Tuesday, May 23, 2017

⑳ മലാഖി 3:1-5 തമസ്കരിക്കപ്പെട്ട ഒരു വേദഭാഗം.


ക്രിസ്തുവിൽ പ്രിയരെ,

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സമയത്ത് ആൾക്കാരെ നിരത്തിനിർത്തി വെടിവെച്ചത് പോലെയുള്ള ഒരു സംഭവമാണ് ന്യായവിധി എന്ന നമ്മുടെ ധാരണ തിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചു. അത്തരം ചിന്താഗതി നമ്മുടെ മതം നമ്മളിൽ ഉളവാക്കിയതാണ്.

വേദപണ്ഡിതന്മാർക്കിടയിൽ അധികം ചർച്ചയ്ക്ക് വിധേയമാകാത്ത (വിധേയമാക്കാത്ത) ഒരു വേദഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഈ വേദഭാഗത്തെ ഇഴപിരിച്ച് പരിശോധിക്കുവാൻ ഇവിടെ ഉദ്യമിക്കുന്നില്ല.

ഈ വേദഭാഗം ശ്രദ്ധിച്ച് വായിക്കുക:
മലാ 3:1 എനിക്ക് മുന്നിൽ വഴി നിരത്തേണ്ടതിന് ഞാന്‍ എന്‍റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ അന്വേഷിക്കുന്ന കര്‍ത്താവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഉടമ്പടിയുടെ ദൂതനുമായവന്‍ പെട്ടെന്ന് തന്‍റെ മന്ദിരത്തിലേക്ക് വരും; ഇതാ, അവന്‍ വരുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
മലാ 3:2 എന്നാല്‍ അവന്‍ വരുന്ന ദിവസത്തെ ആര്‍ക്ക് സഹിക്കാം? അവന്‍ പ്രത്യക്ഷനാകുമ്പോള്‍ ആര്‍ നിലനില്‍ക്കും? അവന്‍ ഊതിക്കഴിക്കുന്നവന്‍റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളം പോലെയും ആയിരിക്കും.
ഒന്നാം വചനത്തിൽ യോഹന്നാൻ സ്നാപകൻറെ വരവിനെയും യേശുവിൻറെ ഒന്നാം വരവിനെയും പറ്റി പ്രതിപാദിച്ച ഉടനെ രണ്ടാം വചനത്തിൽ അവിടത്തെ രണ്ടാം വരവിൽ നടക്കുമെന്ന് നാം ധരിച്ചുവെച്ചിരിക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ഈ രണ്ട് വചനങ്ങൾക്കിടയിൽ 2000ത്തിൽ പരം വർഷങ്ങളുടെ ഇടവേള കണ്ടെത്തുവാൻ വളരെയധികം ക്ലേശിക്കേണ്ടിവരും.
മലാ 3:3 അവന്‍ ഊതിക്കഴിക്കുന്നവനെ പോലെയും വെള്ളി ശുദ്ധീകരിക്കുന്നവനെ പോലെയും ഇരുന്നുകൊണ്ട് ലേവി പുത്രന്മാരെ ശുദ്ധീകരിച്ച് പൊന്ന് പോലെയും വെള്ളി പോലെയും നിര്‍മ്മലീകരിക്കും; അങ്ങനെ അവര്‍ നീതിയില്‍ യഹോവയ്ക്ക് വഴിപാട് അര്‍പ്പിക്കും.
ഈ വചനത്തിൻറെ ശ്രദ്ധാകേന്ദ്രം ലേവി പുത്രന്മാർ ആണെന്നത് ശ്രദ്ധിക്കുക. അവരായിരുന്നല്ലോ യിസ്രായേലിൻറെ മതമേധാവിത്വവും പൌരോഹിത്യവും? യേശു ഭൂമിയിലെ അവിടത്തെ ശുശ്രൂഷയുടെ കാലത്തെല്ലാം പൊതുജനങ്ങളോടും, പാപികളോടും പോലും സൌമ്യമായി പെരുമാറിയിരുന്നെങ്കിലും, യെഹൂദ മതമേധാവിത്വത്തെ നിശിതമായി വിമർശിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു എന്നത് ഈ വചനവുമായി ചേർത്ത് വായിക്കുമ്പോൾ ഇവിടെ പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങൾ യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയുടെ കാലത്ത് നടന്നവയെ പറ്റിയാണെന്ന് വ്യക്തമാകുന്നു.

ഒരിക്കൽ ഒരു അന്ധന് കാഴ്ച നൽകിയ സമയത്ത് യേശു പറഞ്ഞതും അത് ചുറ്റിലും ഉണ്ടായിരുന്ന യെഹൂദ മതമേധാവികൾക്ക് കൊണ്ടതും ഓർമ്മിക്കുക:
യോഹ 9:39 കാണാത്തവർ കാണുവാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു.
യേശുവിൻറെ ന്യായവിധി ജനറൽ ഡയറിൻറെ നിരത്തിനിർത്തിയുള്ള വെടിവെക്കലല്ല, വളരെ സൌമ്യമായ ഒരു സംഭവമാണ്.

യേശു പിടിക്കപ്പെടുന്നതിന് മുമ്പ് പറഞ്ഞ വാക്കുകളും ഓർമ്മിക്കുക:
യോഹ 12:31 ഇപ്പോൾ ഈ ലോകത്തിൻറെ ന്യായവിധിയാകുന്നു; ഇപ്പോൾ ഈ ലോകത്തിൻറെ പ്രഭുവിനെ പുറത്ത് തള്ളിക്കളയും.
ഈ ലോകത്തിൻറെ പ്രഭു(ക്കന്മാൻ) യെഹൂദ മതമേധാവികളായിരുന്നു എന്ന് മുമ്പ് എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല. ലോകത്തിൻറെ ന്യായവിധിയും യെഹൂദ മതമേധാവികളുമായി ബന്ധപ്പെട്ടിരിക്കുന്നു.

“ഇപ്പോൾ” ലോകത്തിൻറെ ന്യായവിധിയാകുന്നു എന്ന് പറഞ്ഞതുകൊണ്ട് യേശു ഈ വാക്കുകൾ മൊഴിഞ്ഞ കാലത്താണ് ന്യായവിധി എന്നത് സ്പഷ്ടം. വീണ്ടും പെന്തക്കൊസ്ത ദിനത്തിൽ പരിശുദ്ധാത്മാവ് വരുമ്പോൾ:
“ഈ ലോകത്തിൻറെ പ്രഭു വിധിക്കപ്പെട്ടിരിക്കുന്നതിനാൽ (ഭൂതകാലം) ന്യായവിധിയെ കുറിച്ച് ലോകത്തിന് ... ബോധം വരുത്തും” (യോഹ 16:8-11)
എന്ന് ഭൂതകാല രൂപത്തിൽ പറഞ്ഞിട്ടുള്ളതിനാൽ യെഹൂദ മതമേധാവികൾക്കുള്ള ന്യായവിധി പെന്തക്കൊസ്ത ദിനത്തിന് മുമ്പ് നടക്കേണ്ടിയിരുന്നു എന്നത് വ്യക്തമാണ്.

