത്യാസം ജ്ഞാനസ്നാനത്തെ പറ്റിയുള്ള പരാമർശമാണ്.
മത്താ 10:5, “ജാതികളുടെ അടുത്ത് പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും, യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുത്തേയ്ക്ക് ചെല്ലുവിന്‍”.
മത്താ 10:14, 15 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍ ആ വീടോ പട്ടണമോ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. ന്യായവിധി ദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോമ്യരുടെയും ഗൊമോര്യരുടെയും ദേശത്തിന് സഹിക്കുവാന്‍ ആകും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.”
മർക്കോ 16:15, 16 “നിങ്ങള്‍ ഭൂലോകത്തില്‍ എല്ലാം പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.
ഈ രണ്ട് സന്ദർഭങ്ങളിലും സുവിശേഷ പ്രഘോഷണമുണ്ട്, അത് സ്വീകരിക്കാത്തവർക്ക് ശിക്ഷാവിധിയുണ്ട്.

സകല “സൃഷ്ടി”യോടും സുവിശേഷം പ്രസംഗിക്കുവാനുള്ള ആഹ്വാനം അനുസരിച്ച് ആരെങ്കിലും പട്ടിയോടോ, പൂച്ചയോടോ സുവിശേഷം പ്രസംഗിക്കുന്നത് കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ? (തെരുവുവിളക്കിനോട് സുവിശേഷം പ്രസംഗിക്കുന്ന ഉപദേശിമാരെ പറ്റി ഈ.എം.ഫോർസ്റ്റർ എഴുതിയിട്ടുണ്ട്. അത്തരക്കാരെ ഞാനും കണ്ടിട്ടുണ്ട്. തെരുവുവിളക്ക് “സൃഷ്ടി” എന്ന വാക്കിൻറെ അർത്ഥവ്യാപ്തിയിൽ വരില്ലല്ലോ?)

ഈ വചനങ്ങൾ മനസ്സിരുത്തി വായിക്കുക:
ഗലാ 6:15 പരിച്ഛേദനയല്ല (യെഹൂദർ) അഗ്രചര്‍മ്മവും (ജാതികൾ) അല്ല പുതിയ സൃഷ്ടിയാണ് കാര്യം.
ഗലാ 6:16 ഈ പ്രമാണം അനുസരിച്ച് നടക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.
യെഹൂദരെന്നോ ജാതികളെന്നോ വ്യത്യാസങ്ങൾ ഇല്ലാത്ത പുതിയ സൃഷ്ടിയാണ് ദൈവത്തിൻറെ യിസ്രായേൽ. അപ്പോൾ, പഴയ സൃഷ്ടി അത്തരം വ്യത്യാസങ്ങൾ ഉള്ള [പഴയ] യിസ്രായേലാണ്. അവരോടാണ് സുവിശേഷം പ്രസംഗിക്കുവാൻ യേശു ആഹ്വാനം ചെയ്തത്.

മത്തായി 10ൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ, യിസ്രായേല്യരുടെ ഇടയിൽ സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ട് അവർ കേൾക്കാതിരുന്നാൽ അങ്ങനെ കേൾക്കാതിരിക്കുന്നവർ ശിക്ഷാവിധിക്ക് വിധേയരാകും എന്നതാണ് മർക്കോ 16:15-16ൻറെയും താൽപര്യം. അവർക്കുള്ള ശിക്ഷാവിധി ഒന്നാം നൂറ്റാണ്ടിൽ കഴിഞ്ഞുപോയി. ലോകത്തിൽ ഏറെക്കുറെ എല്ലായിടങ്ങളിലുമുള്ള അവരുടെ കുടിയിരുപ്പുകളിൽ അവർ പീഡിപ്പിക്കപ്പെട്ടു, അവരുടെ ദേവാലയം നാശമായി, അവരുടെ സമ്പദ്‍വ്യവസ്ഥ താറുമാറായി, ബഹുഭൂരിപക്ഷവും വധിക്കപ്പെട്ടു. ധാരാളം പേർ അടിമകളായി വിവിധ ദേശങ്ങളിലേയ്ക്ക് കൊണ്ടുപോകപ്പെട്ടു.

കുറഞ്ഞപക്ഷം, യെരൂശലേമിലെങ്കിലും ക്രൈസ്തവരായവർ ആളപായമില്ലാതെ “രക്ഷിക്കപ്പെട്ടു” എന്ന് ഫ്ലേവിയസ് ജോസഫസിൻറെ യൂദന്മാരുടെ പുരാവൃത്തം (Antiquities of the Jews) എന്ന സമാഹാരത്തിലെ ആറാം പുസ്തകം 1.1ൽ കാണാം.

ഇവിടം വരെ വായിച്ചെത്തിയപ്പോൾ രക്ഷിക്കപ്പെടുക എന്ന പദത്തിന് യെഹൂദർക്ക് സംഭവിച്ച ദുരന്തത്തിൽ നിന്നും രക്ഷിക്കപ്പെടുക എന്നേ അർത്ഥമുള്ളോ എന്ന സംശയം നിങ്ങൾക്ക് തോന്നിയെങ്കിൽ അതിൽ അതിശയമില്ല. ദുർബോധന എന്ന് ആക്രോശിച്ചുകൊണ്ട് ബ്ലോഗുകൾ എഴുതുവാനും, വീഡിയോകൾ ഇറക്കുവാനും വരട്ടെ, അടിയൊന്നുമായിട്ടില്ല, വടി വെട്ടാൻ പോയിട്ടേയുള്ളൂ. തുടർന്നുവരുന്ന ലേഖനങ്ങളിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടും.
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment