ക്രിസ്തുവിൽ പ്രിയരെ,
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സമയത്ത് ആൾക്കാരെ നിരത്തിനിർത്തി വെടിവെച്ചത് പോലെയുള്ള ഒരു സംഭവമാണ് ന്യായവിധി എന്ന നമ്മുടെ ധാരണ തിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചു. അത്തരം ചിന്താഗതി നമ്മുടെ മതം നമ്മളിൽ ഉളവാക്കിയതാണ്.
വേദപണ്ഡിതന്മാർക്കിടയിൽ അധികം ചർച്ചയ്ക്ക് വിധേയമാകാത്ത (വിധേയമാക്കാത്ത) ഒരു വേദഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഈ വേദഭാഗത്തെ ഇഴപിരിച്ച് പരിശോധിക്കുവാൻ ഇവിടെ ഉദ്യമിക്കുന്നില്ല.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സമയത്ത് ആൾക്കാരെ നിരത്തിനിർത്തി വെടിവെച്ചത് പോലെയുള്ള ഒരു സംഭവമാണ് ന്യായവിധി എന്ന നമ്മുടെ ധാരണ തിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചു. അത്തരം ചിന്താഗതി നമ്മുടെ മതം നമ്മളിൽ ഉളവാക്കിയതാണ്.
വേദപണ്ഡിതന്മാർക്കിടയിൽ അധികം ചർച്ചയ്ക്ക് വിധേയമാകാത്ത (വിധേയമാക്കാത്ത) ഒരു വേദഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഈ വേദഭാഗത്തെ ഇഴപിരിച്ച് പരിശോധിക്കുവാൻ ഇവിടെ ഉദ്യമിക്കുന്നില്ല.
ഈ വേദഭാഗം ശ്രദ്ധിച്ച് വായിക്കുക:
മലാ 3:1 എനിക്ക് മുന്നിൽ വഴി നിരത്തേണ്ടതിന് ഞാന്‍ എന്‍റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ അന്വേഷിക്കുന്ന കര്‍ത്താവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഉടമ്പടിയുടെ ദൂതനുമായവന്‍ പെട്ടെന്ന് തന്‍റെ മന്ദിരത്തിലേക്ക് വരും; ഇതാ, അവന്‍ വരുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.ഒന്നാം വചനത്തിൽ യോഹന്നാൻ സ്നാപകൻറെ വരവിനെയും യേശുവിൻറെ ഒന്നാം വരവിനെയും പറ്റി പ്രതിപാദിച്ച ഉടനെ രണ്ടാം വചനത്തിൽ അവിടത്തെ രണ്ടാം വരവിൽ നടക്കുമെന്ന് നാം ധരിച്ചുവെച്ചിരിക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ഈ രണ്ട് വചനങ്ങൾക്കിടയിൽ 2000ത്തിൽ പരം വർഷങ്ങളുടെ ഇടവേള കണ്ടെത്തുവാൻ വളരെയധികം ക്ലേശിക്കേണ്ടിവരും.
മലാ 3:2 എന്നാല്‍ അവന്‍ വരുന്ന ദിവസത്തെ ആര്‍ക്ക് സഹിക്കാം? അവന്‍ പ്രത്യക്ഷനാകുമ്പോള്‍ ആര്‍ നിലനില്‍ക്കും? അവന്‍ ഊതിക്കഴിക്കുന്നവന്‍റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളം പോലെയും ആയിരിക്കും.
മലാ 3:3 അവന്‍ ഊതിക്കഴിക്കുന്നവനെ പോലെയും വെള്ളി ശുദ്ധീകരിക്കുന്നവനെ പോലെയും ഇരുന്നുകൊണ്ട് ലേവി പുത്രന്മാരെ ശുദ്ധീകരിച്ച് പൊന്ന് പോലെയും വെള്ളി പോലെയും നിര്‍മ്മലീകരിക്കും; അങ്ങനെ അവര്‍ നീതിയില്‍ യഹോവയ്ക്ക് വഴിപാട് അര്‍പ്പിക്കും.ഈ വചനത്തിൻറെ ശ്രദ്ധാകേന്ദ്രം ലേവി പുത്രന്മാർ ആണെന്നത് ശ്രദ്ധിക്കുക. അവരായിരുന്നല്ലോ യിസ്രായേലിൻറെ മതമേധാവിത്വവും പൌരോഹിത്യവും? യേശു ഭൂമിയിലെ അവിടത്തെ ശുശ്രൂഷയുടെ കാലത്തെല്ലാം പൊതുജനങ്ങളോടും, പാപികളോടും പോലും സൌമ്യമായി പെരുമാറിയിരുന്നെങ്കിലും, യെഹൂദ മതമേധാവിത്വത്തെ നിശിതമായി വിമർശിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു എന്നത് ഈ വചനവുമായി ചേർത്ത് വായിക്കുമ്പോൾ ഇവിടെ പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങൾ യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയുടെ കാലത്ത് നടന്നവയെ പറ്റിയാണെന്ന് വ്യക്തമാകുന്നു.
ഒരിക്കൽ ഒരു അന്ധന് കാഴ്ച നൽകിയ സമയത്ത് യേശു പറഞ്ഞതും അത് ചുറ്റിലും ഉണ്ടായിരുന്ന യെഹൂദ മതമേധാവികൾക്ക് കൊണ്ടതും ഓർമ്മിക്കുക:
യോഹ 9:39 കാണാത്തവർ കാണുവാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു.യേശുവിൻറെ ന്യായവിധി ജനറൽ ഡയറിൻറെ നിരത്തിനിർത്തിയുള്ള വെടിവെക്കലല്ല, വളരെ സൌമ്യമായ ഒരു സംഭവമാണ്.
യേശു പിടിക്കപ്പെടുന്നതിന് മുമ്പ് പറഞ്ഞ വാക്കുകളും ഓർമ്മിക്കുക:
യോഹ 12:31 ഇപ്പോൾ ഈ ലോകത്തിൻറെ ന്യായവിധിയാകുന്നു; ഇപ്പോൾ ഈ ലോകത്തിൻറെ പ്രഭുവിനെ പുറത്ത് തള്ളിക്കളയും.ഈ ലോകത്തിൻറെ പ്രഭു(ക്കന്മാൻ) യെഹൂദ മതമേധാവികളായിരുന്നു എന്ന് മുമ്പ് എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല. ലോകത്തിൻറെ ന്യായവിധിയും യെഹൂദ മതമേധാവികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
“ഇപ്പോൾ” ലോകത്തിൻറെ ന്യായവിധിയാകുന്നു എന്ന് പറഞ്ഞതുകൊണ്ട് യേശു ഈ വാക്കുകൾ മൊഴിഞ്ഞ കാലത്താണ് ന്യായവിധി എന്നത് സ്പഷ്ടം. വീണ്ടും പെന്തക്കൊസ്ത ദിനത്തിൽ പരിശുദ്ധാത്മാവ് വരുമ്പോൾ:
“ഈ ലോകത്തിൻറെ പ്രഭു വിധിക്കപ്പെട്ടിരിക്കുന്നതിനാൽ (ഭൂതകാലം) ന്യായവിധിയെ കുറിച്ച് ലോകത്തിന് ... ബോധം വരുത്തും” (യോഹ 16:8-11)എന്ന് ഭൂതകാല രൂപത്തിൽ പറഞ്ഞിട്ടുള്ളതിനാൽ യെഹൂദ മതമേധാവികൾക്കുള്ള ന്യായവിധി പെന്തക്കൊസ്ത ദിനത്തിന് മുമ്പ് നടക്കേണ്ടിയിരുന്നു എന്നത് വ്യക്തമാണ്.
പെന്തക്കൊസ്ത ദിനത്തിന് മുമ്പ് യെഹൂദ മതമേധാവികൾക്ക് പ്രത്യക്ഷമായ ന്യായവിധികൾ ഒന്നും സംഭവിച്ചില്ല, പക്ഷേ, അവർക്കുണ്ടായിരുന്ന വരങ്ങളെല്ലാം എടുത്തുനീക്കപ്പെട്ടു. അതിനെ പറ്റി എഴുതിയിരിക്കുന്ന ലേഖനം വായിക്കാം. വീണ്ടും, അതൊരു സൌമ്യമായ സംഭവമാണ്, അവർ പോലും അറിയാതെ നടന്ന സംഭവം.
മലാ 3:4 അന്ന് യെഹൂദയുടെയും യെരൂശലേമിൻറെയും വഴിപാട് പുരാതനകാലത്ത് എന്നപോലെയും പണ്ടത്തെ ആണ്ടുകളിൽ എന്നപോലെയും യഹോവയ്ക്ക് പ്രസാദകരമായിരിക്കും.മലാ 3:4ൻറെ അടിസ്ഥാനത്തിൽ ഭാവികാലത്ത് എപ്പോഴോ യേശു മടങ്ങിവന്ന് യെഹൂദയെയും യെരൂശലേമിനെയും പുനസ്ഥാപിക്കുമെന്നും ബലികൾ പുനരാരംഭിക്കുമെന്നും കരുതുന്നവരുണ്ട്.
- ഭൌമികമായ യെരൂശലേമിന് ദൈവത്തിൻറെ പദ്ധതിയിൽ വിശിഷ്ടമായ സ്ഥാനം ഇല്ലെന്നും (യോഹ 4:21),
- ബലികൾ പ്രായേണ നിരർത്ഥകമാണെന്നും (എബ്രാ 10:4),
- പുതിയ യെരൂശലേമിൽ ദേവാലയത്തിന് സ്ഥാനമില്ലെന്നും (വെളി 21:22),
- വിശ്വാസികളാണ് പുതിയ പൌരോഹിത്യമെന്നും (വെളി 1:6)
- പൌരോഹിത്യം ലേവി ഗോത്രത്തിൽ നിന്നും നീക്കപ്പെട്ടെന്നും (എബ്രാ 7:12-14)
- ആത്മീയമായ ബലികളാണ് ദൈവത്തിന് പ്രസാദമുള്ളവ എന്നും (2പത്രോ 2:4)
നഥനയേലിനെ പോലെയുള്ള കപടമില്ലാത്ത സാക്ഷാൽ യിസ്രായേല്യന്മാരെ (യോഹ 1:47) യിസ്രായേലിൻറെ ശേഷിപ്പായി തെരഞ്ഞെടുക്കുക എന്ന മഹത്തായ ദൌത്യം യേശു നിർവഹിക്കുകയായിരുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് (elect) മലയാളം വേദപുസ്തകത്തിൽ വൃതന്മാർ എന്ന് വിളിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ യേശുവിൻറെ ശിഷ്യന്മാരും, പെന്തക്കൊസ്ത നാൾ മുതൽ വിശ്വാസത്തിലേയ്ക്ക് വന്നവരുമാണ് പുതിയ പൌരോഹിത്യം - ലേവ്യർക്ക് തത്തുല്യർ.
മലാ 3:5 ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്ത് വരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷി ആയിരിക്കും എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.മത്തായി 25ലെയും വെളിപ്പാട് 20ലെയും ന്യായവിധികൾ പോലെ, ഇവിടെ പ്രതിപാദിക്കപ്പെടുന്ന ന്യായവിധിയും വിശ്വാസത്തിൻറെ അടിസ്ഥാനത്തിലുള്ളതല്ല, പ്രത്യുത, ന്യായപ്രമാണത്തിലെ (വിധവകൾ, അനാഥർ, അന്യർ, ദരിദ്രർ എന്നിവരുടെ പരിപാലനത്തെ പറ്റിയുള്ള) വ്യവസ്ഥകളുടെ ലംഘനത്തെ പറ്റിയുള്ളതാണ് എന്നത് ശ്രദ്ധേയമാണ്.
“ശീഘ്രസാക്ഷി” (swift witness)
യെഹൂദ മതമേധാവികൾ വിധവകളെ ചൂഷണം ചെയ്യുന്നത് യേശു അവിടത്തെ ഭൂമിയിലെ ശുശ്രൂഷയുടെ കാലത്ത് നേരിൽ കണ്ടിട്ടുണ്ട്:
മർക്കോ 12:40 അവർ (ശാസ്ത്രിമാർ) വിധവകളുടെ വീടുകളെ വിഴുങ്ങുകയും ... അവർക്കും ഏറ്റവും വലിയ ശിക്ഷാവിധി വരും.
വിധവയുടെ മുറവിളി കേട്ട് അനീതിമാനായ ന്യായാധിപന് അടങ്ങിയിരിക്കുവാൻ കഴിഞ്ഞില്ല, അവളുടെ നീതി അതിവേഗം നടത്തിക്കൊടുത്തു (ലൂക്കോ 18:1-7) എന്ന് പറഞ്ഞ കർത്താവ്, അവിടന്ന് നേരിൽ കണ്ട അനീതികൾക്ക് പ്രതിക്രിയ ചെയ്യുവാൻ 2000ത്തിൽ പരം വർഷങ്ങൾ കാത്തിരിക്കുമോ? കഠിനഹൃദയനായ ആ ന്യായാധിപനുള്ള മനസ്സലിവ് പോലും നമ്മുടെ കർത്താവിനില്ലേ? അന്യായക്കാർക്കെതിരെ ശീഘ്രസാക്ഷിയായിരിക്കും എന്ന് പറഞ്ഞ കർത്താവ് പ്രതിക്രിയ ചെയ്യുവാൻ 2000 വർഷം വേണമെങ്കിൽ “ശീഘ്രസാക്ഷി” എന്ന വാക്കിൻറെ അർത്ഥമെന്താണ്?
ന്യായപ്രമാണം അനുസരിച്ചുള്ള ശിക്ഷ ആർക്കാണ്?
ന്യായപ്രമാണം നൽകപ്പെടാത്ത ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള മനുഷ്യരാശിയെ മുഴുവനും അവർക്ക് നൽകപ്പെടാത്ത ന്യായപ്രമാണത്തിൻറെ അടിസ്ഥാനത്തിൽ വിധിക്കുവാൻ സാധ്യതയില്ലല്ലോ? തന്നെയുമല്ല, കാലഹരണപ്പെട്ടതും, ഇപ്പോൾ നിലവിലില്ലാത്തതുമായ ന്യായപ്രമാണത്തിൻറെ അടിസ്ഥാനത്തിൽ ഇപ്പോഴോ ഭാവിയിലോ ഒരു ന്യായവിധി ഉണ്ടാകുമെന്ന് കരുതുന്നതിൽ യുക്തിയില്ല. ന്യായവിധി നടക്കണമായിരുന്നെങ്കിൽ ന്യായപ്രമാണവും അത് നൽകപ്പെട്ട യെഹൂദരും നിലനിന്ന കാലത്ത് നടക്കണമായിരുന്നു. വിധവകളെ ദ്രോഹിച്ചിരുന്ന യെഹൂദ ശാസ്ത്രിമാരും മതമേധാവികളും ഇപ്പോൾ ഇല്ലല്ലോ? (ഇപ്പോൾ പലസ്തീൻ നാട്ടിൽ കുടിയിരിക്കുന്നവർ യഥാർത്ഥ യെഹൂദരല്ലെന്ന് പല തവണ എഴുതിയിട്ടുണ്ട്.)
മലാ 3:1-5ൽ യേശുവിൻറെ ഒന്നാം വരവിനും, ന്യായവിധിക്കായുള്ള വരവിനും ഇടയിൽ നീണ്ട ഒരു ഇടവേളയില്ല. പക്ഷേ, ഈ സത്യം അംഗീകരിക്കുവാൻ നമ്മുടെ മതം തയ്യാറല്ല, കാരണം നമ്മുടെ ഭാവിയിൽ എപ്പോഴോ ന്യായവിധി സംഭവിക്കുവാനുണ്ട് എന്ന ഒരു ഭീഷണികൊണ്ട് മാത്രമേ നമ്മെ നിയന്ത്രിക്കുവാൻ കഴിയൂ. ന്യായവിധി ഒന്നാം നൂറ്റാണ്ടിൽ നടന്നെങ്കിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന നമുക്ക് എന്തുകിട്ടും എന്ന ചിന്തയാണ് വേദപുസ്തകത്തിലെ ആഖ്യാനത്തിലേയ്ക്ക് സ്വയം കുത്തിക്കയറ്റുവാൻ പലരെയും പ്രേരിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിൻറെ അർത്ഥവും കണ്ടെത്തണമെങ്കിൽ വേദപുസ്തകത്തെ അവധാനപൂർവം പഠിക്കുകയാണ് വേണ്ടത്, കഴിഞ്ഞുപോയ കാര്യങ്ങൾ ഭാവിയിലാണ് സ്വയം വിശ്വസിപ്പിക്കുന്നതുകൊണ്ട് പ്രയോജനമില്ല.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
ടോംസാൻ കട്ടക്കൽ