Friday, December 30, 2016

⑮ “എൻറെ പിതാവിൻറെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്”, എവിടെ?

ക്രിസ്തുവിൽ പ്രിയരെ,

നിങ്ങളും എന്നെപ്പോലെ ഒരു സാധാരണ ക്രൈസ്തവനാണെങ്കിൽ, മരണാനന്തരം നാം ഈ പ്രപഞ്ചത്തിൻറെ വിദൂരമായ ഒരു കോണിലോ പുറത്തോ ഉള്ള സ്വർഗം എന്ന മനോഹരമായ ഒരു സ്ഥലത്ത് രത്നക്കല്ലുകൾ പതിച്ച ഒരു സൌധത്തിൽ വസിക്കും. അവിടത്തെ സ്വർണം പതിച്ച തെരുവിലൂടെ സായാഹ്ന സവാരി നടത്തും, പ്രഭാതത്തിലും സന്ധ്യയ്ക്കും ദൈവത്തിന് വെഞ്ചാമരം വീശി, ഹല്ലേലൂയ പാടും എന്നൊക്കെ സങ്കൽപിച്ചിട്ടുണ്ടാകും. ഇത്തരം സങ്കൽപത്തിന് ആധാരം ഈ വചനങ്ങളാണ്:
യോഹ 14:2 എൻറെ പിതാവിൻറെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്; ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയമായിരുന്നു. ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു.
യോഹ 14:3 ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കുവാൻ പിന്നെയും വന്ന് നിങ്ങളെ എൻറെ അടുത്ത് ചേർത്തുകൊള്ളും.

ചോദ്യം ①: ഈ വേദഭാഗത്തിൽ സ്വർഗം എവിടെ?

ഈ വചനങ്ങൾ ദയവായി വീണ്ടും വായിക്കുക: ഇത്തവണ ഈ വചനങ്ങളിൽ സ്വർഗം എന്ന പദം എത്ര പ്രാവശ്യം എത്ര തവണ എഴുതിയിട്ടുണ്ട് എന്ന് എണ്ണുക. എണ്ണിയോ? എത്ര കിട്ടി? എനിക്ക് പൂജ്യമാണ് കിട്ടിയത് (1-1=0 എന്നതിലെ പൂജ്യം). നിങ്ങൾക്കോ?

“എൻറെ പിതാവിൻറെ ഭവനം” എന്ന പദസമുച്ചയത്തിന് സ്വർഗം എന്ന അർത്ഥം വേദപുസ്തകത്തിൽ ഉണ്ടോ? ഇതേ പദസമുച്ചയം, യോഹന്നാൻ തന്നെ, മറ്റൊരിടത്ത് ഉപയോഗിച്ചിട്ടുണ്ട്.
യോഹ 2:16 പ്രാവുകളെ വിൽക്കുന്നവരോട്: “ഇത് ഇവിടെ നിന്നും കൊണ്ടുപോകുവിൻ; എൻറെ പിതാവിൻറെ ആലയത്തെ (ഭവനത്തെ - my Father's house) വാണിഭശാല ആക്കരുത്!” എന്ന് പറഞ്ഞു.
ഈ വചനത്തിൻറെ സന്ദർഭം നമുക്ക് അറിയാം. ഇത് നടക്കുന്നത് സ്വർഗത്തിൽ അല്ല, യെരൂശലേമിലെ ദേവാലയത്തിലാണ് എന്നും അറിയാം. (ഈ രണ്ട് വചനങ്ങളിലും ഒരേ ഗ്രീക്ക് വാക്കിൻറെ തത്ഭവങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ ഗ്രീക്ക് പരിജ്ഞാനം ഉപയോഗിച്ച് ഒന്നിനെ സ്വർഗത്തിൽ എത്തിക്കുവാൻ കഴിയില്ല.)

ചോദ്യം ②: ഈ വേദഭാഗത്തിൽ സ്വർഗത്തിലേയ്ക്ക് കൊണ്ടുപോകും എന്ന് പറഞ്ഞിട്ടുണ്ടോ?

യേശു പറഞ്ഞത് വീണ്ടും വായിക്കുക: “ഞാൻ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കുവാൻ പിന്നെയും വന്ന് നിങ്ങളെ എൻറെയടുത്ത് ചേർത്തുകൊള്ളും”.

യേശു ഇങ്ങോട്ട് വന്ന് നമ്മളെ അവിടത്തോട് ചേർക്കും, അവിടന്ന് എവിടെയായിരുന്നാലും നാം അവിടെയായിരിക്കും, എന്നല്ലാതെ, നമ്മളെ സ്വർഗം എന്ന ഒരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുമെന്ന് നമ്മുടെ കർത്താവ് പറഞ്ഞിട്ടുണ്ടോ?

അതേ അദ്ധ്യായം, അതേ ഗ്രീക്ക് വാക്ക്, മറ്റൊരു അർത്ഥം.


യോഹ 14:2ൽ വാസസ്ഥലങ്ങൾ  എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് മൊനെ (μονή, സ്ട്രോങ്സ് നിഘണ്ടുവിൽ G3438 - ഏകദേശം മലയാളത്തിലെ മന എന്ന വാക്ക് പോലെ) ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വചനം ഉണ്ട്.
യോഹ 14:23 യേശു അവനോട്: എന്നെ സ്നേഹിക്കുന്നവൻ എൻറെ വചനം പ്രമാണിക്കും; എൻറെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവൻറെ അടുത്തുവന്ന് അവനോട് കൂടെ വാസം ചെയ്യും.
Joh 14:23 Jesus answered and said unto him, If a man love me, he will keep my words: and my Father will love him, and we will come unto him, and make our abode[G3438] with him.
ഇതേ വാക്ക് യോഹ 14:2ൽ കാണുക.
Joh 14:2 In my Father's house are many mansions[G3438]: ...
ഈ രണ്ട് സന്ദർഭങ്ങളിലും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കിൻറെ പ്രത്യയരൂപങ്ങൾ വ്യത്യസ്തമാണെന്നത് വലിയ കാര്യമല്ല, കാരണം: ഈ രണ്ട് സന്ദർഭങ്ങളിലും നമ്മുടെ കർത്താവ് നമ്മുടെ അടുത്തേയ്ക്ക് വരികയാണ് ചെയ്യുന്നത്. തന്നെയുമല്ല, പിതാവും, യേശുവും യേശുവിനെ സ്നേഹിക്കുന്നവൻറെ അടുത്തുവന്ന് അവനോട് കൂടെ വാസം ചെയ്യും. അവനെയും കൂട്ടിക്കൊണ്ട് സ്വർഗത്തിലേയ്ക്ക് പോകും എന്ന് എഴുതിയിട്ടുണ്ടോ? വീണ്ടും, വീണ്ടും വായിച്ചുനോക്കൂ.

“പിന്നീട് നീ എന്നെ അനുഗമിക്കും”

നാം സ്വർഗത്തിലേയ്ക്ക് പോകും എന്ന ആശയത്തെ സമർത്ഥിക്കുന്നതാണ് എന്ന് ഞാൻ കരുതിയിരുന്ന ഒരു വേദഭാഗമാണ് യോഹ 13:33-36. പലരും ഈ വേദഭാഗത്തെ പറ്റി സമാനമായ രീതിയിൽ ചിന്തിച്ചിരിക്കാം എന്നതിനാൽ ആ വേദഭാഗം ഇവിടെ അവതരിപ്പിക്കുന്നു:
യോഹ 13:33 കുഞ്ഞുങ്ങളേ, ഞാൻ ഇനി അൽപം മാത്രം നിങ്ങളോട് കൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്ന് ഞാൻ യെഹൂദരോട് പറഞ്ഞത് പോലെ ഇന്ന് നിങ്ങളോടും പറയുന്നു.
യെഹൂദരോട് പറഞ്ഞ കാര്യങ്ങൾ:
യോഹ 7:33 “ഇനി കുറെനേരം നിങ്ങളോട് കൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്‍റെ അടുത്ത് പോകുന്നു.
യോഹ 7:34 നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ല; ഞാന്‍ ഇരിക്കുന്നിടത്ത് നിങ്ങള്‍ക്ക് വരുവാന്‍ കഴിയുകയുമില്ല.”
യോഹ 8:21 “ഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും; ഞാന്‍ പോകുന്നിടത്തേക്ക് നിങ്ങള്‍ക്ക് വരുവാന്‍ കഴിയുകയില്ല.
യെഹൂദരോടും ശിഷ്യന്മാരോടും പറഞ്ഞതിൽ പൊതുവായുള്ള അംശം ഇതാണ്: “ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല.”

യോഹ 13ൽ യേശു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പത്രോസ് പതിവുപോലെ ചാടിവീണ് ചോദിച്ച ചോദ്യവും യേശുവിൻറെ മറുപടിയും യേശു പത്രോസിനെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധിക്കുക:
 യോഹ 13:36 ശിമെയോന്‍ പത്രോസ് അവിടത്തോട്: “കര്‍ത്താവേ, നീ എവിടെ പോകുന്നു” എന്ന് ചോദിച്ചതിന് ഞാന്‍ പോകുന്നിടത്തേക്ക് നിനക്ക് ഇപ്പോള്‍ എന്നെ അനുഗമിക്കുവാന്‍ കഴിയുകയില്ല; പിന്നീട് നീ എന്നെ അനുഗമിക്കും” എന്ന് യേശു അവനോട് ഉത്തരം പറഞ്ഞു.
യെഹൂദന്മാരുടെ കാര്യം വിട്ടുകളയുക, ഇതര ശിഷ്യന്മാർക്ക് പോകുവാൻ കഴിയാത്തിടത്ത് പത്രോസിന് മാത്രം പോകുവാൻ അനുവാദം നൽകിയോ? അതോ, ഈ വേദഭാഗം പത്രോസിന് നേരിടുവാനിരുന്ന പീഡനത്തെ പറ്റിയുള്ള സൂചനയായിരുന്നോ? (യോഹ 21:18, 19). ക്രിസ്തുവിൽ പ്രിയരെ, പത്രോസിന് മാത്രം അവിടത്തെ അനുഗമിച്ച് പിതാവിൻറെ അടുത്തേയ്ക്കോ, സ്വർഗത്തിലേയ്ക്കോ ചെല്ലുവാൻ യേശു അനുവാദം നൽകി എന്ന് കരുതുന്നതിൽ യുക്തിയുണ്ടോ? ഞാൻ മാത്രമല്ല, പല പ്രമുഖ പണ്ഡിതന്മാരും ഈ വചനം പത്രോസിന് നേരിടുവാനിരുന്ന പീഡനത്തെ പറ്റിയുള്ള സൂചനയായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അനശ്വരത അവർണ്ണനീയം!


കുഞ്ചാക്കോയുടെ (കുഞ്ചാക്കോ ബോബൻറെ വല്യപ്പൻ) സിനിമകളിലെ കൊട്ടാരങ്ങൾ പോലെയുള്ള കൊട്ടാരങ്ങളിൽ സ്വർഗം എന്നൊരു സ്ഥലത്താണ് നിത്യജീവൻ എന്നത് വെളിപ്പാട് 21ലെ പുതിയ യെരൂശലേമിനെ പറ്റിയുള്ള വർണ്ണനയെ ആരോ തെറ്റിദ്ധരിച്ചതിൻറെയും തെറ്റിദ്ധരിപ്പിച്ചതിൻറെയും ഫലമാണ്.

നിത്യജീവൻ ഉണ്ട്, അനശ്വരത ഉണ്ട്, മരണാനന്തര ജീവിതവും ഉണ്ട്, പക്ഷേ, അത് എങ്ങനെയാണെന്നോ, എവിടെയാണെന്നോ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടാവാം പൌലോസ് ഇങ്ങനെ എഴുതിയത്:

ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നിയിട്ടുമില്ല

1കൊരി 2:9

സഭയുടെ പാരമ്പര്യം അങ്ങനെയാണ്, ഇങ്ങനെയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. മനുഷ്യരുടെ പാരമ്പര്യത്തിന് ദൈവം വിലകൽപിക്കുന്നില്ല.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Tuesday, December 20, 2016

⑭ വേദപുസ്തകത്തിൽ ഇല്ലാത്ത വൈയക്തിക രക്ഷകനും (personal savior), സ്വതന്ത്രേച്ഛയും (free will)

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ പതിനാലാമത്തെ ലേഖനമാണ്,  ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.

തേജസ്വിനി നദിയിലെ (കാരിയങ്കോട് പുഴ) ഒരു കയത്തിൽ ഒരു യുവതി വീണിട്ടുണ്ടെന്ന് അറിഞ്ഞ ഒരു ചെറുപ്പക്കാരൻ കയത്തിലേയ്ക്ക് എടുത്തുചാടുന്നു. കയത്തിൻറെ അടിയിലെ മങ്ങിയ വെളിച്ചത്തിൽ രണ്ട് കല്ലുകൾക്കിടയിൽ കാല് ഉടക്കി, മരണവെപ്രാളത്തിലായിരിക്കുന്ന ആ യുവതിയെ അവൻ കണ്ടെത്തുന്നു. അയാൾ അവളുടെ പുറകിൽ നിന്നും ചെന്ന് അവളുടെ മുടിക്കുത്തിൽ പിടിച്ച് വലിച്ച് അവളെ കരയിൽ എത്തിച്ച്, മടിയിൽ കമഴ്ത്തി കിടത്തി, മുതുകിൽ അമർത്തി വെള്ളം ചർദ്ദിപ്പിച്ചു. ബോധം തെളിഞ്ഞ യുവതി വാവിട്ട് കരയുന്നു. അവൾക്ക് ജീവിതം അവസാനിപ്പിക്കണമായിരുന്നു പോലും. ഇവിടെ രക്ഷകനായ യുവാവിന് ആ യുവതിയെ രക്ഷിക്കുവാൻ അവളുടെ അനുമതി ആവശ്യമില്ല. അവൾക്ക് ജീവിക്കുവാൻ ആഗ്രഹമുണ്ടോ, ഇല്ലയോ എന്നത് അയാളുടെ വിഷയമല്ല.

വേദപുസ്തകത്തിൽ ഇല്ലാത്ത സ്വതന്ത്രേച്ഛ (free will)


യേശു ലോകരക്ഷകനാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്ന പാസ്റ്റർമാരോടോ, അച്ചന്മാരോടോ ശരിക്കും ലോകരക്ഷകനാണോ എന്ന് ചൂഴ്ന്ന് ചോദിച്ചാൽ അവർ നിലപാട് മാറ്റും: യേശു ലോകരക്ഷകനാണ്, പക്ഷേ, നമ്മുടെ താൽപര്യത്തിന് വിരോധമായി ദൈവം ഒന്നും ചെയ്യില്ല എന്ന് വാദിക്കും. തര്‍ശീശിലേയ്ക്ക് പോകുന്ന കപ്പലിൽ കയറി യഹോവയിൽ നിന്നും രക്ഷപെടുവാൻ ശ്രമിച്ച യോനയെ നീനെവേയിൽ എത്തിച്ചതും, ക്രൈസ്തവരെ പീഡിപ്പിക്കുവാൻ ദമാസ്ക്കസിലേയ്ക്ക് പോകുകയായിരുന്ന തര്‍സൊസുകാരനായ ശൌലിനെ ക്രൈസ്തവരുടെ മഹാ അപ്പൊസ്തലനാക്കിയതും അവരുടെ അനുമതിയോടെ അല്ലല്ലോ?

വേദപുസ്തകത്തിൽ ഇല്ലാത്ത വൈയക്തിക രക്ഷകൻ (personal savior)!


നിങ്ങൾക്ക് ഇപ്പോൾ മനസ്സിൽ വരാവുന്ന ഒരു വചനം ഞാൻ ഊഹിക്കട്ടേ?
റോമ 10:9 യേശുവിനെ കര്‍ത്താവ് എന്ന് വായിനാൽ ഏറ്റുപറയുകയും ദൈവം അവിടത്തെ മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുനേല്‍പ്പിച്ചു എന്ന് ഹൃദയത്താല്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപെടും.
ഈ വചനത്തിൻറെ അടിസ്ഥാനത്തിലാണ് വൈയക്തിക രക്ഷകൻ (personal savior) എന്ന പ്രബോധനം ഉടലെടുത്തത്.

തടവറയിലായിരുന്ന പൌലോസും ശീലാസും അർദ്ധരാത്രിയിൽ പ്രാർത്ഥിച്ചതും, ഭൂകമ്പമുണ്ടായതും, തടവുകാർ ഓടിപ്പോയി എന്ന് കരുതി ആത്മഹത്യയ്ക്ക് തുനിഞ്ഞ കാരാഗൃഹപ്രമാണിയെ പൌലോസ് തടഞ്ഞതും നമുക്ക് പരിചിതമായ ആഖ്യാനമാണ്. തുടർന്നുള്ള സംഭാഷണം ശ്രദ്ധിക്കുക:
അപ്പൊ 16:30 (കാരാഗൃഹപ്രമാണി) അവരെ പുറത്ത് കൊണ്ടുവന്ന്, “യജമാനന്മാരേ, രക്ഷ പ്രാപിക്കുവാന്‍ ഞാന്‍ എന്ത് ചെയ്യണം?” എന്ന് ചോദിച്ചു.
അപ്പൊ 16:31 “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; എന്നാല്‍ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും” എന്ന് അവര്‍ പറഞ്ഞു.
കാരാഗൃഹപ്രമാണിയുടെ “ഞാൻ എന്ത് ചെയ്യണം?” എന്ന ചോദ്യത്തിനാണ് ഈ മറുപടി. അയാൾ വിശ്വസിച്ചാൽ അയാളും അയാളുടെ കുടുംബവും രക്ഷപെടും! അയാളുടെ കുടുംബത്തിൽ വിശ്വസിക്കുവാനും വായിനാൽ ഏറ്റുപറയുവാനും കഴിയാത്ത മുലകുടി മാറാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരും രക്ഷപെടില്ലേ?

റോമ 10:9ൻറെ സന്ദർഭം.


പൌലോസ് ജാതികളുടെ അപ്പൊസ്തലൻ ആയിരുന്നു എന്നതിന് അദ്ദേഹം ജാതികളുടെ എഴുത്തുകാരൻ ആയിരുന്നു എന്നാണ് പലരും മനസ്സിലാക്കിയിരിക്കുന്ന അർത്ഥം. റോമർക്കുള്ള ലേഖനത്തിലെ വളരെയധികം കാര്യങ്ങൾ യിസ്രായേല്യരെ (യെഹൂദരെ) പറ്റി ഉള്ളതാണ്. റോമർ 9 മുതൽ 12 വരെ അദ്ധ്യായങ്ങൾ യിസ്രായേലിൻറെ രക്ഷയെ പറ്റിയുള്ളതാണ്. റോമർ 10ൻറെ ആദ്യ വചനം കാണുക:
റോമ 10:1 സഹോദരന്മാരേ,  യിസ്രായേല്യർ രക്ഷിക്കപ്പെടേണം എന്ന് എൻറെ ഹൃദയവാഞ്ഛയും അവർക്കും വേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
തുടർന്നുവരുന്ന വചനങ്ങളെലെല്ലാം യിസ്രായേല്യരെ പറ്റിയുള്ളതാണ്. ആ വിഷയം മാറ്റിവെച്ച് പൌലോസ് റോമ 10:9ൽ പൊതുവായ ഒരു പ്രസ്താവന നടത്തി എന്ന് കരുതുവാൻ തക്കതായ കാരണമില്ല.

യിസ്രായേല്യർ എന്തിൽ നിന്നുമായിരുന്നു രക്ഷപെടേണ്ടത്?


മരിച്ചാൽ ഉടനെ സ്വർഗത്തിൽ പോകും എന്ന ഉത്തമബോധ്യമുള്ള ആളാണ് നിങ്ങൾ. അങ്ങനെയുള്ള നിങ്ങളുടെ വീടിന് തീ പിടിക്കുന്നു. നിങ്ങൾ അഗ്നിശമന സേനയെ വിളിക്കുവാൻ ഫോൺ കൈയ്യിൽ എടുക്കുമ്പോൾ നിങ്ങളുടെ സുഹൃത്ത്: “ഏതായാലും നമ്മൾ മരിച്ച് സ്വർഗത്തിൽ പോകേണ്ടവരല്ലേ? നമുക്ക് ഈ തീയിൽ വെന്ത് മരിക്കാം” എന്ന് പറഞ്ഞാൽ നിങ്ങൾ അയാൾ  പറഞ്ഞത് പോലെ ചെയ്യുമോ? കഴിയുമെങ്കിൽ അയളെ ഭ്രാന്താശുപത്രിയിൽ ആക്കില്ലെ?

യോഹന്നാൻ സ്നാപകൻ അദ്ദേഹത്തിൻറെ ശുശ്രൂഷയുടെ ആരംഭത്തിൽ തന്നെ യെഹൂദരോട് ചോദിക്കുന്നുണ്ട്:
“സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ്, ഓടിപ്പോകുവാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നത് ആര്?” (മത്താ 3:7)
അതിൻറെ അർത്ഥം അവർക്ക് വിപത്ത് സംഭവിക്കും എന്ന് അവർക്ക് അറിയാമായിരുന്നു എന്നല്ലേ? അവർക്ക് അറിയാമായിരുന്നു എന്നതിന് തെളിവുണ്ട്:
യോഹ 11:48 അവനെ (യേശുവിനെ) ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്ന് നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും...
ഇത് യെരൂശലേമിൽ മാത്രം സംഭവിക്കേണ്ട ഒരു സംഭവത്തെ പറ്റിയല്ല. ഏകദേശം യേശു ജനിക്കുന്നതിന് മുമ്പുള്ള പേർവഴി ചാർത്തലിൻറെ സമയം മുതൽ റോമാ സാമ്രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ യെഹൂദർ പീഡിക്കപ്പെട്ടിരുന്നു. യേശുവിൻറെ മരണശേഷം പീഡനം വർദ്ധിച്ചു. യെരൂശലേമിൻറെ നാശം തുടങ്ങിയുള്ള കാലങ്ങളിൽ ഉണ്ടായ  പീഡനം അവർണ്ണനീയമാണ്.

പീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയോട്, അവരുടെ തലയുടെ മുകളിൽ ഡെമോക്ലിസിൻറെ വാൾ പോലെ തൂങ്ങി നിൽക്കുന്ന ഭീഷണിയിൽ നിന്നും രക്ഷപെടുവാനുള്ള വഴി കാണിച്ചുകൊടുക്കുന്നതിന് പകരം, അവരിലെ പ്രായപൂർത്തിയായി ജ്ഞാനസ്നാനം സ്വീകരിച്ചവരെ സ്വർഗത്തിലേയ്ക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തിരിക്കുവാൻ വഴിയുണ്ടോ?

തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

⑬ യേശുവിൻറെ മരണം ആദിപാപം (ആദാമിൻറെ പാപം) പരിഹരിച്ചു.

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ പതിമൂന്നാമത്തെ ലേഖനമാണ്,  ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


“യേശുവപ്പച്ചൻ നമ്മുടെ പാപങ്ങൾക്കായി പാടുപെട്ട്, രക്തം ചിന്തി, മരിച്ചു” എന്ന് നെഞ്ചത്തലച്ച്, ആർത്തനാദത്തോടേ പാസ്റ്റർമാർ വിളിച്ചുപറയുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെടാത്ത ആരെങ്കിലും ഉണ്ടാകുമോ? ചില പാസ്റ്റർമാർ ഇത്തരം പ്രസംഗങ്ങൾ നടത്തുമ്പോൾ അക്രൈസ്തവരും അവിശ്വാസികളും പോലും കണ്ണുതുടയ്ക്കുന്നത് കാണാം.

നെഞ്ചിലെ വിങ്ങലും കണ്ണുതുടയ്ക്കലും അവിടെ നിൽക്കട്ടെ, എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്:

ഏകദേശം കി. പി. 33ൽ യേശു കുരിശിൽ മരിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു? നിങ്ങളുടെ പാപങ്ങൾ എന്തൊക്കയായിരുന്നു?


കി. പി. 33ൽ നിങ്ങൾ നിലനിന്നിരുന്നില്ല എന്ന് എനിക്കും നിങ്ങൾക്കും അറിയാം. അപ്പോൾ നിലനിൽക്കാതിരുന്ന നിങ്ങൾ എങ്ങനെ പാപം ചെയ്തു എന്ന ചോദ്യത്തിന് ഉത്തരമായി കത്തോലിക്കാ സഭ കണ്ടുപിടിച്ച ഉത്തരമാണ് “ആദിപാപം”. ഈ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് സെൻറ് അഗസ്റ്റ്യൻ എന്ന പുരോഹിതൻ. ഈ സിദ്ധാന്തത്തിന് ഉപോത്ബലകമായി റോമ 5:12 പോലെയുള്ള വചനങ്ങളും അവതരിപ്പിച്ചു. ആദാം പാപം ചെയ്തതുകൊണ്ട് എല്ലാവരും പാപികളായി. ഒരാൾ പാപം ചെയ്താലും ഇല്ലെങ്കിലും പാപിയാണ്. പാപം ചെയ്യുവാൻ കഴിവില്ലാത്ത, ബുദ്ധിവികാസം പ്രാപിക്കാത്തവരും പാപികളാണ്.

ആദിപാപത്തിന് പ്രൊട്ടസ്റ്റൻറുകാരുടെ ഭാഷ്യമായ പരിപൂർണ്ണ അധഃപതനം (total depravity - ഇതിൻറ മലയാളം പരിഭാഷ എനിക്കറിയില്ല) എന്ന സിദ്ധാന്തം ജോൺ കാൽവിൻ രൂപപ്പെടുത്തി.

ഈ സിദ്ധാന്തം ശരിയാണെങ്കിൽ ആദാം ഒരു പഴം തിന്നു എന്ന ഒരേയൊരു കൃത്യത്തിന് യേശുവിൻറെ ബലിയേക്കാൾ ഉടനടിയുള്ളതും, ദൂരവ്യാപകവും, സ്ഥായിയായതും, വ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നു.

റോമ 5:12 അതിൻറെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വായിച്ചാൽ പല സിദ്ധാന്തങ്ങളും രൂപീകരിക്കുവാൻ കഴിഞ്ഞേക്കാം, പക്ഷേ, ആ സന്ദർഭത്തെ അവലോകനം ചെയ്യുമ്പോൾ അത്തരം സിദ്ധാന്തങ്ങൾക്ക് സാധുതയില്ലെന്ന് കാണുവാൻ കഴിയും.

ഇപ്പോൾ റോമ 5:12 അതിൻറെ സന്ദർഭത്തിൽ വായിക്കാം:
റോമ 5:12 അതുകൊണ്ട്, ഒരു മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്തതിനാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.
...
റോമ 5:15 എന്നാൽ ലംഘനത്തിൻറെ കാര്യവും കൃപാവരത്തിൻറെ കാര്യവും ഒരുപോലെ അല്ല; ഒരാളുടെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവ കൃപയും ഒരു മനുഷ്യനായ യേശു ക്രിസ്തുവിൻറെ കൃപയാലുള്ള ദാനവും അനേകർക്കും വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.
റോമ 5:16 ഒരുവൻ പാപം ചെയ്തതിൻറെ ഫലവും ദാനത്തിൻറെ കാര്യവും ഒരുപോലെ അല്ല; ഒരുവൻറെ പാപം ശിക്ഷാവിധി കൽപിക്കുവാൻ ഹേതുവായി തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്ക് ഹേതുവായിത്തിർന്നു.
റോമ 5:17 ഒരുവൻറെ ലംഘനത്താൽ മരണം ആ ഒരുവൻ നിമിത്തം വാണുവെങ്കിൽ കൃപയുടെയും നീതി ദാനത്തിൻറെയും സമൃദ്ധി ലഭിക്കുന്നവർ യേശു ക്രിസ്തു എന്ന ഒരുവൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.
റോമ 5:18 അങ്ങനെ ഒരേയൊരു ലംഘനത്താൽ സകല മനുഷ്യർക്കും ശിക്ഷാവിധി വന്നത് പോലെ ഒരേയൊരു നീതിയാൽ സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.
റോമ 5:19 ഒരു മനുഷ്യൻറെ അനുസരണക്കേടിനാൽ അനേകർ പാപികളായി തീർന്നത് പോലെ ഒരുവൻറെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
ആദാമിൻറെ ലംഘനം എത്ര പേരെ പാപികളാക്കിയോ, അത്രയും പേരെ യേശുവിൻറെ നീതി നീതിമാന്മാരാക്കി. ആദാമിൻറെ അവിധേയത്വം എല്ലാവരെയും പാപികളാക്കിയെങ്കിൽ യേശുവിൻറെ വിധേയത്വം എല്ലാവരെയും നീതിമാന്മാരാക്കി. ആദാമിൻറെ അവിധേയത്വം നിമിത്തം ഉണ്ടായ ഹാനി, യേശുവിൻറെ വിധേയത്വം നിമിത്തം പരിപൂർണമായും പരിഹരിക്കപ്പെട്ടു. ആരും നീതീകരണത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല.

വളരെ ലളിതമായി പറഞ്ഞാൽ നിങ്ങൾ ആദിപാപത്തോടെയല്ല ജനിച്ചത്. ആദാമിൻറെ പാപം നിങ്ങളിൽ ഇല്ല, കാരണം “യേശുവിൻറെ നീതിയാൽ സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു” (ഭൂതകാലം). നിങ്ങൾ സ്വയം ചെയ്ത പാപങ്ങൾക്കായല്ല യേശു മരിച്ചത് കാരണം, പാപങ്ങളെ നീക്കുക എന്ന കർത്തവ്യം യേശു നിർവഹിച്ചത് നിങ്ങൾ ജനിക്കുന്നതിന് 19-20 നൂറ്റാണ്ടുകൾക്ക് മുമ്പാണ്.

ആലങ്കാരികമായി പറഞ്ഞാൽ: ആദാം പാപം ചെയ്തപ്പോൾ നിങ്ങൾ അദ്ദേഹത്തിൻറെ ഇടുപ്പിൽ ഉണ്ടായിരുന്നു, അതുകൊണ്ട് ആദാമിൻറെ പാപം നിങ്ങളിൽ വന്നു. യേശു ആദാം ചെയ്ത ഹാനി പരിപൂർണമായും പരിഹരിച്ചപ്പോൾ നിങ്ങൾ പാപം ചെയ്ത ആരുടെയും ഇടുപ്പിൽ ഇല്ലാതെയായി. നിങ്ങൾ സ്വതന്ത്രരായി.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Saturday, December 17, 2016

⑫ “വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” (മർക്കോ 16:16)

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ പന്ത്രണ്ടാമത്തെ ലേഖനമാണ്, , , , , , , , , , , ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.

“വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.” (മർക്കോ 16:16)
ഈ വചനത്തിൻറെ അടിസ്ഥാനത്തിൽ ലോകത്തിലുള്ള ജനങ്ങളെ രണ്ട് വിഭാഗമായി കാണുന്നവരാണ് അധികവും:
  1. വിശ്വസിച്ച് സ്നാനം ഏല്‍ക്കുന്നവർ.
  2. വിശ്വസിക്കാത്തവർ.
വിശ്വസിച്ച് സ്നാനം ഏല്‍ക്കാത്തവരെല്ലാം വിശ്വസിക്കാത്തവരാണെന്ന് തറപ്പിച്ച് പറയുവാൻ കഴിയുമോ? ചില ഉദാഹരണങ്ങൾ:
  • എത്രയോ വിശ്വാസികളുടെ മക്കൾ വിശ്വാസികളായിരുന്നിട്ടും പ്രായപൂർത്തിയാകാത്തതിനാൽ സ്നാനം ഏൽക്കാത്തവരായുണ്ട്? അങ്ങനെയുള്ളവർ അകാലത്തിൽ മരിച്ചാൽ അവരെ വിശ്വസിക്കാത്തവരുടെ കൂടെ ശിക്ഷാവിധിക്ക് വിധേയരാക്കുമോ?
  • എത്രയോ പേർ സ്നാനം ഏൽക്കുവാൻ കഴിയാത്ത വിധത്തിൽ രോഗികളും അവശരും ആയിരുന്നപ്പോൾ വിശ്വസിച്ചവരുണ്ട്? അവരെയും വിശ്വസിക്കാത്തവരെ പോലെ പരിഗണിക്കുമോ? (ഇത്തരം അനുഭവം എനിക്കുണ്ട്.)
  • വേറെ വിശ്വാസികൾ ഇല്ലാത്ത ദേശത്ത് ജീവിച്ചതിനാൽ വിശ്വസിച്ചിട്ടും സ്നാനം ഏൽക്കുവാൻ കഴിയാതെ പോയവരുണ്ട്. അവരും അവരുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുമോ?
വചനം ഒരിക്കലും കേൾക്കാത്തവരെ വിശ്വസിക്കാത്തവരായി പരിഗണിക്കുവാൻ കഴിയുമോ? (റോമ 10:17)

[മർക്കോസ് 16:9 മുതൽ 20 വരെയുള്ള വചനങ്ങൾ പല കൈയ്യെഴുത്തുപ്രതികളിലും ഇല്ലെന്നും, അത് പിൽക്കാലത്ത് ചേർത്തതാണെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. അത് അങ്ങനെയല്ല എന്ന് പരിഗണിച്ചുകൊണ്ട് നമുക്ക് തുടരാം.]

വേദപുസ്തകത്തിൽ ഒരാൾ അയാളുടെ സമകാലീനരോട് പറഞ്ഞ കാര്യങ്ങൾ അവർ എങ്ങനെ ഉൾക്കൊണ്ടു എന്നത് പ്രധാനമാണ്. 1കൊരി 5:5ൽ വ്യഭിചാരിയായ മനുഷ്യനെ സാത്താന് ഏൽപിക്കുവാൻ പൌലോസ് കൊരിന്ത സഭയോട് നിർദ്ദേശിച്ചപ്പോൾ പൌലോസ് ഉദ്ദേശിച്ചത് അയാളെ സഭയിൽ നിന്നും പുറത്താക്കുവാൻ ആയിരുന്നു എന്ന് കൊരിന്ത് സഭയിലുള്ളവർ മനസ്സിലാക്കി. (2കൊരി 2:6-8)

മർക്കോ 16:16ൽ യേശു പറഞ്ഞ കാര്യങ്ങൾക്ക് ആഗോളവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ശിഷ്യന്മാർ മനസ്സിലാക്കിയിരുന്നെങ്കിൽ അവർ എന്തുകൊണ്ട് യെഹൂദർ വസിക്കുന്ന നാടുകളിൽ മാത്രം പര്യടനം നടത്തി? ഇന്ത്യയിൽ വരുന്നതിന് മുമ്പ് ചൈനയിൽ പോയിരുന്ന തോമസ്, ആ വിസ്തൃതമായ ദേശം മുഴുവൻ സഞ്ചരിക്കാതെ അതിൻറെ ഓരത്തിലൂടെ മാത്രം കടന്നുപോയി? ഇന്ത്യയിൽ യെഹൂദന്മാരുടെ കുടിയിരുപ്പുകളുള്ള കേരളത്തിൽ മാത്രം വന്നു? അന്ത്രയോസ് റഷ്യ എന്ന വലിയ ദേശത്തിൻറെ ഒരു മൂലയിൽ മാത്രം പര്യടനം നടത്തി? ഇവർക്കൊന്നും വേണ്ടത്ര സമയം ഇല്ലായിരുന്നു എന്നത് ഒരു യുക്തിയുക്തമായ ഉത്തരമല്ല. കാരണം ചൈനയിൽ പോയ തോമസും, റഷ്യയിൽ പോയ അന്ത്രയോസും ആ ദേശങ്ങളിൽ മാത്രം പൂർണ്ണമായി പര്യടനം നടത്തിയിരുന്നെങ്കിൽ യൂറേഷ്യയുടെ 48.74% പ്രദേശത്തും സുവിശേഷം പ്രസംഗിക്കപ്പെടുമായിരുന്നു.

യേശു അവരോട് സംസാരിച്ചത് ലോകത്തിന് മുഴുവൻ ബാധകമല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അവർ വിവേചന ബുദ്ധിയോടെ യെഹൂദരുടെ കുടിയിരുപ്പുകളിലേയ്ക്ക് മാത്രം പോയത്.

സകല “സൃഷ്ടി”യോടും സുവിശേഷം പ്രസംഗിക്കുവിൻ!


യേശു ശിഷ്യന്മാരെ ആദ്യമായി സുവിശേഷ പ്രസംഗത്തിന് അയച്ചപ്പോൾ അവർക്ക് നൽകിയ നിർദ്ദേശങ്ങൾക്കും ഇവിടെ നൽകിയ നിർദ്ദേശങ്ങൾക്കും തമ്മിലുള്ള പ്രധാന വ്യത്യാസം ജ്ഞാനസ്നാനത്തെ പറ്റിയുള്ള പരാമർശമാണ്.
മത്താ 10:5, “ജാതികളുടെ അടുത്ത് പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും, യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുത്തേയ്ക്ക് ചെല്ലുവിന്‍”.
മത്താ 10:14, 15 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍ ആ വീടോ പട്ടണമോ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. ന്യായവിധി ദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോമ്യരുടെയും ഗൊമോര്യരുടെയും ദേശത്തിന് സഹിക്കുവാന്‍ ആകും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.”
മർക്കോ 16:15, 16 “നിങ്ങള്‍ ഭൂലോകത്തില്‍ എല്ലാം പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.
ഈ രണ്ട് സന്ദർഭങ്ങളിലും സുവിശേഷ പ്രഘോഷണമുണ്ട്, അത് സ്വീകരിക്കാത്തവർക്ക് ശിക്ഷാവിധിയുണ്ട്.

സകല “സൃഷ്ടി”യോടും സുവിശേഷം പ്രസംഗിക്കുവാനുള്ള ആഹ്വാനം അനുസരിച്ച് ആരെങ്കിലും പട്ടിയോടോ, പൂച്ചയോടോ സുവിശേഷം പ്രസംഗിക്കുന്നത് കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ? (തെരുവുവിളക്കിനോട് സുവിശേഷം പ്രസംഗിക്കുന്ന ഉപദേശിമാരെ പറ്റി ഈ.എം.ഫോർസ്റ്റർ എഴുതിയിട്ടുണ്ട്. അത്തരക്കാരെ ഞാനും കണ്ടിട്ടുണ്ട്. തെരുവുവിളക്ക് “സൃഷ്ടി” എന്ന വാക്കിൻറെ അർത്ഥവ്യാപ്തിയിൽ വരില്ലല്ലോ?)

ഈ വചനങ്ങൾ മനസ്സിരുത്തി വായിക്കുക:
ഗലാ 6:15 പരിച്ഛേദനയല്ല (യെഹൂദർ) അഗ്രചര്‍മ്മവും (ജാതികൾ) അല്ല പുതിയ സൃഷ്ടിയാണ് കാര്യം.
ഗലാ 6:16 ഈ പ്രമാണം അനുസരിച്ച് നടക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.
യെഹൂദരെന്നോ ജാതികളെന്നോ വ്യത്യാസങ്ങൾ ഇല്ലാത്ത പുതിയ സൃഷ്ടിയാണ് ദൈവത്തിൻറെ യിസ്രായേൽ. അപ്പോൾ, പഴയ സൃഷ്ടി അത്തരം വ്യത്യാസങ്ങൾ ഉള്ള [പഴയ] യിസ്രായേലാണ്. അവരോടാണ് സുവിശേഷം പ്രസംഗിക്കുവാൻ യേശു ആഹ്വാനം ചെയ്തത്.

മത്തായി 10ൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ, യിസ്രായേല്യരുടെ ഇടയിൽ സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ട് അവർ കേൾക്കാതിരുന്നാൽ അങ്ങനെ കേൾക്കാതിരിക്കുന്നവർ ശിക്ഷാവിധിക്ക് വിധേയരാകും എന്നതാണ് മർക്കോ 16:15-16ൻറെയും താൽപര്യം. അവർക്കുള്ള ശിക്ഷാവിധി ഒന്നാം നൂറ്റാണ്ടിൽ കഴിഞ്ഞുപോയി. ലോകത്തിൽ ഏറെക്കുറെ എല്ലായിടങ്ങളിലുമുള്ള അവരുടെ കുടിയിരുപ്പുകളിൽ അവർ പീഡിപ്പിക്കപ്പെട്ടു, അവരുടെ ദേവാലയം നാശമായി, അവരുടെ സമ്പദ്‍വ്യവസ്ഥ താറുമാറായി, ബഹുഭൂരിപക്ഷവും വധിക്കപ്പെട്ടു. ധാരാളം പേർ അടിമകളായി വിവിധ ദേശങ്ങളിലേയ്ക്ക് കൊണ്ടുപോകപ്പെട്ടു.

കുറഞ്ഞപക്ഷം, യെരൂശലേമിലെങ്കിലും ക്രൈസ്തവരായവർ ആളപായമില്ലാതെ “രക്ഷിക്കപ്പെട്ടു” എന്ന് ഫ്ലേവിയസ് ജോസഫസിൻറെ യൂദന്മാരുടെ പുരാവൃത്തം (Antiquities of the Jews) എന്ന സമാഹാരത്തിലെ ആറാം പുസ്തകം 1.1ൽ കാണാം.

ഇവിടം വരെ വായിച്ചെത്തിയപ്പോൾ രക്ഷിക്കപ്പെടുക എന്ന പദത്തിന് യെഹൂദർക്ക് സംഭവിച്ച ദുരന്തത്തിൽ നിന്നും രക്ഷിക്കപ്പെടുക എന്നേ അർത്ഥമുള്ളോ എന്ന സംശയം നിങ്ങൾക്ക് തോന്നിയെങ്കിൽ അതിൽ അതിശയമില്ല. ദുർബോധന എന്ന് ആക്രോശിച്ചുകൊണ്ട് ബ്ലോഗുകൾ എഴുതുവാനും, വീഡിയോകൾ ഇറക്കുവാനും വരട്ടെ, അടിയൊന്നുമായിട്ടില്ല, വടി വെട്ടാൻ പോയിട്ടേയുള്ളൂ. തുടർന്നുവരുന്ന ലേഖനങ്ങളിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടും.
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

⑪ “ന്യായപ്രമാണമില്ലാതെ പാപം ചെയ്തവർ ന്യായപ്രമാണമില്ലാതെ നശിക്കും”.

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ പതിനൊന്നാമത്തെ ലേഖനമാണ്,   ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


വേദപുസ്തകത്തിൽ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വേദഭാഗമാണ്: റോമ 2:12-16. സുവിശേഷം കേൾക്കുവാൻ അവസരം ലഭിക്കാത്തവർക്ക് എന്ത് വിധി ലഭിക്കും എന്ന ചോദ്യത്തിന് ലഭിക്കുന്ന മറുപടിയാണ് ഈ വേദഭാഗം.
റോമ 2:12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ എല്ലാം ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവരല്ലാം ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
റോമ 2:14 ന്യായപ്രമാണം ഇല്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളത് സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്ക് തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമ 2:15 അവരുടെ മനസ്സാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കുകയോ ചെയ്തും അവർ ന്യായപ്രമാണത്തിൻറെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
ഈ വേദഭാഗത്തിൻറെ അടിസ്ഥാനത്തിൽ ജാതികൾ അവരുടെ മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ വിധിക്കപ്പെടും എന്നാണ് മിക്കവാറും ക്രൈസ്തവ പണ്ഡിതന്മാരുടെയും അഭിപ്രായം.

മനസ്സാക്ഷിയാണ് ന്യായവിധിയുടെ മാനദണ്ഡമെങ്കിൽ യേശുവിൻറെ പ്രസക്തിയെന്ത്? ന്യായപ്രമാണമോ, മനസ്സാക്ഷിയോ അടിസ്ഥാനമാക്കിയാണ് ന്യായവിധിയെങ്കിൽ യേശു മനുഷ്യനായി ജനിക്കേണ്ടതിൻറെയും കഷ്ടതകൾ സഹിച്ച് മരിക്കേണ്ടതിൻറെയും ആവശ്യം ഇല്ലായിരുന്നല്ലോ?

ക്രിസ്തുവിൽ പ്രിയരേ, ലോകത്തിൻറെ ഏതെങ്കിലും കോണിലുള്ള ഏതെങ്കിലും ജാതികൾ ന്യായപ്രമാണത്തിലുള്ള ഏതെങ്കിലും വ്യവസ്ഥകൾ പാലിക്കുന്നതിനെ പറ്റിയല്ല ഈ വേദഭാഗം. ന്യായപ്രമാണത്തിലെ 613 കൽപനകളിൽ ഭൂരിഭാഗവും ന്യായപ്രമാണത്തെ പറ്റി കേൾക്കാത്ത ഹിന്ദുക്കളും, ബുദ്ധമതക്കാരും പോലും പാലിക്കുന്നുണ്ട്, ഒരുപക്ഷേ, ക്രൈസ്തവരേക്കാൾ കൂടുതൽ വിശ്വസ്തതയോടെ. (ഏകദൈവ വിശ്വാസത്തിൻറെയും വിഗ്രഹാരാധനയുടെയും കാര്യത്തിൽ ഒഴികെ.)

ഈ വേദഭാഗത്തിൻറെ സന്ദർഭം.


റോമർ 2ൻറെ ആരംഭം മുതൽ ന്യായവിധിയെ പറ്റിയാണ് ചർച്ചചെയ്യപ്പെടുന്നത്. ഓരോരുത്തർക്കും അവനവൻറെ ക്രിയകൾക്ക് തക്ക പ്രതിഫലം ലഭിക്കുന്നതിനെ പറ്റി പരാമർശിച്ച ശേഷം പൌലോസ് ഇങ്ങനെ പറയുന്നു:
റോമ 2:9 തിന്മ പ്രവര്‍ത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും കഷ്ടവും (ഉപദ്രവവും) സങ്കടവും ആദ്യം യെഹൂദനും പിന്നെ യവനനും (ഗ്രീക്കുകാർക്കും) വരും.
റോമ 2:10 നന്മ പ്രവര്‍ത്തിക്കുന്ന എല്ലാവർക്കും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും.
റോമ 2:11 ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷം (പക്ഷപാതം) ഇല്ലല്ലോ.
ഇത്രയും പറഞ്ഞതിന് ശേഷമാണ് മുകളിൽ കൊടുത്തിരിക്കുന്ന വേദഭാഗം (റോമ 2:12-15) പറയപ്പെട്ടിരിക്കുന്നത്.

റോമ 2:12 തുടങ്ങേണ്ടത് “എന്തെന്നാൽ” എന്ന സമുച്ചയപദത്തോടെയാണ് (conjunction). ഇംഗ്ലീഷിൽ മിക്കവാറും എല്ലാ പരിഭാഷകളും for (because, എന്തെന്നാൽ, കാരണം) എന്ന പദത്തോടെയാണ് ആരംഭിക്കുന്നത് എന്നത് ശ്രദ്ധിക്കുക. (കാരണം, ഗ്രീക്ക് കൈയ്യെഴുത്തുപ്രതിയിൽ “എന്തെന്നാൽ” എന്നതിന് തത്തുല്യമായ പദമുണ്ട്.)
Rom 2:12 For as many as have sinned without law ... (KJV)
Rom 2:12 For all who have sinned without the law ... (ESV)
അതായത്, റോമ 2:9-11ൻറെ വിശദീകരണമാണ് റോമ 2:12-15ൽ ഉള്ളത്. അതുകൊണ്ട് ഇവിടെ പരാമർശിക്കപ്പെടുന്ന യവനർ തന്നെയാണ് റോമ 2:12-15ൽ പരാമർശിക്കപ്പെടുന്ന ജാതികൾ.

റോമ 2:12-15, ഒരു യുക്തിയുക്തമായ പഠനം.

റോമ 2:12 ന്യായപ്രമാണം ഇല്ലാതെ[G460] പാപം ചെയ്തവർ എല്ലാം ന്യായപ്രമാണം കൂടാതെ[G460] നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവരല്ലാം ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
Rom 2:12 For as many as have sinned without law[G460] shall also perish without law[G460]: and as many as have sinned in the law shall be judged by the law;
റോമ 2:14 ന്യായപ്രമാണം ഇല്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളത് സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്ക് തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
Rom 2:14 For when the Gentiles, which have not the law, do by nature the things contained in the law, these, having not the law, are a law unto themselves:
റോമ 2:15 അവരുടെ മനസ്സാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കുകയോ ചെയ്തും അവർ ന്യായപ്രമാണത്തിൻറെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
റോമ 2:12ൽ “ന്യായപ്രമാണം ഇല്ലാതെ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദമായ അനോമോസി (ανομως സ്ട്രോങ്സ് നിഘണ്ടുവിൽ G460) പുതിയനിയമത്തിൽ വേറെ എവിടെയും ഉപയോഗിച്ചിട്ടില്ല. പഴയനിയമത്തിൻറെ ഗ്രീക്ക് പതിപ്പായ സെപ്റ്റ്വജിൻറിലും (Septuagint) ഉപയോഗിച്ചിട്ടില്ല. (ഏതെങ്കിലും സാഹിത്യകൃതികളിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയില്ല.) അതുകൊണ്ടുതന്നെ, ഒറ്റപ്പെട്ട ഒരു വചനത്തിൻറെ അടിസ്ഥാനത്തിൽ അർത്ഥം കണ്ടുപിടിക്കുവാൻ കഴിയില്ല. (ഈ പദത്തിൻറെ അർത്ഥത്തെ പറ്റി ചുവടെ എഴുതിയിട്ടുണ്ട്.)

ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ എല്ലാം ന്യായപ്രമാണം കൂടാതെ നശിച്ചുപോകുന്നതിൻറെ കാരണം റോമ 2:14ൽ നൽകപ്പെട്ടിട്ടുണ്ട്: “ന്യായപ്രമാണം ഇല്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളത് സ്വഭാവത്താൽ (by nature) ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്ക് തന്നേ ഒരു ന്യായപ്രമാണം ആകുന്നു”.

ആലോചിച്ചുനോക്കൂ: ലോകത്തിലുള്ള ഒട്ടുമുക്കാലും മനുഷ്യർക്ക് പെറ്റതള്ളയെ പ്രാപിക്കരുതെന്ന് അറിയാം. അത്തരം ഒരു കൽപന ന്യായപ്രമാണത്തിലുണ്ടെന്ന ഒരേ കാരണത്താൽ അവർ സ്വയം ന്യായപ്രമാണമായി മാറുമോ? അവർ അത്തരം തെറ്റ് ചെയ്യാതിരിക്കുന്നതിനാൽ ന്യായപ്രമാണത്തിലെ  മറ്റേതെങ്കിലും കൽപന പാലിക്കാത്തതിൻറെ പേരിൽ അവർ ശിക്ഷിക്കപ്പെടും എന്നാണോ ഈ വേദഭാഗത്തിൻറെ അർത്ഥം?

ക്രിസ്തുവിൽ പ്രിയ സഹോദരാ, സഹോദരീ, ദൈവം നീചനല്ല. അറിവില്ലാത്തവൻ ഒരു നല്ല കാര്യം ചെയ്താൽ, അവൻ അറിവില്ലാതെ ചെയ്ത വേറെ എന്തെങ്കിലും തെറ്റിൻറെ പേരിൽ അവരെ ശിക്ഷിക്കുന്നവനല്ല ദൈവം. ഈ വേദഭാഗം ഏതെങ്കിലും ചില കൽപനകൾ സ്വഭാവത്താൽ (പ്രകൃത്യാ) ചെയ്യുന്നതിനെ പറ്റിയല്ല. യിസ്രായേല്യരല്ലാത്തവർ സ്വയം ന്യായപ്രമാണം അനുസരിക്കുന്നതിനെ പറ്റിയാണ്. അങ്ങനെ അനുസരിക്കുന്നവർ എല്ലാത്തരത്തിലും യിസ്രായേല്യർക്ക് തുല്യരാണ്:
പുറ 12:48 ഒരു അന്യജാതിക്കാരന്‍ നിന്നോട് കൂടെ പാര്‍ത്ത് യഹോവയ്ക്ക് പെസഹ ആചരിക്കേണമെങ്കില്‍, അവന് ഉള്ള ആണുങ്ങള്‍ എല്ലാം പരിച്ഛേദന ഏല്‍ക്കേണം. അതിന്‍റെ ശേഷം അത് ആചരിക്കുവാന്‍ അവന് അടുത്ത് വരാം; അവന്‍ സ്വദേശിയെ (യിസ്രായേല്യനെ) പോലെ ആകും. പരിച്ഛേദന ഇല്ലാത്ത ഒരുവനും അത് തിന്നരുത്.
പുറ 12:49 സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നേ ആയിരിക്കേണം; യിസ്രായേല്‍ മക്കള്‍ എല്ലാം അങ്ങനെ ചെയ്തു.
ഇതിന് സമാനമായ വേദഭാഗങ്ങൾ വേറെയും ഉണ്ടാവാം. യിസ്രായേല്യരുടെ കൂടെ വസിക്കുന്ന പരദേശികളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതിനെ പറ്റി ലേവ്യ 22:12ൽ പരാമർശമുണ്ട്. അങ്ങനെ വിവാഹം ചെയ്തവർക്ക് അവർ വസിക്കുന്ന ഗോത്രത്തിൽ സ്വത്ത് നൽകുന്നതിനെ പറ്റി യെഹ 47:22ൽ പരാമർശമുണ്ട്.

റോമ 2:12ൽ “ന്യായപ്രമാണം ഇല്ലാതെ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദമായ അനോമോസി (G460), ന്യായപ്രമാണമില്ലാത്തവർ എന്ന് 1കൊരി 4:19ൽ പരിഭാഷപ്പെടുത്തിയിട്ടുള്ള അനോമോസ് (ἄνομος, സ്ട്രോങ്സ് നിഘണ്ടുവിൽ G459) എന്ന പദത്തിൻറെ നാമവിശേഷണമാണ്.
1കൊരി 4:9 ദൈവത്തിന് ന്യായപ്രമാണം ഇല്ലാത്തവന്‍[G459] ആകാതെ ക്രിസ്തുവിന് ന്യായപ്രമാണം ഉള്ളവനായിരിക്കുമ്പോള്‍, ന്യായപ്രമാണം ഇല്ലാത്തവരെ[G459] നേടേണ്ടതിന് ഞാന്‍ ന്യായപ്രമാണം ഇല്ലാത്തവര്‍ക്കും[G459] ന്യായപ്രമാണം ഇല്ലാത്തവനെ[G459] പോലെ ആയി.
1Co 9:21 To them that are without law,[G459] as without law,[G459] (being not without law[G459] to God, but under the law to Christ,) that I might gain them that are without law.[G459]
റോമ 2:12, 14; പുറ 12:48, 49 എന്നീ വചനങ്ങൾ കൂട്ടിവായിക്കുമ്പോൾ ലഭിക്കുന്ന അർത്ഥമിതാണ്: സ്വയം ന്യായപ്രമാണം അനുസരിക്കുന്നവൻ പാപം ചെയ്താൽ നശിക്കും, ന്യായപ്രമാണമുള്ള യെഹൂദൻ പാപം ചെയ്താൽ വിധിക്കപ്പെടും. രണ്ട് പേർക്കും ഒരേ നിയമമാണ് (ന്യായപ്രമാണമാണ്). ദൈവത്തിന് പക്ഷപാതം ഇല്ല എന്ന് ഇതേ സന്ദർഭത്തിൽ പറഞ്ഞിട്ടുള്ളതുകൊണ്ട് (റോമ 2:11) നശിക്കും, വിധിക്കപ്പെടും എന്നിവയ്ക്ക് തമ്മിൽ വ്യത്യാസം ഉണ്ടാകുവാൻ തരമില്ല.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Tuesday, December 13, 2016

⑩ റോമർ ഒന്ന് സ്വവർഗപ്രേമികൾ, ജാതികൾ, അവിശ്വാസികൾ എന്നിവരെ പറ്റിയല്ല.

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ പത്താമത്തെ ലേഖനമാണ്,   ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.



യേശുവിനെയോ, ദൈവത്തെയോ അറിയുവാൻ അവസരം ലഭിക്കാത്തവർക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് ഉത്തരമായി പലരും ദുരുപയോഗം ചെയ്യുന്ന വേദഭാഗങ്ങളിൽ ഒന്നാണ് റോമ 1:19, 20.
റോമ 1:19 ദൈവത്തെ കുറിച്ച് അറിയാവുന്നത് അവർക്ക് വെളിവായിരിക്കുന്നു;
റോമ 1:20 ദൈവം അവർക്ക് വെളിവാക്കിയല്ലോ. അവിടത്തെ നിത്യശക്തിയും ദിവ്യത്വവുമായി അവിടത്തെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവിടത്തെ പ്രവൃത്തികളാൽ (by the things that are made - KJV) ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്ക് പ്രതിവാദം (ഒഴികഴിവ്) ഇല്ലാതിരിക്കുവാൻ തന്നേ.
ദൈവം സൃഷ്ടിച്ച വസ്തുക്കളിൽ നിന്നും ദൈവത്തിൻറെ നിത്യശക്തിയും ദിവ്യത്വവും എല്ലാവർക്കും പ്രകടമായിരിക്കുന്നു എന്നാണ് ഈ വചനം ദുരുപയോഗം ചെയ്യുന്നവർ ഉദ്ദേശിക്കുന്നത്. എനിക്ക് ഈ വചനം ചൂണ്ടിക്കാണിച്ചുതന്ന പാസ്റ്ററിനോട് അദ്ദേഹത്തിൻറെ വീടിൻറെ മുന്നിലുള്ള മാവിൻറെ ചുവട്ടിൽ വെള്ളം ഒഴിച്ചാൽ അത് ഇലകളിൽ എത്തുന്നത് എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ ഉത്തരം ബബ്ബബ്ബബ്ബ! പത്താം ക്ലാസും, പി.ഡി.സിയും പാസ്സായി, തിയോളജി കോളേജിൽ പഠിക്കുവാൻ പോയ പാസ്റ്ററിന് ഓസ്മോസിസ് (വൃതിവ്യാപനം) എന്താണെന്നറിയില്ല, എന്നിട്ടാണ് അദ്ദേഹത്തിന് സ്കൂളിൻറെ പടിപോലും കണ്ടിട്ടില്ലാത്ത ഇരുളരെയും, കാടരെയും, കുറുമ്പമ്മാരെയും ഈ വചനം ഉപയോഗിച്ച് വിധിക്കേണ്ടത്!

റോമർ ഒന്നാം അദ്ധ്യായത്തിൻറെ പരിപൂർണമായ പഠനം ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നില്ല.
  • ഈ അദ്ധ്യായത്തെ പറ്റിയുള്ള പൊതുവായ ധാരണകൾ തെറ്റാണെന്ന് തെളിയിക്കുവാൻ മതിയായ സൂചനകൾ നൽകുക എന്നതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശ്യം.
  • എന്നെക്കാൾ സമർത്ഥരായ നിങ്ങൾ ഞാൻ കണ്ടതിലധികം കണ്ണികൾ കണ്ടെത്തും എന്ന ഉറപ്പിലാണ് എനിക്ക് അറിയാവുന്നത് എഴുതുന്നത്.

ഈ വേദഭാഗം യെഹൂദരെയും യവനരെയും പറ്റിയുള്ള ചർച്ചയുടെ ഭാഗമാണ്.

റോമ 1:15 അങ്ങനെ റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാന്‍ എന്നാലാവോളം ഞാന്‍ ഒരുങ്ങിയിരിക്കുന്നു.
റോമ 1:16 സുവിശേഷത്തെ കുറിച്ച് എനിക്ക് ലജ്ജ ഇല്ല; വിശ്വസിക്കുന്ന ആര്‍ക്കും ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷയ്ക്കായി ദൈവശക്തിയാകുന്നു. [ആദ്യം എന്ന വാക്ക് എല്ലാ കൈയ്യെഴുത്തുപ്രതികളിലും ഇല്ല.]
ഗ്രീക്കുകാർ (യവനർ) എന്ന് വായിച്ചാലുടനെ ഗ്രീസ് ദേശത്തിൽ നിന്നും വന്നവർ എന്നോ, ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ എന്നോ ധരിക്കുവാൻ വഴിയുണ്ട്. റോമാ സാമ്രാജ്യത്തിൻറെ ഔദ്യോഗിക ഭാഷ ലത്തീൻ ആയിരുന്നെങ്കിലും, പൊതുഭാഷ കൊയ്നെ ഗ്രീക്ക് ആയിരുന്നു. (അലക്സാണ്ടർ ചക്രവർത്തിയുടെ കാലം മുതൽ പൂർവ യൂറോപ്പിലും പശ്ചിമേഷ്യയിലും കൊയ്നെ ഗ്രീക്ക് ഭാഷയ്ക്ക് പ്രചുരപ്രചാരം സിദ്ധിച്ചു.)

ഈ പരമ്പരയിൽ വിശദീകരിച്ചിട്ടുള്ളത്  പോലെ, യവനർ (ഗ്രീക്കുകാർ) എന്നത് ഇവിടെ പരാമർശിക്കപ്പെടുന്നവരുടെ ഭാഷയെയോ, ദേശീയതയെയോ സൂചിപ്പിക്കുന്നതല്ല. അവർ യെഹൂദ മതം സ്വീകരിച്ചവരായിരുന്നു. പല പരിഭാഷകരും പണ്ഡിതന്മാരും യവനർ (ഗ്രീക്കുകാർ) എന്നത് യെഹൂദരല്ലാത്ത ഇതര മതവിശ്വാസികളെ സൂചിപ്പിക്കുവാനാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. അത് സത്യമല്ല. ഇവർ യെഹൂദ മതം സ്വീകരിച്ചവരാണ്.

പൌലോസിന് റോമിലുള്ള വിശ്വാസികളുടെ ഇടയിൽ സുവിശേഷം പ്രസംഗിക്കുവാനുള്ള താൽപര്യത്തിന് കാരണം റോമ 1:18ൽ ഉണ്ട്:
റോമ 1:18 അനീതിയാല്‍ സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല ഭക്തിഹീനതയ്ക്കും അനീതിക്കും നേരെ ദൈവത്തിന്‍റെ കോപം സ്വര്‍ഗത്തില്‍ നിന്നും വെളിപ്പെടുന്നു.
ആരാണ് സത്യത്തെ തടുക്കുന്നത്? ജാതികളോ? അല്ലേയല്ല! അപ്പൊസ്തല നടപടി പുസ്തകത്തിൽ ഉടനീളം യെഹൂദർ സത്യത്തിൻറെ (സുവിശേഷത്തിൻറെ) പ്രചരണത്തെ തടയുവാൻ ശ്രമിക്കുന്നതിൻറെ വിവരണമുണ്ട്.
1തെസ്സ 2:14 യെഹൂദർ കർത്താവായ യേശുവിനെയും സ്വന്ത പ്രവാചകരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യർക്കും വിരോധികളും
1തെസ്സ 2:15 ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങള്‍ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാല്‍ ദൈവക്രോധം അവരുടെ മേല്‍ മുഴുത്തുവന്നിരിക്കുന്നു.
ഈ 1തെസ്സ 2:14-15, റോമ 1:18 എന്നീ വചനങ്ങൾ താരതമ്യം ചെയ്ത് നോക്കുക. 1തെസ്സ 2:14-15 യെഹൂദരെ പറ്റിയാണെങ്കിൽ റോമ 1:18ഉം യെഹൂദരെ പറ്റിയാണ്.

ഈ റോമർ 1നെ യെഹൂദരുമായി ബന്ധപ്പെടുത്തുന്ന മറ്റൊരു കണ്ണികൂടി ഇവിടെ അവതരിപ്പിക്കുന്നു:
റോമ 1:22 ജ്ഞാനികൾ എന്ന് പറഞ്ഞ് അവർ മൂഢരായിപ്പോയി;
ഈ വചനം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്, താഴെ കൊടുത്തിരിക്കുന്ന വചനവുമായിട്ടാണ്:
യിരെ 8:8 ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട് എന്ന് നിങ്ങൾ പറയുന്നത് എങ്ങനെ?...
(1കൊരി 1:22ൽ യവനർ ജ്ഞാനം അന്വേഷിക്കുന്നു എന്നല്ലാതെ അവർ സ്വയം ജ്ഞാനികൾ എന്ന് അവകാശപ്പെട്ടതായി എഴുതപ്പെട്ടിട്ടില്ല.)

ഈ അദ്ധ്യായത്തിലെ ഓരോ പരാമർശവും ഒന്നാം നൂറ്റാണ്ടിലെ യെഹൂദ മതവിശ്വാസികളെ പറ്റിയാണെന്ന് തെളിയിക്കുവാൻ കഴിയും, പക്ഷേ, അത്രയധികം വിശദമായി എഴുതിയാൽ ഒരു വലിയ പുസ്തകം തന്നെ വേണ്ടിവരും. ഈ അദ്ധ്യായത്തിൻറെ അവസാനത്തിലുള്ള രണ്ട് വചനങ്ങൾ മാത്രം അവതരിപ്പിക്കുന്നു. പൌലോസ് തിമൊഥെയൊസിനോട് “അന്ത്യകാലത്ത്” വരേണ്ട ചില തരം മനുഷ്യരെ വിട്ടൊഴിയുവാൻ ആവശ്യപ്പെടുന്നുണ്ട്. (2തിമോ 3:1, 5). അങ്ങനെയുള്ള മനുഷ്യരുടെ ലക്ഷണങ്ങളെ പറ്റിയുള്ള വിവരണം വായിക്കുക. (ഈ വിവരണത്തിൻറെ ഇടയിലുള്ള സ്ട്രോങ്സ് നിഘണ്ടുവിലെ സംഖ്യകൾ പ്രത്യേകം ശ്രദ്ധിക്കുക.)

2തിമോ 3:2 മനുഷ്യർ സ്വസ്നേഹികളും വമ്പ് പറയുന്നവരും[G213] അഹങ്കാരികളും[G5244] ദൂഷകന്മാരും മാതാപിതാക്കളെ[G1118] അനുസരിക്കാത്തവരും[G545] നന്ദികെട്ടവരും അശുദ്ധരും, റോമ 1:30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗര്വിഷ്ഠർ[G5244], ആത്മപ്രശംസകർ[G213], പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ[G1118] അനുസരിക്കാത്തവർ[G545],
2Ti 3:2 For men shall be lovers of their own selves, covetous, BOASTERS,[G213] PROUD,[G5244] blasphemers, DISOBEDIENT[G545] TO PARENTS,[G1118] unthankful, unholy, Rom 1:30 Backbiters, haters of God, despiteful, PROUD,[G5244] BOASTERS,[G213] inventors of evil things, DISOBEDIENT[G545] TO PARENTS,[G1118]
2തിമോ 3:3 വാത്സല്യമില്ലാത്തവരും[G794] ഇണങ്ങാത്തവരും,[G786] ഏഷണിക്കാരും അജിതേന്ദ്രിയരും ഉഗ്രന്മാരും സല്ഗുണദ്വേഷികളും. റോമ 1:31 ബുദ്ധി ഹീനർ, നിയമലംഘകർ,[G786], വാത്സല്യമില്ലാത്തവർ[G794], കനിവറ്റവർ,
2Ti 3:3 WITHOUT NATURAL AFFECTION,[G794] TRUCEBREAKERS,[G786] false accusers, incontinent, fierce, despisers of those that are good, Rom 1:31 Without understanding, covenantbreakers, WITHOUT NATURAL AFFECTION,[G794] IMPLACABLE,[G786] unmerciful:

ഇത്രയും ഗുണഗണങ്ങൾ സമാനമായി വന്നത് യാദൃച്ഛികമാകുവാൻ തരമില്ല. റോമ 1:30, 31ൽ ആരെ പറ്റിയാണോ വിവരിക്കപ്പെട്ടിരിക്കുന്നത്, അവരെ പറ്റി തന്നെയാണ് 2തിമോ 3:2, 3ലും വിവരിക്കപ്പെട്ടിരിക്കുന്നത്.(ഈ ലേഖനം തിമൊഥെയൊസിന് എഴുതപ്പെട്ടതാണ്. അദ്ദേഹത്തോട് വിട്ടൊഴിയുവാൻ ആവശ്യപ്പെട്ടത് നമ്മുടെ ഭാവിയിൽ എഴുന്നേൽക്കേണ്ട ആരെയെങ്കിലും അല്ല, അദ്ദേഹത്തിൻറെ സമകാലീനരെയാണ്.)

റോമർ 1ൽ എഴുതപ്പെട്ടിരിക്കുന്ന പുരുഷമൈഥുനക്കാർ (1രാജാ 14:24; 15:12; 22:46; 23:7), സ്ത്രീകളുടെ വഴിവിട്ട വ്യഭിചാരം, വിഗ്രഹാരാധന എന്നിവയെല്ലാം യിസ്രായേലിൻറെ ചരിത്രത്തിലെ മറക്കാവാനാത്ത ഏടുകളല്ലേ?

യോനയുടെ പുസ്തകത്തിൻറെ അവസാന വചനത്തിൽ പറയുന്നത് പോലെ ജാതികളിൽ പലർക്കും തങ്ങളുടെ വലതുകൈയ്യും ഇടതുകൈയ്യും തമ്മിൽ തിരിച്ചറിയില്ല (യോന 4:11), എന്നിട്ടാണ് വാഴക്കൂമ്പും ചേനത്തണ്ടും (ദൈവം സൃഷ്ടിച്ച വസ്തുക്കൾ) കണ്ടിട്ട് ദൈവത്തിൻറെ നിത്യശക്തി മനസ്സിലാക്കേണ്ടത്! അങ്ങനെ മനസ്സിലാകുമായിരുന്നെങ്കിൽ, യേശു ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തേണ്ട ആവശ്യകത ഉണ്ടാകുമായിരുന്നില്ല.

ഈ അദ്ധ്യയത്തിലെ സ്വർഗപ്രേമികളെ പറ്റിയാണെന്ന് തോന്നിക്കുന്ന വചനങ്ങൾ ഞാൻ കൈകാര്യം ചെയ്തില്ല എന്ന ആരോപണം ഉയർന്നേക്കാം. ഈ അദ്ധ്യായത്തിൽ തന്നെ ഈ വേദഭാഗം യെഹൂദരെയും അവരുടെ മതമേധാവികളെയും പറ്റിയാണ് എന്നുള്ളതിന് ഇനിയും തെളിവുകൾ ഉണ്ട്, വിസ്താരഭയം നിമിത്തം അവയെല്ലാം അവതരിപ്പിച്ചിട്ടില്ല. ഷെർലോക് ഹോംസിൻറെ വളരെ വിഖ്യാതമായ ഒരു പ്രസ്താവനയോടെ ഈ ലേഖനം അവസാനിപ്പിക്കുന്നു.
“അസാധ്യമായവയെല്ലാം നീക്കംചെയ്ത ശേഷം ബാക്കിയുള്ളത് എന്തുതന്നെയായിരുന്നാലും, അത് എത്രമാത്രം അസംഭവ്യമായിരുന്നാലും അതുതന്നെയായിരിക്കണം സത്യം എന്ന് എത്രയോ തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്?”
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

⑨ പൌലോസിൻറെ ശുശ്രൂഷയ്ക്ക് മുമ്പ് ക്രൈസ്തവരായ യവനരും അന്യജാതികളും.

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ ഒമ്പതാമത്തെ ലേഖനമാണ്,  ,  ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


യേശു പിടിക്കപ്പെടുന്നതിന് കുറച്ച് മുമ്പ് അവിടത്തേയ്ക്ക് വളരെ ആനന്ദമുണ്ടാക്കിയ ഒരു സംഭവം നടന്നു. താൻ പിടിക്കപ്പെടുന്ന നാഴിക വന്നണഞ്ഞു എന്ന് അറിഞ്ഞിരുന്നും അവിടത്തേയ്ക്ക് സന്തോഷം അടക്കുവാൻ കഴിഞ്ഞില്ല. ഒരേ സമയം സന്തോഷവും സങ്കടവും അനുഭവിച്ചുകൊണ്ട് അവിടന്ന് പറഞ്ഞു: “എൻറെ ഉള്ളം കലങ്ങിയിരിക്കുന്നു.” സന്തോഷിക്കണമോ, സങ്കടപ്പെടണമോ എന്ന് അറിയാത്ത അവസ്ഥ!
യോഹ 12:20 (പെസഹാ) പെരുന്നാളിൽ നമസ്കരിക്കുവാൻ വന്നവരിൽ ചില യവനർ (ഗ്രീക്കുകാർ) ഉണ്ടായിരുന്നു.
യോഹ 12:21 ഇവർ ... ഫീലിപ്പോസിൻറെ അടുത്ത് ചെന്ന് അദ്ദേഹത്തോട്: ... ഞങ്ങൾക്ക് യേശുവിനെ കാണുവാൻ താൽപര്യമുണ്ട് എന്ന് അപേക്ഷിച്ചു.
യോഹ 12:22 ... അന്ത്രെയാസും ഫീലിപ്പോസും ചെന്ന് യേശുവിനോട് പറഞ്ഞു.
യോഹ 12:23 യേശു അവരോട് ഉത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
യോഹ 12:24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്ത് വീണ്, ചാകുന്നില്ലെങ്കിൽ അത് തനിയേ ഇരിക്കും; ചത്തെങ്കിലോ വളരെ വിളവ് ഉണ്ടാകും.
...
യോഹ 12:28 പിതാവേ, നിൻറെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗത്തിൽ നിന്നും; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്ന ഒരു ശബ്ദം ഉണ്ടായി.
“മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു” എന്നുള്ള യേശുവിൻറെ വാക്കുകൾ അവിടന്ന് ഗ്രീക്കുകാരെ കാത്തിരുന്നത് പോലെ തോന്നിക്കുന്നില്ലേ? യഥാർത്ഥത്തിൽ അവിടന്ന് അവരെ കാത്തിരിക്കുകയായിരുന്നു.

ഈ ഗ്രീക്കുകാർ പെസഹാ ആചരിക്കുവാൻ വന്ന വിവിധ മനുഷ്യവംശങ്ങളിൽ ഒന്ന് മാത്രമാണ്. (യെഹൂദ മതം സ്വീകരിച്ചവർക്കേ പെസഹാ ആചരിക്കുവാൻ അനുവാദമുള്ളൂ. പുറ 12:48-49) പെസഹാ മുതൽ പെന്തെക്കൊസ്ത വരെയുള്ള കാലയളവിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ യെരൂശലേമിൽ വന്നെത്തുമായിരുന്നു. അങ്ങനെ എത്തുന്നവരിൽ ഒരു വിഭാഗം മാത്രമാണ് ഗ്രീക്കുകാർ. ബാക്കിയുള്ളവരെ അപ്പൊ 2:9, 10ൽ കാണാം:
അപ്പൊ 2:9 പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
അപ്പൊ 2:10 പൊന്തൊസിലും ആസ്യയിലും ഫ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്ക് ചേർന്ന ലിബ്യാ പ്രദേശങ്ങളിലും പാർക്കുന്നവരും റോമിൽ നിന്നും വന്നുപാർക്കുന്നവരും യെഹൂദരും യെഹൂദ മതാനുസാരികളും ക്രേത്യരും (ക്രേത്ത ഒരു ദ്വീപാണ്) അറബികളുമായ നാം,
അപ്പൊ 2:11 ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിൻറെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ എന്ന് പറഞ്ഞു.
ഇവർ റോമാ സാമ്രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരാണ്. (ഭൂമിശാസ്‌ത്രം നന്നായി അറിയാവുന്നവർ ഈ ഓരോ സ്ഥലങ്ങളും എവിടെയാണെന്ന് കണ്ടുപിടിക്കട്ടെ.)

ഈ രണ്ട് വേദഭാഗങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വേദഭാഗം പരിശോധിക്കാം:
യെശ 66:18 ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ വന്ന്, എൻറെ മഹത്വം കാണും
യെശ 66:19 ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജാതികളുടെ അടുത്തേയ്ക്കും എൻറെ കീർത്തി കേൾക്കുകയും എൻറെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത വിദൂര ദ്വീപുകളിലേക്കും അയയ്ക്കും; അവർ എൻറെ മഹത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും;
യാവാൻറെ (ഉൽ 10:5) പിന്മുറക്കാരാണ് യവനർ. ദ്വീപുകളിൽ നിന്നുള്ളവരും, വിവിധ ഭാഷകൾ സംസാരിക്കുന്നവരും, യൂറോപ്പിൻറെയും, ഏഷ്യയുടെയും, ആഫ്രിക്കയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും വന്നവരുമുണ്ട്.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള, വിവിധ ജാതികളും, ഭാഷക്കാരും ദ്വീപ് നിവാസികളുമെല്ലാം ചേർന്നുവരുമ്പോഴാണ് യേശു തേജസ്കരിക്കപ്പെടേണ്ടത് (മഹത്വപ്പെടുത്തപ്പെടേണ്ടത്, ഗ്രീക്ക് വാക്കുകൾ ഒന്നുതന്നെയാണ്.)

യെശ 66:18-19ലെ പ്രവചനത്തിൻറെ പൂർത്തീകരണമാണ് നാം യോഹ 12:20-28ൽ വായിക്കുന്നത്. ഗ്രീക്കുകാർ അടക്കമുള്ള ജാതികൾ യേശുവിൻറെ അടുത്ത് വന്നപ്പോഴാണ് അവിടത്തേയ്ക്ക് തൻറെ മഹത്വീകരണത്തിൻറെ നാഴിക വന്നെത്തി എന്ന് മനസ്സിലായത്.

അവിടന്ന് മഹത്വീകരിക്കപ്പെട്ടപ്പോൾ യെശ 66:18ൽ പറയപ്പെട്ടിട്ടുള്ളത് പോലെ കാണുവാൻ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, കേൾക്കുവാൻ ഉണ്ടായിരുന്നു: സ്വർഗത്തിൽ നിന്നും; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്ന ശബ്ദം (യോഹ 12:28). അവിടെ ഉണ്ടായിരുന്ന ജനങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല:
യോഹ 12:29 അത് കേട്ടിട്ട് അരികെ നില്‍ക്കുന്ന പുരുഷാരം ഇടി ഉണ്ടായി എന്ന് പറഞ്ഞു; മറ്റു ചിലര്‍ ഒരു ദൈവദൂതന്‍ അവനോട് സംസാരിച്ചു എന്ന് പറഞ്ഞു.
അപ്പോൾ അവിടന്ന് അവർക്ക് വിശദീകരിച്ചുകൊടുത്തു:
യോഹ 12:30 അതിന് യേശു ഈ ശബ്ദം എന്‍റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തമാണ് ഉണ്ടായത്.
യെശ 66:18ൽ പറഞ്ഞിട്ടുള്ളത് പോലെ നിങ്ങൾ എൻറെ മഹത്വം കാണുവാനാണ് (കേൾക്കുവാനാണ്) ഈ ശബ്ദം ഉണ്ടായത്.

പൌലോസിൻറെ ശുശ്രൂഷയ്ക്ക് മുമ്പ് ക്രൈസ്തവരായ യവനർ.


പെന്തക്കൊസ്ത ദിവസം യെരൂശലേമിൽ വന്നിരുന്നവരുടെ പട്ടികയിൽ “യെഹൂദ മതാനുസാരികളും” (proselytes - അപ്പൊ 2:10) എന്ന പദസമുച്ചയം ശ്രദ്ധിക്കുക. ഇവർ യെഹൂദ മതത്തിൽ ചേർന്നവരാണ്. യെഹൂദ മതത്തിൽ ചേരാതെ യെഹൂദരുടെ പെരുന്നാളുകളിൽ - വിശേഷിച്ചും പെസഹായിൽ  - പങ്കെടുക്കുവാൻ അനുവദിക്കില്ല. (പുറ 12:48-49)

പെന്തക്കൊസ്ത ദിവസം ക്രൈസ്തവരായ ഈ യെഹൂദരും യെഹൂദ മതാനുസാരികളും (അപ്പൊ 2:41), ഏകദേശം 3,000 പേർ ഉണ്ടായിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും സ്വന്തം ദേശങ്ങളിലേയ്ക്ക് തിരിച്ചുപോയിരിക്കണം.

പിന്നീട് യവനരായ ക്രൈസ്തവരെ പറ്റി നാം വായിക്കുന്നത്:
അപ്പൊ 6:1 ആ കാലത്ത് ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവകളെ ദിനംപ്രതിയുള്ള ശുശ്രൂഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്ന് യവന ഭാഷക്കാര്‍ (യവനർ) എബ്രായ ഭാഷക്കാരുടെ (എബ്രായരുടെ) നേരെ പിറുപിറുത്തു.
ചില കൈയ്യെഴുത്തുപ്രതികളിൽ “യവന ഭാഷക്കാർ” (Hellenists, Ελληνιστων) എന്ന് കാണുന്നതിൻറെ താൽപര്യം അത് ഗ്രീക്ക് ഭാഷ സംസാരിക്കുന്ന യെഹൂദർ ആയിരുന്നു എന്നാണ്. അത്തരം കൈയ്യെഴുത്തുപ്രതികൾ കുറവാണ്.

അലക്സാന്തരുടെ കാലം മുതൽ പൂർവ റോമാ സാമ്രാജ്യത്തിൽ കൊയ്നെ ഗ്രീക്ക് പ്രചുരപ്രചാരം സിദ്ധിച്ച ഭാഷയായിരുന്നു. അതുകൊണ്ടുതന്നെ, യവന ഭാഷക്കാർ എന്നതുകൊണ്ട് ഗ്രീക്കുകാർ എന്നോ ഗ്രീക്ക് ഭാഷ സംസാരിക്കുന്ന യെഹൂദർ എന്നോ അർത്ഥം ലഭിക്കുമെന്ന് തോന്നുന്നില്ല.

പത്രോസ് കൈസര്യയിൽ നടത്തിയ കൊയ്ത്ത്.


കൊർന്നേല്യൊസ് എന്ന ശതാധിപനെ പറ്റിയും അദ്ദേഹം യൊപ്പയിലേയ്ക്ക് ആളയച്ച് പത്രോസിനെ വരുത്തിയതും, പത്രോസിന് ഉണ്ടായ ദർശനവും നമുക്ക് പരിചിതമാണ്. ഈ ശതാധിപനെ പറ്റി എഴുതപ്പെട്ടിരിക്കുന്ന ശ്രദ്ധേയമായ ഒരു കാര്യം:
അപ്പൊ 10:2 അദ്ദേഹം ഭക്തനും തൻറെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി (one that feared God) ജനത്തിന് വളരെയധികം ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോട് പ്രാർത്ഥിച്ചും പോന്നു.
“ദൈവത്തെ ഭയപ്പെടുന്ന” എന്ന പദസമുച്ചയത്തിൻറെ അർത്ഥം “പടിവാതൽ യെഹൂദൻ” എന്നാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. (പുറ 20:10 പോലെയുള്ള വചനങ്ങളിലെ “പടിവാതിലിന് അകത്തുള്ള പരദേശി”). ഇവർ പുതിയതായി യെഹൂദ മതം സ്വീകരിച്ചവരാണ്. ഇവർക്ക് ന്യായപ്രമാണം മുഴുവനും ബാധകമല്ല. നോഹയുടെ ഏഴ് കൽപനകളാണ് ബാധകമാകുന്നത്. കാലക്രമത്തിൽ ഇവർ ചേലാകർമ്മം ചെയ്യപ്പെട്ട് “നീതീകരിക്കപ്പെട്ട ജാതികൾ” അല്ലെങ്കിൽ പരിപൂർണ്ണ യെഹൂദരാകും.

പത്രോസ് കൊർന്നേല്യൊസിനെയും കൂട്ടരെയും ജ്ഞാനസ്നാനപ്പെടുത്തിയിട്ട് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ നേരിട്ടത് ആരാണെന്ന് നോക്കാം:
അപ്പൊ 11:2 പത്രോസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അദ്ദേഹത്തോട് വാദിച്ചു.
അപ്പൊ 11:3 നീ അഗ്രചർമ്മികളുടെ അടുത്ത് ചെന്നു അവരോട് കൂടെ ഭക്ഷിച്ചു എന്ന് പറഞ്ഞു.
ഇവിടെ “പരിച്ഛേദനക്കാർ” (they that were of the circumcision) എന്ന് ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.  പരമ്പരാഗതമായി യെഹൂദരായവരും ജാതികളിൽ നിന്നും  യെഹൂദ മതം സ്വീകരിച്ച് “നീതീകരിക്കപ്പെട്ട ജാതികളും” ഉൾപ്പെടുന്നവരാണ് പരിച്ഛേദനക്കാർ. പരിച്ഛേദനക്കാരായ പരിപൂർണ്ണ യെഹൂദരുടെ കാഴ്ചപ്പാടിൽ പരിച്ഛേദനം ഇല്ലാത്ത “പടിവാതൽ യെഹൂദന്മാർ” ജാതികളാണ് (അപ്പൊ 10:48; 11:1, 18). പക്ഷേ, യഥാർത്ഥത്തിൽ പരിപൂർണ്ണ ജാതികൾ അല്ല.

ഗുണപാഠം:
  • പൌലോസിൻറെ ശുശ്രൂഷയ്ക്ക് മുമ്പുതന്നെ യെഹൂദർ അല്ലാത്തവർ യെഹൂദ മതത്തിലേയ്ക്കും, ക്രൈസ്തവ വിശ്വാസത്തിലേയ്ക്കും വന്നിരുന്നു. അങ്ങനെ വന്നത് വിവിധ പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു. ഇവയെല്ലാം നടന്നത് ദൈവത്തിനും യേശുവിനും മഹിമ ലഭിക്കുവാനും.
  • അഗ്രചർമ്മികൾ എന്നോ ജാതികൾ എന്നോ എഴുതപ്പെട്ടതുകൊണ്ട് അത് പരിപൂർണ്ണമായും യെഹൂദർ അല്ലാത്തവരെ സൂചിപ്പിക്കണമെന്നില്ല.
  • പരിച്ഛേദനക്കാർ എന്ന വാക്കിൻറെ അർത്ഥവ്യാപ്തിയിൽ പരമ്പരാഗത യെഹൂദരും യെഹൂദ മതം സ്വീകരിച്ച ജാതികളും ഉൾപ്പെടും.
  • അഗ്രചർമ്മികൾ എന്ന വാക്കുകൊണ്ട് പുതിയതായി യെഹൂദ മതം സ്വീകരിച്ചവരെയാണ് ഉദ്ദേശിക്കുന്നത്. ഇവർക്ക് ദൈവത്തെ ഭയപ്പെടുന്നവർ (“പടിവാതൽ യെഹൂദൻ”) എന്നും പറയും.
  • അഗ്രചർമ്മികൾ, യവനർ മുതലായ വാക്കുകൾ ഉപയോഗിച്ചിട്ട്, അതേ സന്ദർഭത്തിൽ ജാതികൾ എന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് യെഹൂദരുടെ കാഴ്ചപ്പാടിലെ ജാതികളാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പുതിയതായി യെഹൂദമതം സ്വീകരിച്ചവർ.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Saturday, December 10, 2016

⑧ “ജാതികൾ” ആരാണ്?

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ ഏഴാമത്തെ ലേഖനമാണ്, ,  ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


ഓട്ടൻതുള്ളലിൻറെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ തൻറെ കൂട്ടുകാരനുമായി കുളത്തിൽ കുളിക്കുവാൻ ചെന്നപ്പോൾ രാജാവിൻറെ ആന കുളം കലക്കിയിട്ടിരിക്കുന്നത് കണ്ടു.
കൂട്ടുകാരൻ പറഞ്ഞു: കരി കലക്കിയ കുളം.
കുഞ്ചൻ നമ്പ്യാർ മറുപടി പറഞ്ഞു: കളഭം കലക്കിയ കുളം.
കരിക്ക് കരി എന്ന സാധാരണ അർത്ഥം കൂടാതെ ആന എന്ന അർത്ഥവുമുണ്ട്. അതുതന്നെയാണ് കളഭത്തിൻറെയും കാര്യം. ഇത്തരം പ്രയോഗത്തിന് മലയാളം വ്യാകരണത്തിൽ നാനാർത്ഥം (homophone) എന്ന് പറയും.

“ജാതികൾ” ആരാണ്?

വേദപുസ്തകത്തിൽ എവിടെയെങ്കിലും “ജാതികൾ” എന്ന വാക്ക് കണ്ടാൽ ഉടനെ അത് യിസ്രായേല്യരോ, യെഹൂദ മതസ്തരോ അല്ലാത്ത എല്ലാവരെയും സൂചിപ്പിക്കുന്ന വാക്കാണ് എന്നൊരു പൊതുവായ ധാരണയുണ്ട്. ഉദാഹരണമായി,
  • ലൂക്കോ 21:24 “ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിമെതിക്കും”.
  • റോമ 11:25 “ജാതികളുടെ പൂര്‍ണ സംഖ്യ ചേരുന്നത് വരെ യിസ്രായേലിന് ഭാഗികമായി കാഠിന്യം ഭവിച്ചിരിക്കുന്നു.”
  • വെളി 11:2 “ആലയത്തിന് പുറത്തുള്ള പ്രാകാരം അളക്കാതെ വിടുക; അത് ജാതികള്‍ക്ക് കൊടുത്തിരിക്കുന്നു;...”
  • വെളി 20:8 അവന്‍ ഭൂമിയുടെ 4 ദിക്കിലുമുള്ള ജാതികളായി സംഖ്യയില്‍ കടല്‍പ്പുറത്തെ മണല്‍ പോലെ ഉള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിനായി കൂട്ടിച്ചേര്‍ക്കുവാന്‍...
എന്നൊക്കെ വായിക്കുമ്പോൾ ലോകത്തിലുള്ള സകല ജാതികളെയുമാണ് അർത്ഥമാക്കുന്നത് എന്ന തോന്നൽ ഉണ്ടാകും. അത്തരം ധാരണകളെ തിരുത്തുക എന്നതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശ്യം.

യേശു ശിഷ്യന്മാരോട് പറയുന്ന ഈ വാക്കുകൾ ശ്രദ്ധിക്കുക:
മത്താ 20:18 “നാം യെരൂശലേമിലേക്ക് പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതർക്കും ശാസ്ത്രിമാർക്കും ഏൽപിക്കപ്പെടും.
മത്താ 20:19 അവർ അവന് മരണശിക്ഷ കൽപിച്ച്, പരിഹസിക്കുവാനും തല്ലുവാനും ക്രൂശിക്കുവാനും അവനെ ജാതികൾക്ക് ഏൽപിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കും”.
ഇവിടെ യെഹൂദ മതമേധാവികളായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ റോമൻ അധികാരികൾക്ക് ഏൽപിച്ചുകൊടുക്കുന്നതിനെ പറ്റിയല്ലേ പരാമർശിക്കപ്പെടുന്നത്? ഇതിൽ ഇന്ത്യയിലോ, പാകിസ്ഥാനിലോ, ജപ്പാനിലോ, അമേരിക്കയിലോ ഉള്ള ജാതികൾക്ക് എന്തെങ്കിലും പങ്കുണ്ടോ?

അടുത്ത വേദഭാഗം യെരൂശലേമിൻറെ നാശത്തിനെ പറ്റിയാണ്.
ലൂക്കോ 21:20 സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോൾ അതിൻറെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ.
ലൂക്കോ 21:24 അവർ വാളിൻറെ വായ്ത്തലയാൽ വീഴുകയും അവരെ സകല ജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകുകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേമിനെ ചവിട്ടിമെതിക്കുകയും ചെയ്യും.
Luk 21:24 And they shall fall by the edge of the sword, and shall be led away captive into all nations[G1484]: and Jerusalem shall be trodden down of the Gentiles[G1484], until the times of the Gentiles[G1484] be fulfilled.
കി. പി. 70ൽ യെരൂശലേമിനെ നശിപ്പിച്ചതും ചവിട്ടിമെതിച്ചതും റോമൻ സൈന്യമല്ലേ? അതിൽ വേറെ ഏതെങ്കിലും ജാതികൾക്ക് എന്താണ് പങ്ക്?

ലൂക്കോ 21:24ൽ മലയാളത്തിൽ ജാതികൾ എന്ന് മൂന്ന് തവണയും ഇംഗ്ലീഷിൽ Gentiles (ജാതികൾ) എന്ന് രണ്ട് തവണയും Nations (ദേശങ്ങൾ) എന്ന് ഒരു തവണയും പരിഭാഷപ്പെടുത്തിയിരിക്കുന്നത് എത്നോസ് (ἔθνος, സ്ട്രോങ്സ് നിഘണ്ടുവിൽ G1484) എന്ന ഗ്രീക്ക് വാക്കാണ്. “ജാതികളിലേക്ക് ബദ്ധരായി കൊണ്ടുപോകുക” എന്ന പരിഭാഷ അർത്ഥശൂന്യമാണ്. ദേശങ്ങളിലേയ്ക്കാണ് (Nations) ബദ്ധരായി കൊണ്ടുപോകപ്പെടുന്നത്.

ദേശം, രാജ്യം, ജാതി എന്നീ അർത്ഥങ്ങൾ ലഭിക്കുവാൻ പുതിയനിയമം എഴുതപ്പെട്ടിരിക്കുന്ന കൊയ്നെ ഗ്രീക്കിൽ ഒരേയൊരു വാക്കേയുള്ളു - എത്നോസ്. (മലയാളത്തിൽ വേദപുസ്തകം പരിഭാഷപ്പെടുത്തിയ വിദ്വാന് നല്ല മലയാളം അറിഞ്ഞിട്ട് വേണ്ടേ, നാനാർത്ഥം എന്താണെന്ന് അറിയുവാൻ?)

പഴയനിയമം എഴുതപ്പെട്ടിരിക്കുന്ന ഹീബ്രു, അരാമ്യ ഭാഷകളും, പുതിയ നിയമം എഴുതപ്പെട്ടിരിക്കുന്ന കൊയ്നെ ഗ്രീക്ക് ഭാഷയും വളരെ ശുഷ്കമായ പദസഞ്ചയമുള്ള ഭാഷകളായിരുന്നു. പലപ്പോഴും പല ആശയങ്ങളും പ്രകടിപ്പിക്കുവാൻ ഒരേ വാക്ക് ഉപയോഗിച്ചിരിക്കുന്നത് കാണാം. പഴയനിയമത്തിൽ രാജ്യം, ജാതികൾ, ദേശം, അപരിഷ്കൃതർ എന്നീ അർത്ഥങ്ങൾ ലഭിക്കുവാൻ ഗോയീം (גּוֹי, സ്ട്രോങ്സ് നിഘണ്ടുവിൽ H1471, ഗോയീം ബഹുവചനമാണ് ഗോയ് ആണ് ഏകവചനം) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് കാണാം. ഏത് സാഹചര്യത്തിൽ ഏത് പരിഭാഷ ഉപയോഗിക്കുന്നു എന്നത് പരിഭാഷകൻറെ മനോധർമ്മമാണ്.

യവനരും ജാതികളും


മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ, ക്രൈസ്തവ പ്രബോധനങ്ങളിൽ അധികവും ഇംഗ്ലീഷിലെ KJVയുടെ (King James Version) അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. KJVൽ പലേടത്തും ഗ്രീക്കുകാർ (യവനർ) എന്നതിന് പകരം ജാതികൾ എന്ന് എഴുതിയിരിക്കുന്നത് കാണാം. (മലയാളത്തിൽ ഈ തെറ്റ് ഇല്ല.)
റോമ 2:9 തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യെഹൂദനും പിന്നെ “യവനനും” (ഗ്രീക്കുകാർക്കും) വരും.
Rom 2:9 Tribulation and anguish, upon every soul of man that doeth evil, of the Jew first, and also of the Gentile [G1672 - Ἕλλην - ഹെലൻ, ഗ്രീക്ക്].
യവനർ അല്ലെങ്കിൽ ഗ്രീക്കുകാർ എന്ന പദം ഉപയോഗിച്ച ശേഷം അതേ സന്ദർഭത്തിൽ ജാതികൾ എന്ന് എഴുതപ്പെട്ടിരിക്കുന്നത് കണ്ടാൽ അവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നത് ഗ്രീക്കുകാരെ പറ്റിയാണ് എന്ന് വിവേചിച്ചറിയണം.

അതുപോലെതന്നെ, യവനർ എന്ന പദം ഗ്രീസ് ദേശത്തുനിന്നും ഉള്ളവരെ സൂചിപ്പിക്കുവാൻ മാത്രമല്ല ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധിക്കുക. നോഹയുടെ പുത്രനായിരുന്ന യാഫെത്തിൻറെ പുത്രൻ യാവാൻറെ പുത്രന്മാരാണ് യവനർ. യാവാൻറെ പുത്രന്മാരിൽ കിത്തിം എന്നയാളുടെ വംശാവലിയിൽ ഉൾപ്പെടുന്നവരാണ് റോമർ (ഉൽ 10:3, 4). അതുകൊണ്ട് യവനർ എന്ന പദത്തിൻറെ അർത്ഥവ്യാപ്തിയിൽ റോമരും ഉൾപ്പെടും.

“ഇനിമേൽ ഞാൻ ജാതികളുടെ അടുത്ത് പോകും”


പൌലോസിന് കൊരിന്തിൽ നേരിട്ട എതിർപ്പിനെ പറ്റിയുള്ള വിവരണം അപ്പൊ 18ൽ ഉണ്ട്.
അപ്പൊ 18:4 ശബ്ബത്ത് തോറും അവൻ പള്ളിയിൽ (സിനഗോഗിൽ) സംവാദിച്ചു യെഹൂദരെയും യവനരെയും സമ്മതിപ്പിച്ചു.
യവനർ (ഗ്രീക്കുകാർ) എപ്പോഴാണ് സിനഗോഗിൽ പ്രവേശിക്കുവാൻ തുടങ്ങിയത്? രോഗിയായ തൻറെ ഭൃത്യനെ സുഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യേശുവിനെ സമീപിച്ച ഒരു ശതാധിപൻ യെഹൂദർക്കായി ഒരു സിനഗോഗ് നിർമ്മിച്ചുകൊടുത്തു എന്ന് ലൂക്കോ 7:5ൽ എഴുതപ്പെട്ടിട്ടുണ്ട്, പക്ഷേ, യെഹൂദരല്ലാതെ ആരും സിനഗോഗിൽ പ്രവേശിച്ചതായി സുവിശേഷങ്ങളിൽ ഇല്ല. മാത്രമല്ല, യേശു അവിടത്തെ ശിഷ്യന്മാരെ സുവിശേഷ പ്രചരണത്തിനായി ആദ്യം അയച്ചപ്പോൾ അവരോട് ജാതികളുടെ അടുത്ത് പോകരുതെന്ന് കർശനമായ നിർദ്ദേശം നൽകിയിരുന്നു (മത്താ 10:5). ഇവിടെ പരാമർശിക്കപ്പെടുന്ന യവനർ യെഹൂദ മതം സ്വീകരിച്ചവരായിരുന്നു എന്ന് അർത്ഥം.

പൌലോസ് തൻറെ പ്രസംഗം ആരംഭിച്ചത് “യിസ്രായേൽ പുരുഷന്മാരേ, ദൈവഭക്തരേ” എന്ന അഭിസംബോധനയോടെയാണ് എന്നത് ശ്രദ്ധിക്കുക. “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേയ്ക്ക് അല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന യേശുവിൻറെ പ്രസ്താവവും ഓർമ്മിക്കുക.(മത്താ 15:24)
അപ്പൊ 18:6 അവര്‍ എതിര്‍പ്പ് പറയുകയും ദുഷിക്കുകയും ചെയ്തതിനാല്‍ അവന്‍ വസ്ത്രം കുടഞ്ഞ്: “നിങ്ങളുടെ നാശത്തിന് നിങ്ങള്‍ തന്നേ ഉത്തരവാദികള്‍; ഞാന്‍ നിര്‍മ്മലന്‍ ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുത്ത് പോകും” എന്ന് അവരോട് പറഞ്ഞു.
അപ്പൊ 18:7 അവന്‍ അവിടം വിട്ട്, തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തന്‍റെ വീട്ടില്‍ ചെന്നു; അവന്‍റെ വീട് പള്ളിയോട് (സിനഗോഗിനോട്) തൊട്ടിരുന്നു.
“ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുത്ത് പോകും” എന്ന് പറഞ്ഞ പൌലോസ് പോയത് തീത്തൊസ് യുസ്കൊസ് എന്ന ആളുടെ അടുത്തേയ്ക്ക്. ഇയാൾ ഒരു ദൈവഭക്തൻ (worshiper of God), അതായത്, യെഹൂദ മതം സ്വീകരിച്ചയാൾ. ദൈവഭക്തൻ എന്നത് യെഹൂദ മതം സ്വീകരിച്ച ആൾ എന്നതിനുള്ള പഴയ കാലത്തെ പദപ്രയോഗമാണ്. പീലാത്തോസ് തൻറെ ഭാര്യയെ പറ്റി ദൈവഭക്ത എന്ന് പരാമർശിച്ചപ്പോൾ ഹന്നാവും കയ്യാഫാവും മതപരിവര്‍ത്തനം ചെയ്തവൾ (proselyte) എന്ന് സ്‌പഷ്‌ടമാക്കിയതായി ചരിത്രത്തിലുണ്ട്.

മിക്കവാറും കൈയ്യെഴുത്തുപ്രതികളിൽ തീത്തൊസ് യുസ്കൊസ് എന്നല്ലാതെ, യുസ്കൊസ് എന്ന് മാത്രമേയുള്ളൂ. യുസ്കൊസ് എന്ന പേരുള്ള വേറെ രണ്ട് പേരെ പറ്റി വേദപുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അവർ രണ്ട് പേരും യെഹൂദരായിരുന്നു. (അപ്പൊ 1:23; കൊലൊ 4:11). അതായത്, യുസ്കൊസ് ഒന്നുകിൽ യെഹൂദനോ, അല്ലെങ്കിൽ യെഹൂദ മതം സ്വീകരിച്ച ഗ്രീക്കുകാരനോ ആയിരുന്നു. (സിനഗോഗിനോട് ചേർന്ന് വീടുവെക്കുവാൻ ജാതികൾക്ക് അനുവാദമുണ്ടായിരുന്നോ എന്ന് അറിയില്ല. അത് തൽക്കാലം അവഗണിക്കാം.)
അപ്പൊ 18:8 പള്ളി (സിനഗോഗിലെ) പ്രമാണിയായ ക്രിസ്പൊസ് തൻറെ സകല കുടുംബത്തോടും കൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
സിനഗോഗിലെ പ്രമാണിയായ ക്രിസ്പൊസ് ജാതിക്കാരൻ ആയിരുന്നിരിക്കുവാൻ സാധ്യതയുണ്ടോ?

“ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുത്ത് പോകും” എന്ന് പറഞ്ഞ പൌലോസ് പോയത് തികച്ചും ജാതികളായവരുടെ അടുത്തേയ്ക്കല്ല, പ്രത്യുത, ഗ്രീക്കുകാരിൽ നിന്നും യെഹൂദ മതം സ്വീകരിച്ചവരുടെ അടുത്തേയ്ക്കാണ്.

കൊരിന്തിൽ എത്തിയപ്പോൾ മുതൽ പൌലോസിന് ഒത്താശ ചെയ്തിരുന്ന അക്വിലാവും പ്രിസ്കില്ലയും യെഹൂദരായിരുന്നു. (അപ്പൊ 18:1-2). ബർണബാസ്, മർക്കോസ്, യുസ്തൊസ് എന്ന മറുപേരുള്ള യേശു തുടങ്ങി (കൊലൊ 4:10, 11) അനേകം യെഹൂദ മതസ്തർ പൌലോസിന് എപ്പോഴും തുണനിന്നിരുന്നു.

“ഇതാ, ഞങ്ങള്‍ ജാതികളിലേക്ക് തിരിയുന്നു”.


മുകളിൽ വിവരിച്ച സംഭവത്തിൽ പൌലോസ് “ജാതികളിലേക്ക് പോകുന്നു” എന്നാണ് പറഞ്ഞതെങ്കിൽ ഇനി വിവരിക്കുന്ന സംഭവത്തിൽ ജാതികളിലേക്ക് തിരിയുകയാണ് ചെയ്യുന്നത്. ഈ സംഭവം നടന്നത് മുകളിൽ വിവരിച്ച സംഭവത്തിന് മുമ്പാണ്.

അന്ത്യൊക്ക്യയിലെ ഒരു സിനഗോഗിൽ പൌലോസ് യേശുവിനെ പറ്റി വിശദമായി സാക്ഷ്യം നൽകിയതിനെ പറ്റിയുള്ള വിവരണം അപ്പൊ 13:14-52ൽ വായിക്കാം. അദ്ദേഹത്തിൻറെ പ്രസംഗം അവസാനിച്ചപ്പോൾ:
അപ്പൊ 13:42 അവർ (യെഹൂദർ) പള്ളി വിട്ടുപോകുമ്പോൾ അടുത്ത ശബ്ബത്തിൽ ഈ വചനം തങ്ങളോട് പറയേണം എന്ന് അവർ (ജാതികൾ) അപേക്ഷിച്ചു.
Act 13:42 And when the Jews were gone out of the synagogue, the Gentiles besought that these words might be preached to them the next sabbath.
യെഹൂദർ (Jews), ജാതികൾ (Gentiles) എന്നീ വാക്കുകൾ മലയാളത്തിൽ ഇല്ലാത്തത് കൈയ്യെഴുത്തുപ്രതിയുടെ വ്യത്യാസമാണ്.

യെഹൂദർ സിനഗോഗിൽ നിന്നും വെളിയിൽ പോയപ്പോൾ ജാതികൾ “ഈ വചനം” തങ്ങളോട് അടുത്ത ശബ്ബത്തിൽ പറയണം എന്ന് ആവശ്യപ്പെടണമെങ്കിൽ അവർ ആ വചനവും കേട്ടുകൊണ്ട് സിനഗോഗിൽ ഇരിപ്പുണ്ടായിരുന്നു. മൈക്കും സ്പീക്കറുകളും ഇല്ലാതിരുന്ന കാലത്ത് പൌലോസ് അലറിവിളിച്ച് വെളിയിലുള്ളവരെ കേൾപ്പിച്ചിരിക്കുവാൻ തരമില്ല.

ഈ ജാതികൾ ആരാണെന്നുള്ളത് അടുത്ത വചനത്തിൽ കാണാം.
അപ്പൊ 13:43 പള്ളി പിരിഞ്ഞ ശേഷം യെഹൂദരിലും ഭക്തിയുള്ള യെഹൂദ മതാനുസാരികളിലും (religious proselytes) പലർ പൌലോസിനെയും ബർണബാസിനെയും അനുഗമിച്ചു; അവർ അവരോട് സംസാരിച്ച്, ദൈവകൃപയിൽ നിലനിൽക്കുവാൻ അവരെ ഉത്സാഹിപ്പിച്ചു.
ഈ യെഹൂദ മതാനുസാരികളെയാണ് ജാതികൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
അപ്പൊ 13:44 അടുത്ത ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾക്കുവാൻ വന്നുകൂടി.
ഒരു പട്ടണത്തിലെ ആൾക്കാർ മുഴുവനെയും ഉൾക്കൊള്ളുവാൻ ഒരു സിനഗോഗിന് കഴിയുമായിരുന്നോ എന്ന് അറിയില്ല. പട്ടണത്തിലുള്ള മുഴുവൻ യെഹൂദരും യെഹൂദ മതാനുസാരികളും എന്നായിരിക്കാം ഉദ്ദേശിച്ചിരിക്കുന്നത്.
അപ്പൊ 13:45 യെഹൂദർ പുരുഷാരത്തെ കണ്ട് അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ട് പൌലോസ് സംസാരിക്കുന്നതിന് എതിർപ്പ് പറഞ്ഞു.
ഇവിടെ യെഹൂദർക്ക് മാത്രമാണ് എതിർപ്പ്. പുരുഷാരത്തിൽ യെഹൂദ മതാനുസാരികളായ ജാതികളും ഉണ്ടെന്നത് സ്പഷ്ടമാണല്ലോ?
അപ്പൊ 13:46 അപ്പോൾ പൌലോസും ബർണബാസും ധൈര്യം പൂണ്ട് ദൈവവചനം ആദ്യം നിങ്ങളോട് പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെ തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിക്കുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്ക് തിരിയുന്നു.
ഈ വചനത്തിൽ “ദൈവവചനം ആദ്യം നിങ്ങളോട് പറയുന്നത് ആവശ്യമായിരുന്നു” എന്ന ഭാഗം യെഹൂദരുമായി മാത്രം ബന്ധമുള്ളതാണ്, കാരണം അവർ അയോഗ്യരാണെന്ന് തെളിയുമ്പോഴാണ് ദൈവവചനം ജാതികളിലേക്ക് പോകേണ്ടത്. (മത്താ 22:8)

സിനഗോഗിൽ യെഹൂദ മതം സ്വീകരിച്ച ജാതികളും, യെഹൂദരുമാണ് ഉണ്ടായിരുന്നത്. യെഹൂദർ ദൈവവചനം നിരാകരിച്ചപ്പോൾ പൌലോസും കൂട്ടരും ആരുടെ അടുത്തേയ്ക്കാണ് തിരിഞ്ഞത്? തീർച്ചയായും അവിടെയുണ്ടായിരുന്ന യെഹൂദ മതാനുസാരികളുടെ അടുത്തേയ്ക്കായിരക്കും. യെഹൂദർ പൌലോസിനെയും കൂട്ടരെയും കേൾക്കാതിരുന്നതിന് ജാതികളിൽ നിന്നും യെഹൂദ മതം സ്വീകരിച്ചവരെ ത്യജിക്കേണ്ട കാര്യമില്ലല്ലോ?

ജാതികൾ എന്ന പദം വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നിടത്തെല്ലാം ലോകത്തിലുള്ള എല്ലാ ജാതികളെയും ഉദ്ദേശിക്കുന്നില്ല എന്നതാണ് ഇവിടെ തെളിയിക്കുവാൻ ശ്രമിച്ചത്. പഴയനിയമത്തിൽ യെശയ്യാവിൻറെയും യെഹസ്ക്കേലിൻറെയും പുസ്തകങ്ങളിൽ ജാതികളോടുള്ള യഹോവയുടെ കോപത്തെ പരാമർശിക്കുന്നിടത്തെല്ലാം യിസ്രായേലിൻറെ അയൽരാജ്യങ്ങളെയും ശത്രുക്കളെയും മാത്രമാണ് പരാമർശിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. ഈ പദത്തെ സാമാന്യവൽക്കരിക്കുന്നത് തെറ്റാണെന്ന് കാണിക്കുവാനാണ് ശ്രമിച്ചത്.

തുടരും...

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

⑦ മരിച്ചവർ എവിടെ?

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ ഏഴാമത്തെ ലേഖനമാണ്, , , , , ,  ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.

സംഭവകഥകൾ:

  • മനുഷ്യരാശിക്ക് വേണ്ടിയുള്ള ദൈവത്തിൻറെ പദ്ധതിയുടെ പ്രതീകമാണ് ഈജിപ്തിലെ ഗ്രേറ്റ് പിരമിഡ് എന്ന് പഠിപ്പിക്കുന്ന ഒരു ക്രൈസ്തവ വിഭാഗത്തിൻറ ഒരു പ്രധാന ബോധകനെ ഞാൻ വീട്ടിൽ വിളിച്ചുവരുത്തി, പിരമിഡ് ഫറവോമാരുടെ ശവകുടീരമാണ്, അതിന് ദൈവവുമായി യാതൊരു ബന്ധവുമില്ല എന്ന് കാണിച്ചുകൊടുത്തു. അപ്പോൾ അദ്ദേഹത്തിൻറെ ചോദ്യം: “അങ്ങനെയാണേൽ ഞങ്ങളും പെന്തക്കൊസ്തുകാരും തമ്മിൽ എന്താണ് വ്യത്യാസം?”
  • ഒരിക്കൽ ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിലൂടെ നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ പുതിയനിയമത്തിൻറെ ഒരു പ്രതി എനിക്ക് തന്നു. അത് തിരിച്ചും മറിച്ചും നോക്കിയിട്ട് ഞാൻ ചോദിച്ചു: “ഇതിന് എന്താണ് പ്രത്യേകത?” അപ്പോൾ അയാൾ റോമ 8:15 കാണിച്ചിട്ട് അതിൽ adoption (ദത്തെടുക്കുക) എന്നതിന് പകരം adaption (അനുരൂപപ്പെടുത്തുക) എന്നാണെന്ന് കാണിച്ചുതന്നു. മൂന്നാമത്തെ അക്ഷരം “o” എന്നത് “a” ആയതാണ് അയാൾ ഉൾപ്പെടുന്ന ക്രൈസ്തവ വിഭാഗത്തിൻറെ സവിശേഷത.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായിരിക്കുവാനുള്ള ശ്രമമാണ് ക്രൈസ്തവരെ 41,000 വിഭാഗങ്ങളായി പിരിച്ചത്! ഇതൊന്നും ദൈവത്തിൽ നിന്നും ഉണ്ടായതല്ല. മനുഷ്യരുടെ ദുർബുദ്ധിയിൽ നിന്നും ഉണ്ടായതാണ്.

പ്രൊട്ടസ്റ്റൻറ് നവീകരണത്തിന് മുമ്പ് കത്തോലിക്കാ സഭ ദണ്ഡവിമോചന കച്ചവടം നടത്തിയിരുന്നു. മരിച്ച ആത്മാക്കൾ ശുദ്ധീകരണസ്ഥലം എന്നൊരു ഇടത്താവളത്തിൽ എത്തിച്ചേരുമെന്നും സഭയ്ക്ക് പണം നൽകിയാൽ അവർ സ്വർഗത്തിൽ എത്തുമെന്നും ജനങ്ങളെ ധരിപ്പിച്ച് അവരുടെ കാശ് പിടുങ്ങി.

പ്രൊട്ടസ്റ്റൻറ് നവീകരണത്തിൻറെ നായകന്മാരിൽ ഒരാളായിരുന്ന മാർട്ടിൻ ലൂഥർ ഇത്തരം കച്ചവടത്തെ എതിർത്തു, പക്ഷേ, ശുദ്ധീകരണസ്ഥലം ഉണ്ടെന്നും ഇല്ലെന്നും മാറിയും മറിച്ചും പറഞ്ഞിട്ടുണ്ട്. പിന്നീട് ഉണ്ടായ പല പ്രൊട്ടസ്റ്റൻറ് വിഭാഗങ്ങളും ഒരു മനുഷ്യൻ മരണത്തോടെ പരിപൂർണ്ണമായും ഇല്ലാതാകുന്നു എന്ന് പഠിപ്പിച്ചുതുടങ്ങി. അവർ ഉൽ 2:7നെ കണക്കിലെ ഒരു സമവാക്യം പോലെ അവതരിപ്പിച്ചു:
ഉൽ 2:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിര്‍മ്മിച്ച്, അവന്‍റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.
പൊടി + ജീവശ്വാസം = ജീവനുള്ള ദേഹി.
ജീവനുള്ള ദേഹി - ജീവശ്വാസം = പൊടി.
മരിച്ചവർ പരിപൂർണ്ണമായും ഇല്ലാതായാൽ പുനരുത്ഥാനത്തിൽ അവർ എങ്ങനെ തിരിച്ചുവരും എന്ന ചോദ്യത്തിന് അവർക്ക് വ്യക്തമായ ഉത്തരമില്ല.

മരിച്ചവരുടെ നിലയെ പറ്റി വേദപുസ്തകം.


ലൂക്കോസ് 16ലെ ധനികനും ലാസരും എന്ന ആഖ്യാനം ഒരു ഉപമയാണെന്ന് ഇതിനുമുമ്പ് എഴുതിയിട്ടുണ്ട്. ശൌല്‍ രാജാവ് എന്‍ദോരിലെ മന്ത്രവാദിനിയെ കൊണ്ട് ശമുവേലിൻറെ ആത്മാവിനെ വരുത്തിയത് മരിച്ചവരുടെ തുടർന്നുള്ള നിലനിൽപിന് തെളിവാകുന്നില്ല, (1ശമു 28) കാരണം, ആ ആത്മാവ് പറഞ്ഞ കാര്യങ്ങൾ കൃത്യമായി സംഭവിച്ചില്ല.

പുനരുത്ഥാനം ഇല്ലെന്ന് വിശ്വസിക്കുന്ന സദൂക്യരുമായി ഉണ്ടായ ഒരു സംവാദത്തിൽ യേശു പറയുന്നത് ശ്രദ്ധിക്കുക:
ലൂക്കോ 20:37 മരിച്ചവർ ഉയിർത്തെഴുന്നേൽക്കും എന്നത്: മോശെ മുൾപടർപ്പ് ഭാഗത്ത് കർത്താവിനെ അബ്രാഹമിൻറെ ദൈവവും യിസ്ഹാക്കിൻറെ ദൈവവും യാക്കോബിൻറെ ദൈവവും എന്ന് പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.
ലൂക്കോ 20:38 ദൈവം മരിച്ചവരുടെ ദൈവം അല്ല, ജീവനുള്ളവരുടെ ദൈവമാണ്; എല്ലാവരും അവിടത്തേയ്ക്ക് ജീവിച്ചിരിക്കുന്നു.
എല്ലാവരും അവിടത്തേയ്ക്ക് ജീവിച്ചിരിക്കുന്നു” - അബ്രാഹവും, യിസ്ഹാക്കും, യാക്കോബും മാത്രമല്ല, എല്ലാവരും ദൈവത്തിന് ജീവിച്ചിരിക്കുന്നവരാണ്. അതിൽ പാപിയെന്നോ, വിശുദ്ധനെന്നോ വ്യത്യാസമില്ല.

ചിലർ ഈ വേദഭാഗത്തെ വളച്ചൊടിച്ച് ഉയിർത്തെഴുന്നേറ്റ ശേഷം ജീവിച്ചിരിക്കും എന്ന് വ്യാഖ്യാനിക്കാറുണ്ട്. അത്തരം വ്യാഖ്യാനത്തിന് ഈ വേദഭാഗത്തിൽ ഇടമില്ല, കാരണം: മോശെയോട് അബ്രാഹം, യിസ്ഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവം എന്ന് പറഞ്ഞ സമയത്ത് അവർ ജീവിച്ചിരുന്നു എന്നാണ് ഈ വചനത്തിൻറെ വിവക്ഷ.

അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു വേദഭാഗം.

1പത്രോ 3:18 ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കുവാൻ നീതിമാനായി നീതികെട്ടവർക്കും വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
1പത്രോ 3:19 ആത്മാവിൽ (ഇംഗ്ലീഷിൽ അതിൽ തന്നെ By[G1722] which[G3739] also[G2532]) അവിടന്ന് ചെന്ന്, പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു.
1പത്രോ 3:19 ആ പെട്ടകത്തില്‍ അല്‍പ ജനം, 8 പേര്‍ മാത്രം, വെള്ളത്തില്‍ കൂടി രക്ഷ പ്രാപിച്ചു.
ഈ വേദഭാഗം പാപികൾ നരകത്തിലാണ് എന്ന പ്രബലമായ പ്രബോധനത്തെ ഖണ്ഡിക്കുന്നതിനാൽ മിക്കവാറും ക്രൈസ്തവ വിഭാഗങ്ങൾ ഇതിന് വളരെ വിചിത്രമായ വ്യാഖ്യാനമാണ് നൽകുന്നത്. അവരുടെ വ്യാഖ്യാനം ഇങ്ങനെയാണ്: യേശുവിൻറെ ആത്മാവ് നീതിയുടെ പ്രസംഗകനായ നോഹയിലൂടെ (2പത്രോ 2:5) അദ്ദേഹത്തിൻറെ സമകാലീനരായ പാപികളോട് പ്രസംഗിച്ചു, പക്ഷേ, അവർ ചെവിക്കൊണ്ടില്ല, അങ്ങനെ നശിച്ചുപോയി. ഈ വ്യാഖ്യാനം ശരിയാണെങ്കിൽ:
  • വെറും 8 പേരെ മാത്രം രക്ഷിക്കുവാൻ പ്രാപ്തനായ യേശുവിനെയാണോ ദൈവം ലോകരക്ഷകനായി (1യോഹ 4:14) നിയോഗിച്ചത്?
  • തടവിലുള്ള ആത്മാക്കൾ എപ്പോഴാണ് തടവിലായത്? ഏതായാലും അവർ നോഹയുടെ കാലത്ത് തടവിൽ അല്ലായിരുന്നല്ലോ?
  • ഇത്തരം പ്രബോധനങ്ങൾ പഠിപ്പിക്കുന്ന പലരും ഭൂമിയിൽ മനുഷ്യനായി ജനിക്കുന്നതിന് മുമ്പ് യേശു നിലനിന്നിരുന്നില്ല എന്ന് വാദിക്കുന്നവരല്ലേ? അപ്പോൾ യേശു എങ്ങനെ നോഹയുടെ കാലത്ത് പ്രസംഗിക്കും?
  • ഈ വേദഭാഗത്തിൻറെ സന്ദർഭവും, “ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും” “അതിൽ തന്നെ അവിടന്ന് ചെന്ന്” എന്നീ പദസമുച്ചയങ്ങൾ തമ്മിലുള്ള ബന്ധവും ഇത്തരത്തിൽ ഒരു വ്യാഖ്യാനത്തിന് ഇടം നൽകുന്നുണ്ടോ?
വേദപുസ്തകത്തിന് അനുസാരമായി പ്രബോധനങ്ങൾ ഉണ്ടാക്കുന്നതിന് പകരം, മതത്തിൻറെ പ്രബോധനങ്ങൾക്ക് അനുസാരമായി വേദപുസ്തകത്തെ വ്യാഖ്യാനം ചെയ്യുമ്പോഴാണ് ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത്.

ക്രിസ്തുവിൽ പ്രിയരെ, ഈ സംഭവം നടന്നത് യേശു സമാധിയിലായിരുന്ന 3 ദിവസങ്ങളിലാണോ അതിന് ശേഷമാണോ എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, നോഹയുടെ കാലത്ത് അവിധേയരായിരുന്നവർ ജലപ്രളയത്തിൽ നശിച്ചുവെങ്കിലും അവർ യേശുവിൻറെ കാലം വരെ തടവുകാരായിരുന്നു. ആത്മാവിൽ ഉയിർപ്പിക്കപ്പെട്ട യേശു അവരോട് പോയി പ്രസംഗിച്ചു എന്നതാണ് ഈ വചനത്തിൻറെ അർത്ഥം.

സഭകൾക്ക് അസൌകര്യകരമായ മറ്റൊരു വേദഭാഗം.

1പത്രോ 4:5 ജീവിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കുവാന്‍ ഒരുങ്ങിയിരിക്കുന്നവന് അവര്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും.
1പത്രോ 4:6 ഇതിനാണ് മരിച്ചവരോടും സുവിശേഷം അറിയിച്ചത്. അവര്‍ ജഡസംബന്ധമായി മനുഷ്യരെ പോലെ വിധിക്കപ്പെടുകയും ആത്മാവ് സംബന്ധമായി ദൈവത്തിന് ഒത്തവണ്ണം ജീവിക്കുകയും ചെയ്യുവാനാണ് ഇത്.
1പത്രോ 4:6 മൂലകൃതിയിൽ ഇല്ലെന്നും, കൈയ്യെഴുത്തുപ്രതിക്ക് എന്തോ കേടുപറ്റിയതാണെന്നും, ഈ വചനത്തിൽ മരിച്ചവർ എന്നതിനാൽ പാപത്തിൽ മരിച്ചവരെയാണ് (പാപികളെയാണ്) ഉദ്ദേശിക്കുന്നതെന്നും തുടങ്ങി അനവധി അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും നിലവിലുണ്ട്.

“സുവിശേഷം അറിയിച്ചത്” എന്ന് ഭൂതകാലത്തിൽ എഴുതിയിരിക്കുന്നതിനാൽ അവർ ജീവിച്ചിരുന്നപ്പോൾ സുവിശേഷം അറിയിച്ചതിനെയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. പക്ഷേ, ഈ മരിച്ചവർ എപ്പോൾ ജീവിച്ചിരുന്നവരാണ് എന്ന് അറിയില്ലല്ലോ? ഒരുപക്ഷേ, അവർ ലോകാരംഭം മുതലുള്ള മനുഷ്യരാണെങ്കിലോ?

ഈ വചനത്തിൽ സുവിശേഷം അറിയിച്ചതിൻറെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്: അവർ വിധിക്കപ്പെട്ട്, ദൈവത്തിന് ഒത്തവണ്ണം ജീവിക്കുകയും ചെയ്യുവാൻ. (നരകത്തിൽ അയയ്ക്കപ്പെടുവാനല്ല.)

വേദപുസ്തകത്തിൽ ഉടനീളം ന്യായവിധി സാമാന്യമായ അർത്ഥത്തിൽ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കുമാണ്. (അപ്പൊ 10:42; 2തിമോ 4:1). 1പത്രോ 4:5ൽ ജീവിക്കുന്നവരെയും മരിച്ചവരെയും ക്രിസ്തു വിധിക്കുവാൻ ഒരുങ്ങിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ പാപത്തിൽ മരിച്ചവരെ ഉദ്ദേശിച്ചില്ലെങ്കിൽ 1പത്രോ 4:6ൽ മാത്രം എങ്ങനെ ജീവിച്ചിരിക്കുന്നവർക്കും പാപത്തിൽ മരിച്ചവർക്കും മാത്രം വിധി എന്ന അർത്ഥമുണ്ടായി?

ക്രിസ്തുവിൽ പ്രിയരെ, ഏതെങ്കിലും മതമോ, ക്രൈസ്തവ വിഭാഗമോ എങ്ങനെ വിശ്വസിക്കുന്നു എന്നതായിരിക്കരുത് നമ്മുടെ വിശ്വസത്തിൻറെ മാനദണ്ഡം. വേദപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നത് എന്താണോ അതായിരിക്കണം മാനദണ്ഡം. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായിരിക്കുവാൻ വേദവചനങ്ങളെ വളച്ചൊടിക്കേണ്ട കാര്യമില്ല. മരിച്ചവർ എവിടെയാണ് എന്ന് നമുക്ക് അറിയാത്തതിനാൽ വേദവചനങ്ങളെ നിരാകരിക്കുന്നതിൽ അർത്ഥമില്ല.

ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നവർ 1പത്രോ 3:18-21ലെ അതേ പാപികൾ ആകണമെന്നില്ല. ജലപ്രളയത്തിന് മുമ്പുള്ള പാപികൾ വേദപുസ്തകത്തിലെ ഏറ്റവും നികൃഷ്ടരായ പാപികളായി കണക്കാക്കപ്പെടുന്നതിനാലാവാം അവരെ പ്രത്യേകം പരാമർശിക്കുവാൻ പത്രോസിനെ പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചത്.

തടവുപുള്ളികൾക്ക് എന്ത് സംഭവിച്ചു?

എഫേ 4:8 അതുകൊണ്ട്, “അവിടന്ന് ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്ക് ദാനങ്ങളെ കൊടുത്തു” എന്ന് പറയുന്നു.
എഫേ 4:9 കയറി എന്നതിനാല്‍ അവിടന്ന് ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്ന് വരുന്നില്ലേ?
എഫേ 4:10 ഇറങ്ങിയവന്‍ സകലത്തെയും നിറയ്ക്കുവാന്‍ സ്വര്‍ഗാധിസ്വര്‍ഗത്തിന് മീതെ കയറിയവനും ആകുന്നു.
യേശുവിനെയാണ് ഇവിടെ പരാമർശിക്കുന്നത് എന്നതിൽ സംശയമില്ലല്ലോ? അവിടന്ന് സ്വർഗാരോഹണം ചെയ്തപ്പോൾ ബദ്ധന്മാരെ (തടവുകാരെ) പിടിച്ചുകൊണ്ടുപോയതിനെ പറ്റിയാണ് പരാമർശം എന്നതിൽ സംശയമുണ്ടോ? 1പത്രോ 3:19ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന തടവിലുള്ള ആത്മാക്കളും ഇവരും തമ്മിലുള്ള വ്യത്യാസം ഉപയോഗിച്ചിരിക്കുന്ന ഭാഷയുടേത് മാത്രമാണ്. പത്രോസിൻറെ ഭാഷ (മത്താ 26:73) മലബാറുകാരുടെ മലയാളം പോലെയും, പൌലോസിൻറെ ഭാഷ കോട്ടയത്തുകാരുടെ മലയാളം പോലെയും ആയിരുന്നിരിക്കണം. അതുകൊണ്ട് അവർ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കുകൾ ഒന്നുതന്നെ ആവണമെന്നില്ല.

“ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി” എന്ന് വായിക്കുമ്പോൾ ഭൂമിയുടെ നടുവിൽ ലാവ തിളച്ചുമറിയുന്ന ഭാഗത്ത് യേശു എത്തി എന്ന തോന്നൽ ഉണ്ടാകുന്നത് പരിഭാഷയുടെ വിശേഷമാണ്. യേശു ഉയിർത്തെഴുന്നേറ്റ് വന്നപ്പോൾ അവിടത്തെ ദേഹം എവറസ്റ്റ് ഹോട്ടലിലെ പൊരിച്ച കോഴി പോലെ പൊള്ളിയിരിക്കാഞ്ഞത് അവിടന്ന് ഭൂമിയുടെ ഉള്ളിൽ ലാവ തിളയ്ക്കുന്ന ഭാഗത്തേയ്ക്ക് ഇറങ്ങിയിട്ടില്ല എന്നതിന് തെളിവല്ലേ?

ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കുകൾ (μέρος, മെറോസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G3313, ατώτερος, കാറ്റോടെറോസ്, G2737) പരിശോധിച്ചാൽ യേശു നിലത്തിന് (മണ്ണിന്) അടിയിലാണ് ഇറങ്ങിയത് എന്ന് കാണാം.

ഇതിനുമുമ്പ്, പാതാളം എന്ന് തെറ്റായി പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ള ഹേഡീസ് (ᾅδης, സ്ട്രോങ്സ് നിഘണ്ടുവിൽ G86) എന്ന ഗ്രീക്ക് വാക്കിനെ പറ്റി എഴുതിയ ലേഖനത്തിൽ എഴുതിട്ടുള്ളത് പോലെ മരിച്ചവർ പാതാളത്തിൽ അല്ല, നിലത്തിന് (മണ്ണിന്) അടിയിൽ ആണ് എത്തുന്നത് എന്ന് നാം കണ്ടു. യേശുവും അവിടെയാണ് എത്തിയത്. (അപ്പൊ 2:27, 31 കാണുക. പാതാളത്തെ പറ്റിയുള്ള ലേഖനം വായിക്കുന്നത് നന്നായിരിക്കും.)

ചുരുക്കമായി പറഞ്ഞാൽ: യേശു മരിച്ച്, അടക്കപ്പെട്ട്, ഉയിർപ്പിക്കപ്പെട്ട്, സ്വർഗാരോഹണം ചെയ്തപ്പോൾ ലോകാരംഭം മുതൽ അന്നുവരെ മരിച്ച എല്ലാവരെയും തന്നോടുകൂടെ കൊണ്ടുപോയി. ഇതിൽ ഉൾപ്പെടാത്ത ഒരു വംശമുണ്ട്: യെഹൂദർ. (അത് എന്തുകൊണ്ടാണെന്ന് ഇതിനുമുമ്പ് എഴുതിയിട്ടുണ്ട്.)

അടുത്തതിൽ: “ജാതികൾ” ആരാണ്?

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.