പെന്തക്കൊസ്ത ദിനത്തിന് മുമ്പ് യെഹൂദ മതമേധാവികൾക്ക് പ്രത്യക്ഷമായ ന്യായവിധികൾ ഒന്നും സംഭവിച്ചില്ല, പക്ഷേ, അവർക്കുണ്ടായിരുന്ന വരങ്ങളെല്ലാം എടുത്തുനീക്കപ്പെട്ടു. അതിനെ പറ്റി എഴുതിയിരിക്കുന്ന ലേഖനം വായിക്കാം. വീണ്ടും, അതൊരു സൌമ്യമായ സംഭവമാണ്, അവർ പോലും അറിയാതെ നടന്ന സംഭവം.
മലാ 3:4 അന്ന് യെഹൂദയുടെയും യെരൂശലേമിൻറെയും വഴിപാട് പുരാതനകാലത്ത് എന്നപോലെയും പണ്ടത്തെ ആണ്ടുകളിൽ എന്നപോലെയും യഹോവയ്ക്ക് പ്രസാദകരമായിരിക്കും.
മലാ 3:4ൻറെ അടിസ്ഥാനത്തിൽ ഭാവികാലത്ത് എപ്പോഴോ യേശു മടങ്ങിവന്ന് യെഹൂദയെയും യെരൂശലേമിനെയും പുനസ്ഥാപിക്കുമെന്നും ബലികൾ പുനരാരംഭിക്കുമെന്നും കരുതുന്നവരുണ്ട്.
  • ഭൌമികമായ യെരൂശലേമിന് ദൈവത്തിൻറെ പദ്ധതിയിൽ വിശിഷ്ടമായ സ്ഥാനം ഇല്ലെന്നും (യോഹ 4:21),
  • ബലികൾ പ്രായേണ നിരർത്ഥകമാണെന്നും (എബ്രാ 10:4),
  • പുതിയ യെരൂശലേമിൽ ദേവാലയത്തിന് സ്ഥാനമില്ലെന്നും (വെളി 21:22),
  • വിശ്വാസികളാണ് പുതിയ പൌരോഹിത്യമെന്നും (വെളി 1:6)
  • പൌരോഹിത്യം ലേവി ഗോത്രത്തിൽ നിന്നും നീക്കപ്പെട്ടെന്നും (എബ്രാ 7:12-14)
  • ആത്മീയമായ ബലികളാണ് ദൈവത്തിന് പ്രസാദമുള്ളവ എന്നും (2പത്രോ 2:4)
പുതിയനിയമം പഠിപ്പിക്കുന്നതിനാൽ ഈ വചനം അക്ഷരശഃ മനസ്സിലാക്കേണ്ടതല്ല എന്നത് വ്യക്തമാണ്.

നഥനയേലിനെ പോലെയുള്ള കപടമില്ലാത്ത സാക്ഷാൽ യിസ്രായേല്യന്മാരെ (യോഹ 1:47) യിസ്രായേലിൻറെ ശേഷിപ്പായി തെരഞ്ഞെടുക്കുക എന്ന മഹത്തായ ദൌത്യം യേശു നിർവഹിക്കുകയായിരുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് (elect) മലയാളം വേദപുസ്തകത്തിൽ വൃതന്മാർ എന്ന് വിളിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ യേശുവിൻറെ ശിഷ്യന്മാരും, പെന്തക്കൊസ്ത നാൾ മുതൽ വിശ്വാസത്തിലേയ്ക്ക് വന്നവരുമാണ് പുതിയ പൌരോഹിത്യം - ലേവ്യർക്ക് തത്തുല്യർ.
മലാ 3:5 ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്ത് വരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷി ആയിരിക്കും എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
മത്തായി 25ലെയും വെളിപ്പാട് 20ലെയും ന്യായവിധികൾ പോലെ, ഇവിടെ പ്രതിപാദിക്കപ്പെടുന്ന ന്യായവിധിയും വിശ്വാസത്തിൻറെ അടിസ്ഥാനത്തിലുള്ളതല്ല, പ്രത്യുത, ന്യായപ്രമാണത്തിലെ (വിധവകൾ, അനാഥർ, അന്യർ, ദരിദ്രർ എന്നിവരുടെ പരിപാലനത്തെ പറ്റിയുള്ള) വ്യവസ്ഥകളുടെ ലംഘനത്തെ പറ്റിയുള്ളതാണ് എന്നത് ശ്രദ്ധേയമാണ്.

“ശീഘ്രസാക്ഷി” (swift witness)

യെഹൂദ മതമേധാവികൾ വിധവകളെ ചൂഷണം ചെയ്യുന്നത് യേശു അവിടത്തെ ഭൂമിയിലെ ശുശ്രൂഷയുടെ കാലത്ത് നേരിൽ കണ്ടിട്ടുണ്ട്:
മർക്കോ 12:40 അവർ (ശാസ്ത്രിമാർ) വിധവകളുടെ വീടുകളെ വിഴുങ്ങുകയും ... അവർക്കും ഏറ്റവും വലിയ ശിക്ഷാവിധി വരും.
വിധവയുടെ മുറവിളി കേട്ട് അനീതിമാനായ ന്യായാധിപന് അടങ്ങിയിരിക്കുവാൻ കഴിഞ്ഞില്ല, അവളുടെ നീതി അതിവേഗം നടത്തിക്കൊടുത്തു (ലൂക്കോ 18:1-7)  എന്ന് പറഞ്ഞ കർത്താവ്, അവിടന്ന് നേരിൽ കണ്ട അനീതികൾക്ക് പ്രതിക്രിയ ചെയ്യുവാൻ 2000ത്തിൽ പരം വർഷങ്ങൾ കാത്തിരിക്കുമോ? കഠിനഹൃദയനായ ആ ന്യായാധിപനുള്ള മനസ്സലിവ് പോലും നമ്മുടെ കർത്താവിനില്ലേ? അന്യായക്കാർക്കെതിരെ ശീഘ്രസാക്ഷിയായിരിക്കും എന്ന് പറഞ്ഞ കർത്താവ് പ്രതിക്രിയ ചെയ്യുവാൻ 2000 വർഷം വേണമെങ്കിൽ “ശീഘ്രസാക്ഷി” എന്ന വാക്കിൻറെ അർത്ഥമെന്താണ്?

ന്യായപ്രമാണം അനുസരിച്ചുള്ള ശിക്ഷ ആർക്കാണ്?


ന്യായപ്രമാണം നൽകപ്പെടാത്ത ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള മനുഷ്യരാശിയെ മുഴുവനും അവർക്ക് നൽകപ്പെടാത്ത ന്യായപ്രമാണത്തിൻറെ അടിസ്ഥാനത്തിൽ വിധിക്കുവാൻ സാധ്യതയില്ലല്ലോ? തന്നെയുമല്ല, കാലഹരണപ്പെട്ടതും, ഇപ്പോൾ നിലവിലില്ലാത്തതുമായ ന്യായപ്രമാണത്തിൻറെ അടിസ്ഥാനത്തിൽ ഇപ്പോഴോ ഭാവിയിലോ ഒരു ന്യായവിധി ഉണ്ടാകുമെന്ന് കരുതുന്നതിൽ യുക്തിയില്ല. ന്യായവിധി നടക്കണമായിരുന്നെങ്കിൽ ന്യായപ്രമാണവും അത് നൽകപ്പെട്ട യെഹൂദരും നിലനിന്ന കാലത്ത് നടക്കണമായിരുന്നു. വിധവകളെ ദ്രോഹിച്ചിരുന്ന യെഹൂദ ശാസ്ത്രിമാരും മതമേധാവികളും ഇപ്പോൾ ഇല്ലല്ലോ? (ഇപ്പോൾ പലസ്തീൻ നാട്ടിൽ കുടിയിരിക്കുന്നവർ യഥാർത്ഥ യെഹൂദരല്ലെന്ന് പല തവണ എഴുതിയിട്ടുണ്ട്.)


മലാ 3:1-5ൽ യേശുവിൻറെ ഒന്നാം വരവിനും, ന്യായവിധിക്കായുള്ള വരവിനും ഇടയിൽ നീണ്ട ഒരു ഇടവേളയില്ല. പക്ഷേ, ഈ സത്യം അംഗീകരിക്കുവാൻ നമ്മുടെ മതം തയ്യാറല്ല, കാരണം നമ്മുടെ ഭാവിയിൽ എപ്പോഴോ ന്യായവിധി സംഭവിക്കുവാനുണ്ട് എന്ന ഒരു ഭീഷണികൊണ്ട് മാത്രമേ നമ്മെ നിയന്ത്രിക്കുവാൻ കഴിയൂ. ന്യായവിധി ഒന്നാം നൂറ്റാണ്ടിൽ നടന്നെങ്കിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന നമുക്ക് എന്തുകിട്ടും എന്ന ചിന്തയാണ് വേദപുസ്തകത്തിലെ ആഖ്യാനത്തിലേയ്ക്ക് സ്വയം കുത്തിക്കയറ്റുവാൻ പലരെയും പ്രേരിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിൻറെ അർത്ഥവും കണ്ടെത്തണമെങ്കിൽ വേദപുസ്തകത്തെ അവധാനപൂർവം പഠിക്കുകയാണ് വേണ്ടത്, കഴിഞ്ഞുപോയ കാര്യങ്ങൾ ഭാവിയിലാണ് സ്വയം വിശ്വസിപ്പിക്കുന്നതുകൊണ്ട് പ്രയോജനമില്ല.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Saturday, May 6, 2017

⑱ ദേഹം, ദേഹി, ആത്മാവ്. ഭാഗം. ① ദേഹിക്ക് (Soul) മരണം ഉണ്ട്;

ക്രിസ്തുവിൽ പ്രിയരെ,

ഞെട്ടിക്കുവാൻ വേണ്ടിയുള്ള പരിഭാഷ.

“ഒരുവൻ ലോകം മുഴുവന്‍ നേടിയാലും അവന്‍റെ ആത്മാവിനെ നഷ്ടമാക്കിയാല്‍ അവന് എന്ത് പ്രയോജനം?” എന്ന് ഘനഗംഭീര സ്വരത്തിൽ ചോദിച്ചുകൊണ്ട്, തനിക്ക് ചുറ്റുമുള്ള ശ്രോതാക്കളെ ചൂഴ്ന്നുനോക്കുന്ന പ്രസംഗകരെ കണ്ടിട്ടില്ലേ? അവരുടെ ആ ചോദ്യം നമ്മുടെ മനസ്സിലും ദീർഘകാലം മാറ്റൊലികൊണ്ടിട്ടില്ലേ? നാമും പലരോടും ഇതേ ചോദ്യം ആവർത്തിച്ചിട്ടില്ലേ?

ഉള്ളത് പറഞ്ഞാൽ, നമ്മളൊക്കെ കോൺ ഐസ്ക്രീം കഴിക്കുമ്പോൾ അത് ഉരുകിയൊലിക്കാതെ ശ്രദ്ധിക്കുന്നത് പോലെ ശ്രദ്ധിക്കേണ്ട ഒരു വസ്തുവാണ് ആത്മാവെന്നാണ് ഞാൻ കരുതിയിരുന്നത്.

ഇംഗ്ലീഷ്, കത്തോലിക്കാ വേദപുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ പ്രസംഗിക്കുന്നവർ ആത്മാവ് നഷ്ടപ്പെടുന്നതിനെ പറ്റി സംസാരിക്കുന്നത് കേൾക്കാം. ഇതിന് കാരണം അവർ ഉപയോഗിക്കുന്ന പരിഭാഷകളുടെ തകരാറാണ്.
(KJV) Mat 16:26 For what is a man profited, if he shall gain the whole world, and lose his own soul[G5590]? or what shall a man give in exchange for his soul[G5590]?
(കത്തോലിക്കാ) മത്താ 16:26 ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?
ഇതേ വചനം മലയാളത്തിലും ചില ഇംഗ്ലീഷ് പരിഭാഷകളിലും എങ്ങനെ എഴുതിയിരിക്കുന്നു എന്ന് നോക്കാം.
മത്താ 16:26 ഒരു മനുഷ്യൻ സർവ ലോകവും നേടിയിട്ടും തൻറെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? അല്ല, തൻറെ ജീവനെ വീണ്ടുകൊള്ളുവാൻ മനുഷ്യൻ എന്ത് മറുവില കൊടുക്കും?
[YLT] Mat 16:26 for what is a man profited if he may gain the whole world, but of his life suffer loss? or what shall a man give as an exchange for his life?
[RSV] Mat 16:26 For what will it profit a man, if he gains the whole world and forfeits his life? Or what shall a man give in return for his life?
മത്താ 26:16ൽ “ആത്മാവ്, ആത്മാവ്” എന്ന് തട്ടിവിട്ട ഇംഗ്ലീഷുകാരനും, കത്തോലിക്കനും, ഈ വചനത്തിൽ ഉപയോഗിച്ചിരിക്കുന്ന അതേ ഗ്രീക്ക് പദം “ജീവൻ” എന്ന് ഇതിൻറെ തൊട്ടുമുമ്പുള്ള വചനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഈ വചനം ഞെട്ടിക്കുവാൻ വേണ്ടി പരിഭാഷപ്പെടുത്തിയിരിക്കുന്നതാണ് എന്നതിനുള്ള തെളിവാണ്.
[KJV] Mat 16:25 For whosoever will save his life[G5590] shall lose it: and whosoever will lose his life[G5590] for my sake shall find it.
[കത്തോലിക്കാ] മത്താ 16:25 സ്വന്തം ജീവൻ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും; എന്നാൽ, ആരെങ്കിലും എനിക്ക് വേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അത് കണ്ടെത്തും.
ഇത്തരം ഞെട്ടിക്കൽ പരിപാടികൾ ഉപയോഗിച്ചല്ലേ പാസ്റ്റർമാരും പാതിരിമാരും നമ്മളെ വരച്ച വരയിൽ നിർത്തുന്നത്?

(ജീവൻ നഷ്ടപ്പെടുത്തുന്നതിനെ പറ്റി സംസാരിച്ചുകൊണ്ടിരുന്ന കർത്താവ്, പെട്ടെന്ന് വിഷയം മാറ്റി, അതേ വാക്ക് ഉപയോഗിച്ച്, ആത്മാവ് നഷ്ടപ്പെടുത്തുന്നതിനെ പറ്റി സംസാരിക്കുവാൻ തുടങ്ങിയതാവാൻ സാധ്യതയില്ല. ഈ വേദഭാഗത്തിൻറെ അർത്ഥത്തെ പറ്റി പിന്നീട് വിശദമായി എഴുതാം.)

ദേഹം, ദേഹി, ആത്മാവ്


ആത്മീയം, ആത്മീയത എന്നിവയ്ക്ക് യഥാക്രമം spiritual, spirituality എന്നിങ്ങനെ കൃത്യമായി ഉപയോഗിക്കുന്ന ഇംഗ്ലീഷുകാരൻ ആത്മാവ് എന്നതിന് spirit എന്നതിന് പകരം soul എന്ന് ഉപയോഗിക്കുന്നത് കാണാം. മലയാളികളായ നമ്മൾ പോലും ആത്മാവിന് തത്തുല്യമായ ഇംഗ്ലീഷ് പദം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ soul എന്ന് പറയാറില്ലേ?

ഭാഷാപരവും, സാംസ്കാരികവുമായ കാരണങ്ങളാൽ ദേഹി (soul), ആത്മാവ് (spirit) എന്നീ പദങ്ങളെ പറ്റിയുണ്ടായ ആശയക്കുഴപ്പം പരിഹരിക്കുകയാണ് ഈ ലേഖനത്തിൻറെ ലക്ഷ്യങ്ങളിൽ ഒന്ന്.

ലോകത്തിലുള്ള വിവിധ ദൈവശാസ്ത്രങ്ങളിൽ ഒരുപക്ഷേ യഹൂദ-ക്രൈസ്തവ ദൈവശാസ്ത്രത്തിൽ മാത്രമേ ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസം സ്പഷ്ടമാക്കിയിട്ടുണ്ടാവൂ. ദൌർഭാഗ്യവശാൽ പരിഭാഷകളും വ്യാഖ്യാതാക്കളും പ്രസംഗകരും ചേർന്ന് ദേഹിയെയും ആത്മാവിനെയും കൂട്ടിക്കുഴച്ചു.

മലയാളം വേദപുസ്തകത്തിൽ പല തെറ്റുകളും ഉണ്ടെങ്കിലും ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്ന് വാക്കുകളും കൃത്യതയോടെയും, അന്യൂനമായുമാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പലരും ഈ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട് എന്നതാണ് ദുഃഖകരം.

ദേഹം: ശരീരം. Body.

ദേഹി: ദേഹത്തിൻറെ ഉടമ. വ്യക്തി, നിങ്ങൾ, ഞാൻ. (Soul).


  • ഹീബ്രൂ വാക്ക്: നെഫെഷ് נֶפֶשׁ (സ്ട്രോങ്സ് നിഘണ്ടുവിൽ H5315)
  • ഗ്രീക്ക് വാക്ക്: സ്യൂഖേ, ψυχή (സ്ട്രോങ്സ് നിഘണ്ടുവിൽ G5590)

ഈ രണ്ട് വാക്കുകൾക്കും ജീവൻ (പ്രാണൻ), ജീവി (പ്രാണി), എന്നൊക്കെ അർത്ഥമുണ്ട്, പക്ഷേ, മനുഷ്യനുമായുള്ള ബന്ധത്തിൽ ഉപയോഗിക്കപ്പെടുമ്പോൾ ദേഹി, ജീവൻ, ആൾ (KJVയിൽ soul) എന്നീ അർത്ഥങ്ങളിലാണ് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ആത്മാവിന് മരണമുണ്ടോ (Does Spirit die?) എന്ന് ഗൂഗിളിൽ തേടിയാൽ ലഭിക്കുന്ന ഉത്തരങ്ങളെല്ലാം ദേഹിയുടെ (Soul) മരണത്തെ പറ്റിയാണ്. ഇംഗ്ലീഷിൻറെയും ഇതര മത-തത്വചിന്തകളുടെയും സ്വാധീനത്താൽ ദേഹിയെ ആത്മാവായി തെറ്റിദ്ധരിക്കുകയും, അങ്ങനെയുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ ദേഹിക്ക് മരണമില്ല എന്ന അബദ്ധ ധാരണ ഉണ്ടാകുകയും ചെയ്തു.

ദേഹി മരിക്കും. ദേഹിയെ കൊല്ലാം. (ഇവിടെ നൽകപ്പെട്ടിരിക്കുന്ന ഉദാഹരണങ്ങൾ ഇംഗ്ലീഷിൽ നിന്നുമാണ്. മലയാളം വേദപുസ്തകത്തിൽ ഈ വാക്കിൻറെ പരിഭാഷ അൽപം വിവേചന ബുദ്ധിയോടെയാണ് നിർവഹിക്കപ്പെട്ടിട്ടുള്ളത്.)
Jos 10:28 ... that day Joshua took Makkedah, and smote it with the edge of the sword, and the king thereof he utterly destroyed, them, and all the souls[H5315] that were therein;...
യോശു 10:28 അന്ന് യോശുവ മക്കേദ പിടിച്ചു വാളിൻറെ വായ്ത്തലയാൽ സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി;
അതായത്, soul (ദേഹി) എന്നത് വാളിൻറെ വായ്ത്തലയാൽ സംഹരിക്കപ്പെടാവുന്നതാണ്. (യോശു 10:30, 32, 35, 37, 10:39; 11:11 കാണുക)
യെഹെ 18:4 സകല ദേഹികളും എനിക്ക് ഉള്ളവർ; അപ്പൻറെ പ്രാണനും മകൻറെ പ്രാണനും ഒരുപോലെ എനിക്ക് ഉള്ളത്; പാപം ചെയ്യുന്ന ദേഹി മരിക്കും.
Eze 18:4 Behold, all souls[H5315] are mine; as the soul[H5315] of the father, so also the soul[H5315] of the son is mine: the soul[H5315] that sinneth, it shall die.
യെഹെ 18:20 പാപം ചെയ്യുന്ന ദേഹി മരിക്കും;
Eze 18:20 The soul[H5315] that sinneth, it shall die. …
അതായത്, ദേഹിക്ക് മരണം ഉണ്ട്.

പുതിയ നിയമത്തിലും ദേഹിയെ കൊല്ലുവാനും നശിപ്പിക്കുവാനും കഴിയും എന്ന് എഴുതിയിട്ടുണ്ട്:
മത്താ 10:28 ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിക്കുവാൻ കഴിയുന്നവനെ ഭയപ്പെടുവിൻ.
Mat 10:28 And fear not them which kill the body, but are not able to kill the soul:[G5590] but rather fear him which is able to destroy both soul[G5590] and body in hell.
ഇവിടെ “ദേഹിയെയും ദേഹത്തെയും നശിപ്പിക്കുക” എന്നതുകൊണ്ട് പരിപൂർണ്ണമായി നശിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്. യെശ 10:18ൽ അശ്ശൂരിൻറെ “കാടിൻറെയും തോട്ടത്തിൻറെയും മഹത്വത്തെ ദേഹി, ദേഹവുമായി (അഗ്നിയാൽ) നശിപ്പിക്കും” എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. കാടിനും തോട്ടത്തിനും ദേഹവും ദേഹിയും ഉണ്ടാവാൻ വഴിയില്ലല്ലോ? അവ സമ്പൂർണ്ണമായി നാശമാകും എന്നല്ലേ ഉദ്ദേശിച്ചിട്ടുള്ളത്? അതുപോലെ, നിങ്ങളെ (യേശുവിൻറെ) ശ്രോതാക്കളേ നരകത്തിൽ (ഗെഹന്നയിൽ) സമ്പൂർണ്ണമായി നശിപ്പിക്കുവാൻ കഴിയുന്നവനെ ഭയപ്പെടുവാനാണ് യേശു ഇവിടെ പറയുന്നത്.

ദേഹി എന്നതിന് വ്യക്തി എന്നതിനേക്കാൾ കൂടുതൽ വലിയ അർത്ഥം ഇല്ല എന്ന് വ്യക്തമാക്കുന്ന ഒരു വചനം:
1പത്രോ 3:20 ആ പെട്ടകത്തില്‍ അല്‍പ ജനം, എന്നാല്‍ 8 പേര്‍, വെള്ളത്തില്‍ കൂടി രക്ഷ പ്രാപിച്ചു.
1Pe 3:20 Which sometime were disobedient, when once the longsuffering of God waited in the days of Noah, while the ark was a preparing, wherein few, that is, eight souls[G5590] were saved by water.
നോഹയുടെ കുടുംബം ജലപ്രളയത്തിൽ നിന്നും രക്ഷിക്കപ്പെട്ടതിനെ പറ്റിയുള്ള ഈ വചനത്തിൽ നിന്നും അവർ രക്ഷിക്കപ്പെട്ട്, സ്വർഗത്തിലേയ്ക്ക് പോയി എന്നുള്ള അർത്ഥം ലഭിക്കുന്നില്ലല്ലോ?

KJVയിൽ soul എന്ന് തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്ക് മലയാളത്തിൽ “പേർ” (വ്യക്തികൾ) എന്ന് കൃത്യമായി പരിഭാഷപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. എലിസബത്തന്‍ ഇംഗ്ലീഷിൽ എഴുതപ്പെട്ട KJVയിൽ ഈ വചനത്തിൽ “soul” എന്ന് എഴുതിയിരിക്കുന്നത് മനസ്സിലാക്കാം. ആധുനിക ഇംഗ്ലീഷിലുള്ള ഒരുപിടി പരിഭാഷകളിൽ ഇതേ തെറ്റ് ആവർത്തിച്ചിരിക്കുന്നത് സദുദ്ദേശത്തോടയാവാൻ തരമില്ല. തുടർന്നുവരുന്ന വചനത്തിൽ നോഹയുടെ കാലത്ത് നടന്ന സംഭവം എങ്ങനെയാണ് ജ്ഞാനസ്നാനത്തിന് മുന്‍മാതൃക (മുൻകുറി) ആയായിരിക്കുന്നത് എന്ന് വിവരിക്കുന്നതിനാൽ ഈ വചനത്തിന് അൽപം എഫക്ട് ഇരിക്കട്ടെ എന്നു കരുതി ചെയ്തതാകാം.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

⑲ ദേഹം, ദേഹി, ആത്മാവ്. ഭാഗം. ② ആത്മാവിന് (Spirit) മരണം ഇല്ല.

ക്രിസ്തുവിൽ പ്രിയരെ,

ഇത് ദേഹം, ദേഹി, ആത്മാവ് എന്ന ഉപപരമ്പരയുടെ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം ഇവിടെ വായിക്കാം, വായിച്ചിരിക്കണം.

ആത്മാവിന് മരണം ഇല്ല.

  • ഹീബ്രൂ വാക്ക്: റൂഹ് അഥവാ റൂഹ, רוּחַ (സ്ട്രോങ്സ് നിഘണ്ടുവിൽ H7307, H7308) ഈ വാക്കിൻറെ പ്രാഥമികമായ അർത്ഥം: കാറ്റ്.
  • ഗ്രീക്ക് വാക്ക്: ന്യൂമാ, πνεῦμα, (സ്ട്രോങ്സ് നിഘണ്ടുവിൽ G4151). ഈ വാക്ക് കാറ്റുവീശുക എന്ന അർത്ഥമുള്ള പദത്തിൽ നിന്നും ഉണ്ടായതാണ്.
ആത്മാവ് മരിക്കുമെന്നോ, ആത്മാവിനെ കൊല്ലാമെന്നോ ഒരു വചനം പോലും പഴയനിയമത്തിലോ പുതിയനിയമത്തിലോ ഇല്ല. ആത്മാവ് (ദേഹിയല്ല) നരകത്തിൽ പതിക്കും എന്ന് സൂചിപ്പിക്കുന്ന വചനങ്ങളും എവിടെയും ഇല്ല.

ഉൽ 2:7ലെ മനുഷ്യൻറെ സൃഷ്ടിയെ പറ്റിയുള്ള വിവരണം പദാനുപദമായി പരിശോധിച്ചാൽ മനുഷ്യൻറെ സൃഷ്ടിയും മൃഗങ്ങളുടെ സൃഷ്ടിയും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തുവാൻ കഴിയില്ല. “ജീവനുള്ള ദേഹി” (נפשׁ חיה) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഹീബ്രു വാക്കുകൾ അതേ ക്രമത്തിലും രൂപത്തിലും മൃഗങ്ങളെ പറ്റി വിവരിക്കുവാൻ ഉൽ 1:20, 24, 1:30; 2:19; 9:12, 15, 16 മുതലായ വചനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം.
യോബ് 38:2 മനുഷ്യരിൽ ആത്മാവ് ഉണ്ടല്ലോ; സർവശക്തൻറെ ശ്വാസം അവർക്ക് വിവേകം നൽകുന്നു.
ഈ സർവശക്തൻറെ ശ്വാസം മനുഷ്യനിൽ ഉണ്ടായത് മനുഷ്യനെ സൃഷ്ടിച്ചപ്പോഴാണ്. ആ ശ്വാസത്തിലൂടെ അവന് ലഭിച്ച വിവേകത്തിൻറെ ആത്മാവാണ് അവനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
സദൃ 20:27 മനുഷ്യൻറെ ആത്മാവ് യഹോവയുടെ ദീപം; അത് ഉദരത്തിൻറെ അറകളെ (അവൻറെ ഉള്ളറകളെ) എല്ലാം ശോധനചെയ്യുന്നു.
ദൈവം ആത്മാക്കളുടെ ഉടയവനും പിതാവുമാണ്.
സംഖ്യ 16:22 ... സകല ജനത്തിൻറെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവമേ...
എബ്രാ 12:9 ... ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

വൈദ്യുതി (ഊര്‍ജ്ജം), ആത്മാവ്, പിന്നെ പ്രസംഗി 12:7


പ്രസം 12:5 ... മനുഷ്യൻ തൻറെ ശാശ്വത ഭവനത്തിലേയ്ക്ക് പോകും
പ്രസം 12:7 പൊടി പണ്ട് ആയിരുന്നത് പോലെ ഭൂമിയിലേയ്ക്ക് തിരികെച്ചേരും; ആത്മാവ് അതിനെ നൽകിയ ദൈവത്തിൻറെ അടുത്തേയ്ക്ക് മടങ്ങിപ്പോകും.
ആത്മാവ് ദൈവത്തിലേയ്ക്ക് പോകുന്നു എന്നല്ലാതെ, അത് സ്വർഗത്തിലേയ്ക്കോ, നരകത്തിലേയ്ക്കോ (കത്തോലിക്കരുടെ വിശ്വാസത്തിലെ ശുദ്ധീകരണ സ്ഥലത്തേയ്ക്കോ) പോകുമെന്ന സൂചന ഈ വേദഭാഗത്തിൽ ഇല്ല.

ഈ വേദഭാഗം പഠിക്കുമ്പോൾ പലരും അവഗണിക്കുന്ന കാര്യം ഇതാണ്: മരിക്കുന്ന ആൾ അയാളുടെ ശാശ്വത ഭവനത്തിലേയ്ക്കാണ് പോകുന്നത്. (KJVയിൽ long home എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ബോധപൂർവകമായ തെറ്റാണ്.) ഒരു മനുഷ്യൻറെ ശാശ്വത ഭവനം മരിച്ച് മണ്ണടിയുന്നതാണോ?

ഈ വേദഭാഗം പലർക്കും ഒരു ഇടർച്ചക്കല്ലാണ്. ഒരാൾ മരിക്കുമ്പോൾ അയാളുടെ ആത്മാവ് ദൈവത്തിലേയ്ക്ക് മടങ്ങുന്നു എന്ന ചിന്ത പലർക്കും അസ്വീകാര്യമാണ്. അവർക്ക് ഈ വേദഭാഗം അസ്വീകാര്യമാകുവാൻ പല കാരണങ്ങളുണ്ട്.

  • മിക്കവാറും പേരുടെ വിശ്വാസത്തിൽ യേശുവിൻറെ സ്വർഗാരോഹണത്തിന് മുമ്പ് ആരും സ്വർഗത്തിൽ പോകുവാൻ പാടില്ല. ഈ വേദഭാഗത്ത് സ്വർഗത്തെ പറ്റി പരാമർശമില്ല എന്നത് അവർ പരിഗണിക്കുന്നേയില്ല.
  • ബഹുഭൂരിപക്ഷം ക്രൈസ്തവരുടെയും വിശ്വാസത്തിൽ മരണാനന്തരം (അവരുടെ ബന്ധുക്കളല്ലാത്ത) പാപികൾ നരകത്തിൽ പതിക്കണം. ഈ വേദഭാഗം സത്യമാണെങ്കിൽ അത്തരം വിശ്വാസം തെറ്റാണെന്നുവരും.

ഈയിടെ ഈ വചനത്തെ പറ്റി വായിച്ച ഒരു ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “മരിച്ച ആളുടെ ആത്മാവ് നക്ഷത്രരാശികളെ കടന്ന് സ്വർഗത്തിൽ, ദൈവസന്നിധിയിൽ എത്തുമെന്ന് കരുതുവാൻ തരമില്ല.”

ഇവിടെ ആത്മാവല്ല, കാറ്റാണ് (ശ്വാസമാണ്) ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്ന് പലരും വാദിക്കുന്നു. മുമ്പ് ചൂണ്ടിക്കാട്ടിയ ലേഖനത്തിലെ യുക്തി അനുസരിച്ചാണെങ്കിൽ: ഒരാൾ മരിക്കുമ്പോൾ അയാളുടെ ശ്വാസം (കാറ്റ്) നക്ഷത്രരാശികളെ കടന്ന് സ്വർഗത്തിൽ, ദൈവസന്നിധിയിൽ എത്തുമെന്ന് കരുതുവാൻ കഴിയുമോ?

ഈ വേദഭാഗത്തെ വ്യാഖ്യാനിച്ച (യഹോവാ സാക്ഷികൾ ഉൾപ്പടെ) പലരും ഉപയോഗിച്ച ഒരു സാധര്‍മ്യം (analogy) ഇങ്ങനെയാണ്:
ദൈവം ആദാമിനെ മണ്ണുകൊണ്ട് സൃഷ്ടിച്ചപ്പോൾ അദ്ദേഹം ഒരു ബൾബ് പോലെയായിരുന്നു. ദൈവം അദ്ദേഹത്തിൻറെ നാസാരന്ധ്രങ്ങളിൽ ഊതിയപ്പോൾ ആ ബൾബിൽ വൈദ്യുതി കടന്ന് അത് പ്രവർത്തനക്ഷമമായി. വൈദ്യുതി പിൻവലിക്കുമ്പോൾ അത് വീണ്ടും പ്രയോജനശൂന്യമായിത്തീർന്നു.
ആത്മാവിന് തത്തുല്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് വൈദ്യുതിയാണ് എന്ന കാര്യം വ്യക്തമാണ്. ഒരുപക്ഷേ, മുകളിൽ സൂചിപ്പിച്ച സാധർമ്യത്തിലെ ബൾബ് ഉടഞ്ഞുപോയി എന്നിരിക്കട്ടെ. വൈദ്യുതിക്ക് എന്തെങ്കിലും സംഭവിക്കുമോ? ബൾബുമായി ഘടിപ്പിക്കുന്നതിന് മുമ്പും വൈദ്യുതി നിലനിന്നിരുന്നു. ബൾബ് ഉടഞ്ഞ ശേഷവും വൈദ്യുതി നിലനിൽക്കും. അതാണ് ഊർജ്ജത്തിൻറെ പ്രകൃതി. ഒരു ഊർജ്ജം മറ്റൊന്നായി മാറാം, പക്ഷേ, ഊർജ്ജം നശിക്കില്ല.

ആത്മാവ് ദൈവത്തിലേയ്ക്ക് മടങ്ങിപ്പോകും എന്ന ലളിതമായ പ്രസ്താവനയെ നിരാകരിക്കുവാനുള്ള ശ്രമം വിപരീതഫലാണ് ഉണ്ടാക്കുന്നതെന്ന് തോന്നുന്നു. ആത്മാവ് ഊർജ്ജം പോലെയാണ്, അതിന് നാശമില്ല.

[പ്രസംഗി 12 നാം വേണ്ടത്ര പ്രാധാന്യം നൽകി പഠിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ അദ്ധ്യായത്തിൻറെ ആരംഭത്തിൽ സൂര്യനും ചന്ദ്രനും വെളിച്ചം നൽകാതിരിക്കുക, ബദാം വൃക്ഷം തുടങ്ങി അനേകം പ്രതീകങ്ങൾ അന്ത്യകാലം ന്യായവിധി മുതലായവയെ പറ്റിയുള്ള വിവരണങ്ങളിൽ വരാറുണ്ടെന്നത് ശ്രദ്ധിക്കുക.]

ആത്മാവിന് മരണം സാധ്യമാണെങ്കിൽ ദൈവത്തിനും മരണം സാധ്യമാവേണ്ടേ?


ആത്മാവ് മരിക്കും, കൊല്ലപ്പെടും, നശിപ്പിക്കപ്പെടും, നരകത്തിൽ പതിക്കും എന്നിങ്ങനെ സൂചിപ്പിക്കുന്ന വചനങ്ങൾ ഇല്ല എന്ന് നാം കണ്ടു.
യോഹ 4:24 ദൈവം ആത്മാവ് ആകുന്നു; അവിടത്തെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
ആത്മാവിന് മരണം സംഭവിക്കുമെങ്കിൽ ദൈവത്തിനും മരണം സംഭവിക്കും. (യേശു മരിച്ചില്ലേ? എന്ന ചോദ്യം ഉയരാം. യേശു ഭൂമിയിൽ മനുഷ്യനായിരുന്നപ്പോഴല്ലേ മരിച്ചത്?)

ദൈവത്തിന് മരണം സംഭവ്യമാണെങ്കിൽ മരണാനന്തര ജീവിതത്തിൽ ആത്മാക്കൾക്ക് മരണം സംഭവ്യമായിരിക്കും. അങ്ങനെയാണെങ്കിൽ മരണാനന്തര ജീവിതത്തിനും ഇപ്പോഴുള്ള ജീവിതത്തിനും തമ്മിലുള്ള വ്യത്യാസം എന്താണ്?


അപവാദമായി ഉദ്ധരിക്കപ്പെടാവുന്ന വേദഭാഗങ്ങൾ:

മത്താ 25:41 ... പിശാചിനും അവൻറെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ.
സാത്താൻ അഥവാ പിശാച് എന്നൊരു അസ്‌തിത്വം ഇല്ലെന്നും, ദൂതന്മാർ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂ, ഗ്രീക്ക് വാക്കുകൾക്ക് എപ്പോഴും ദൈവദൂതന്മാർ (അഥവാ മാലാഖമാർ) എന്ന അർത്ഥം ഇല്ലെന്നുമുള്ള അറിവ് ഈ വചനത്തെ പറ്റിയുള്ള സംശയം ദൂരീകരിക്കും. (ഈ വിഷയങ്ങളെ പറ്റി ഞാൻ മലയാളത്തിൽ വളരെ കുറവേ എഴുതിയിട്ടുള്ളൂ. എഴുതിയവയ്ക്ക് തന്നെ ഒരു വിഷയസൂചി തയ്യാറാക്കിയിട്ടില്ല. തൽക്കാലം ഇംഗ്ലീഷ് ലേഖനങ്ങൾ വായിക്കുക.)
വെളി 20:10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ള പ്രവാചകനും കിടക്കുന്ന ഗന്ധകവും തീയും ഉള്ള പൊയ്കയിലേക്ക് തള്ളിയിടും; അവർ എന്നെന്നേയ്ക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടതായി വരും.
വെളി 20:13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏൽപിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിൽ ഉള്ള മരിച്ചവരെ ഏൽപിച്ചുകൊടുത്തു; ഓരോരുത്തന് അവനവൻറെ പ്രവൃത്തികൾക്ക് അടുത്ത വിധി ഉണ്ടായി.  പുനരുത്ഥാനവും, ന്യായവിധിയും.
വെളി 20:14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
വെളി 20:15 ജീവപുസ്തകത്തിൽ പേര് എഴുതിയതായി കാണപ്പെടാത്ത എല്ലാവരെയും തീപ്പൊയ്കയിൽ തള്ളിയിടും.
തീപ്പൊയ്ക അങ്ങനെ ആയിരിക്കുന്നത് ഗന്ധകം എന്ന രാസവസ്തു ജ്വലിക്കുന്നതിനാൽ ആയിരിക്കണം (സോദോം ഗൊമോറ നശിപ്പിക്കപ്പെട്ടതും ഗന്ധകവും തീയും കൊണ്ടാണെന്ന് ഓർമ്മിക്കുക.)
അങ്ങനെ ഗന്ധകം ജ്വലിക്കുന്ന പൊയ്കയിലേയ്ക്ക് തള്ളിയിടപ്പെടുന്ന “വസ്തു”ക്കളിൽ ഒന്ന് മരണമാണ്. മരണം എന്ന അമൂർത്തമായ വസ്തുവിനെ ഗന്ധകം എന്ന രാസവസ്തു ജ്വലിക്കുന്ന പൊയ്കയിലേയ്ക്ക് തള്ളിയിടുന്നത് എങ്ങനെ? തള്ളിയിട്ടാലും ഒരു രാസവസ്തുവിനോ, അഗ്നിക്കോ അതിന് എന്തെങ്കിലും ഹാനി വരുത്തുവാൻ കഴിയുമോ?

തീപ്പൊയ്കയിലേയ്ക്ക് തള്ളിയിടപ്പെടുന്ന അടുത്ത “വസ്തു” പിശാചാണ്. ആത്മരൂപിയാണെന്ന് പൊതുവെ കരുതപ്പെടുന്ന പിശാചിന് എന്തെങ്കിലും ഹാനിയേൽപിക്കുവാൻ ഒരു രാസവസ്തുവിനോ അഗ്നിക്കോ കഴിയുമോ?
തീപ്പൊയ്കയിൽ പതിക്കുന്ന ഓരോ “വസ്തു”വിനെ പറ്റിയും വിശകലനം ചെയ്ത് ഈ ലേഖനത്തിൻറെ ദൈർഘ്യം ഇനിയും വർദ്ധിപ്പിക്കുന്നില്ല.

പ്രതീകാത്മകമായി എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ ഗ്രഹിക്കുന്നതിനേക്കാൾ വലിയ മൌഢ്യം വേറെയുണ്ടോ, സഹോദരാ, സഹോദരീ?

ഉന്നയിക്കപ്പെടാവുന്ന വളരെയധികം തടസ്സവാദങ്ങൾ എൻറെ മനസ്സിലുണ്ട്; അവയ്ക്കെല്ലാം വിശദീകരണം എഴുതുവാൻ തുനിഞ്ഞാൽ ഒരു ലേഖനത്തിന് പകരം ഒരു പുസ്തകം തന്നെ എഴുതേണ്ടിവരും. പ്രതികരിക്കുന്നവർ ശ്രദ്ധാപൂർവം വായിച്ചതിന് ശേഷം പ്രതികരിക്കുക.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Friday, January 6, 2017

⑯ “കർത്താവേ, കർത്താവേ എന്ന് പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല”, ശരിക്കും‽

ക്രിസ്തുവിൽ പ്രിയരെ,

സാർവത്രിക അനുരഞ്ജനം തെറ്റാണെന്ന് തെളിയിക്കുവാൻ പലരും ഉപയോഗിക്കുന്ന ഒരു വചനമാണ് മത്താ 7:21.
മത്താ 7:21 എന്നോട് കർത്താവേ, കർത്താവേ, എന്ന് പറയുന്നവർ എല്ലാവരും അല്ല, സ്വർഗസ്ഥനായ എൻറെ പിതാവിൻറെ ഇഷ്ടം ചെയ്യുന്നവൻ ആണ് സ്വർഗരാജ്യത്തിൽ കടക്കുന്നത്. 
മുഖ്യധാരാ ക്രൈസ്തവരുടെ പതിവ് പോലെ ഈ വചനവും അതിൻറെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്താണ് വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ?

വചനങ്ങളെ അവയുടെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് അര്‍ത്ഥവ്യുത്‌പത്തി നടത്തുന്ന അനുഷ്ഠാന കലാരൂപത്തിന് ഇംഗ്ലീഷിൽ prooftexting (പ്രൂഫ്ടെക്സ്റ്റിങ്) അല്ലെങ്കിൽ cherry picking (ചെറി പിക്കിങ്ങ്) എന്ന് പറയും. ചെറി പഴങ്ങളുടെ കുലയിൽ നിന്നും നമുക്ക് ഇഷ്ടമുള്ളത് മാത്രം പറിച്ചെടുക്കുന്നത് പോലെ, ഒരു സന്ദർഭത്തിൽ നിന്നും നമുക്ക് സൌകര്യപ്രദമായ വചനങ്ങൾ മാത്രം തെരഞ്ഞെടുക്കുന്നതിനാണ് ചെറി പിക്കിങ്ങ് എന്ന് പറയുന്നത്. മുഖ്യധാരാ സഭകളുടെ വിശ്വാസങ്ങളിൽ പലതും ഇത്തരത്തിൽ ചെറി പിക്കിങ്ങ് നടത്തി രൂപീകരിച്ചവയാണ്.

മത്താ 7:21ൻറെ സന്ദർഭം.


മത്തായി 5 മുതൽ 7 വരെ അദ്ധ്യായങ്ങൾ യേശു അവിടത്തെ സമകാലീനരായിരുന്ന യെഹൂദരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ഗിരിപ്രഭാഷണത്തിൻറെ ഭാഗമാണെന്ന് ഓർമ്മിക്കുമല്ലോ?
മത്താ 7:15 കള്ളപ്രവാചകരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷംപൂണ്ട് നിങ്ങളുടെ അടുത്ത് വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കളാകുന്നു.
മത്താ 7:16 അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽ നിന്നും മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്നും അത്തിപ്പഴവും പറിക്കാറുണ്ടോ?
മത്താ 7:17 നല്ല വൃക്ഷം എല്ലാം നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
മത്താ 7:18 നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന് നല്ല ഫലവും കായ്ക്കുവാൻ കഴിയില്ല.
മത്താ 7:19 നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇടുന്നു.
മത്താ 7:20 ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
മത്താ 7:21 എന്നോട് കർത്താവേ, കർത്താവേ, എന്ന് പറയുന്നവർ എല്ലാവരും അല്ല, സ്വർഗസ്ഥനായ എൻറെ പിതാവിൻറെ ഇഷ്ടം ചെയ്യുന്നവൻ ആണ് സ്വർഗരാജ്യത്തിൽ കടക്കുന്നത്.
മത്താ 7:22 കർത്താവേ, കർത്താവേ, നിൻറെ നാമത്തിൽ ഞങ്ങൾ പ്രവചിക്കുകയും നിൻറെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിൻറെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കുകയും ചെയ്തില്ലേ എന്ന് പലരും ആ നാളിൽ എന്നോട് പറയും.
മത്താ 7:23 അന്ന് ഞാൻ അവരോട് ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്ന് തീർത്തു പറയും.
ഈ സന്ദർഭത്തിൻറെ പ്രതിപാദ്യം കള്ളപ്രവാചകരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരുമാണ്. (15, 22 വചനങ്ങൾ കാണുക). മത്താ 7:21ലെ “കർത്താവേ, കർത്താവേ” എന്നുള്ള വിളി മത്താ 7:22ലെ “കർത്താവേ, കർത്താവേ” എന്നുള്ള വിളിയോട് പരിപൂർണ്ണമായും ഇണങ്ങുന്നു. അതായത്, മത്താ 7:21 കള്ളപ്രവാചകന്മാരെയും വീര്യപ്രവൃത്തികൾ ചെയ്യുന്നവരെയും പറ്റിയാണ്. (ഇവർ തമ്മിൽ കാര്യമായ വ്യത്യാസമില്ല - വെളി 19:20). കള്ളപ്രവാചകന്മാരെ പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവിടന്ന് പൊതുവായ ഒരു പ്രസ്താവന നടത്തി എന്ന് കരുതുവാൻ തക്കതായ ന്യായമില്ല.

കള്ളപ്രവാചകന്മാർ “നിങ്ങളുടെ അടുത്ത് വരുന്നു” എന്ന് യേശു അവിടത്തെ ശ്രോതാക്കളോട് പറഞ്ഞത് ശ്രദ്ധിക്കുക. യെഹൂദരെ വഞ്ചിക്കുവാൻ കള്ളപ്രവാചകന്മാരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരും വന്നിരുന്നു എന്ന് ഫ്ലേവിയസ് ജോസഫസിൻറെ യൂദന്മാരുടെ യുദ്ധങ്ങൾ എന്ന സമാഹാരത്തിൽ നിരവധി തവണ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.

യേശു കള്ളപ്രവാചകന്മാർ വരും എന്ന് പറഞ്ഞത് നമ്മുടെ കാലത്തിലും ബാധകമാണെന്ന് കരുതുക. നിലവിലുള്ള കേരളത്തിലെ ജനസംഖ്യ ഏകദേശം 3½ കോടിയാണ്. ഇതിൽ എത്ര കള്ളപ്രവാചകന്മാരുണ്ട്? എത്ര ഉദാരമായി കണക്കുകൂട്ടിയാലും ആയിരം പേരിൽ കൂടുതൽ വരില്ല. ഇവരിൽ ഭൂരിഭാഗവും പാസ്റ്റർമാരാണ്. ഇത്രയും ചെറിയ ഒരു ജനവിഭാഗത്തെ പറ്റി പറഞ്ഞ കാര്യങ്ങൾ വേദവ്യാഖ്യാനത്തിൻറെ ഏത് നിയമം ഉപയോഗിച്ചാണ് മലപ്പുറത്തെ മീൻ കച്ചവടക്കാരനായ ഹസ്സനാരുടെ മേലെയോ, കരിവെള്ളൂരിലെ കള്ളുചെത്തുകാരൻ കുഞ്ഞമ്പുവിൻറെ മേലെയോ ആരോപിക്കുന്നത്? അവരൊക്കെ കള്ളപ്രവാചകന്മാരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരുമാണോ?

കള്ളപ്രവാചകന്മാരെ പറ്റി യേശു പറഞ്ഞ കാര്യങ്ങൾ സാമാന്യവൽക്കരിക്കുന്നതിനേക്കാൾ വലിയ മൌഢ്യം വേറെയില്ല. അങ്ങനെ ചെയ്യുന്നത് തെറ്റായ അര്‍ത്ഥവ്യുത്‌പത്തിയും (exegesis) ഭാഷ്യതന്ത്രവുമാണ് (hermeneutics).  ഈ വേദഭാഗം അവിശ്വാസികളെ പറ്റിയോ, ദൈവത്തെ അറിയാത്തവരെ പറ്റിയോ, ഇതര മതസ്ഥരെ പറ്റിയോ അല്ല. അതുകൊണ്ടുതന്നെ അവരുടെ മേലെ ഈ വേദഭാഗത്തെ ആരോപിക്കുന്നത് തെറ്റാണ്.

കള്ളപ്രവാചകന്മാരുടെയും വീര്യപ്രവൃത്തികൾ ചെയ്യുന്നവരുടെയും അന്ത്യം തീപ്പൊയ്കയിലാണ് എന്ന് വെളി 19:20; 20:10 എന്നീ വചനങ്ങൾ പരാമർശിക്കുന്നത് മറന്നുകൊണ്ടല്ല ഇത്രയും എഴുതിയത്. നിത്യാഗ്നി, തീപ്പൊയ്ക, രണ്ടാം മരണം എന്നിവയെല്ലാം സോദോം ഗൊമോറ പട്ടണങ്ങൾക്ക് നേരിട്ട ശിക്ഷയിൽ നിന്നും വ്യത്യസ്ഥമല്ല എന്ന് ഇതിനുമുമ്പ് എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല. നാം ചർച്ച ചെയ്യുന്ന വേദഭാഗത്തിൽ (മത്താ 7:15-23) കള്ളപ്രവാചകന്മാർ ദൈവരാജ്യത്തിൽ കടക്കുകയില്ല എന്ന് പ്രസ്താവിച്ചിരിക്കുന്നതും വെളിപ്പാട് പുസ്തകത്തിൽ അവർ തീപ്പൊയ്കയിലേയ്ക്ക് എറിയപ്പെടും എന്ന് പ്രസ്താവിച്ചിരിക്കുന്നതും ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിശദമായ പഠനം ഭാവിയിൽ പ്രതീക്ഷിക്കാം - കർത്താവിന് ചിത്തമായിരുന്നാൽ.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